തോൽവി അറിയാത്ത കുതിപ്പ്; ഫിഫ റാങ്കിങ്ങിൽ 100ൽ ഇടം പിടിച്ച് ഇന്ത്യ
|ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്.
ഫിഫ ലോകഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് ആദ്യമായിട്ടാണ് ഇന്ത്യ നൂറിനുളളിൽ ഇടം പിടിക്കുന്നത്. ലെബനോൻ, ന്യൂസിലാൻഡ് എന്നി രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. നേരത്തെ 2022 ഒക്ടോബറിൽ ലോകറാങ്കിങ്ങിൽ 106ാം സ്ഥാനത്തും പിന്നീട് ഏപ്രിലിൽ 101ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. ലോകകപ്പ് ചാംപ്യന്മാരായ അർജന്റീന തന്നെയാണ് ഒന്നാമത്. ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, ബെൽജിയം എന്നി രാജ്യങ്ങളാണ് തുടർന്നുളള അഞ്ചുവരെയുളള സ്ഥാനങ്ങളിൽ. പോർച്ചുഗൽ ഒൻപതാം സ്ഥാനത്തും സ്പെയിൻ പത്താമതുമാണ്.
ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചെന്ന കോച്ചിന്റെ കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ നാലുവർഷങ്ങളായി തോൽവി അറിയാതെയുളള മുന്നേറ്റമാണ്. ഇന്റർ കോണ്ടിനന്റൽ കപ്പിൽ ലെബനനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് കിരീടം, പിന്നീട് ഇപ്പോൾ സാഫ് കപ്പിലെ സെമി പ്രവേശനം. തോൽവി അറിയാതെയുളള ഈ കുതിപ്പാണ് ലോകറാങ്കിങ്ങിൽ ഇന്ത്യ നൂറിൽ ഇടം പിടിക്കാനുളള കാരണവും.
നാട്ടിൽ നടന്ന കഴിഞ്ഞ 13 മത്സരങ്ങളിൽ ഇന്ത്യ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഈ വർഷം ഇതുവരെ കളിച്ച ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു സെൽഫ് ഗോൾ വഴങ്ങി എന്നതൊഴിച്ചാൽ ഇന്ത്യൻ പോസ്റ്റിലേക്ക് ഒരുഗോൾ പോലും മറ്റ് ടീമുകൾക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം 15 ഗോളുകൾ ഇന്ത്യ എതിരാളികൾക്കെതിരെ നേടിയിട്ടുമുണ്ട്. ഇന്റർ കോണ്ടിനെന്റൽ കപ്പിലാകട്ടെ നാല് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾപോലും വഴങ്ങിയിരുന്നില്ല. ടൂർണമെന്റിൽ ആകെ അഞ്ചുഗോളുകൾ നേടിയാണ് കിരീടം സ്വന്തമാക്കിയതും. 2019ൽ ഒമാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇന്ത്യ ഒടുവിൽ പരാജയം രുചിച്ചത്. നേരത്തെ ലോകറാങ്കിങ്ങിൽ 2018ൽ ഇന്ത്യ 96ാം സ്ഥാനത്ത് എത്തിയിരുന്നു.
2018 മുതൽ 2023 വരെ ലോകഫുട്ബോൾ റാങ്കിങ്ങിലെ ഇന്ത്യ
വർഷം ഫിഫ റാങ്കിങ്
2018 മാർച്ച് - 99
2018 ജൂൺ 7 - 97
2018 ആഗസ്റ്റ് 16 - 96
2018 സെപ്റ്റംബർ 20 - 97
2019 ഫെബ്രുവരി 7 - 97
2019 ഏപ്രിൽ 4 - 101
2019 ജൂലൈ 25 - 103
2019 സെപ്റ്റംബർ - 104
2019 ഒക്ടോബർ 24 - 106
2019 നവംബർ 28 - 108
2020 സെപ്റ്റംബർ 17 - 109
2020 ഒക്ടോബർ 22 - 108
2020 നവംബർ 26 - 104
2021 ഏപ്രിൽ 7 - 105
2021 സെപ്റ്റംബർ 16- 107
2021 ഒക്ടോബർ 21 - 106
2021 നവംബർ 19 - 104
2022 മാർച്ച് 31 - 106
2022 ജൂൺ 23 - 104
2022 ഒക്ടോബർ 6 - 106
2023 ഏപ്രിൽ 6 - 101
2023 ജൂൺ 29 - 100