Sports
നിസാരം... ഹോങ്കോങിനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
Sports

നിസാരം... ഹോങ്കോങിനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Web Desk
|
31 Aug 2022 3:49 PM GMT

ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്‍ലി തന്നെയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.

ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ 40 റണ്‍സിന് കീഴടക്കി ഇന്ത്യ. ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഹോങ്കോങിന് മുന്നില്‍ ഇന്ത്യ 193 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. പക്ഷേ മത്സരത്തിലെവിടെയും ഹോങ്കോങ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയതേ ഇല്ല. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ ഹോങ്കോങിന് കഴിഞ്ഞുള്ളൂ. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. നേരത്തെ ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

35 പന്തില്‍ 41 റണ്‍സെടുത്ത ബാബര്‍ ഹയാത്ത് ആണ് ഹോങ്കോങിന്‍റെ ടോപ്സ്കോറര്‍. 28 പന്തില്‍ 30 റണ്‍സെടുത്ത കിഞ്ചിത്ത് ഷായും ഹോങ്കോങിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ സ്കോട് മക്കെനിയും സീഷാന്‍ അലിയും പോരാടാന്‍ ശ്രമം നടത്തിയെങ്കിലും വിജയലക്ഷ്യം ഹോങ്കോങിനെ സംബന്ധിച്ച് ഏറെ അകലെയായിരുന്നു. ഇരുവരും ചേര്‍ന്ന് 36 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 17 പന്തില്‍ മക്കെനി 26 റണ്‍സും അലി എട്ട് പന്തില്‍ 16 റണ്‍സും സ്കോര്‍ ചെയ്തു. ബാറ്റിങില്‍ തിളങ്ങിയ കോഹ്‍ലി ഹോങ്കോങ് ഇന്നിങ്സിനിടെ ബൗള്‍ ചെയ്യാനെത്തിയും ആരാധകരെ ഞെട്ടിച്ചു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സില്‍ ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്‍ലി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. ഇന്ത്യന്‍ ഇന്നിങ്സിന്‍റെ അവസാന ഓവറുകളിലെ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് കൂടിയായതോടെ ഇന്ത്യ മികച്ച ടോട്ടലിലേക്ക് എത്തുകയായിരുന്നു. ഫോം കണ്ടെത്താന്‍ ഉഴറിയിരുന്ന കോഹ്‍ലി അര്‍ധസെഞ്ച്വറിയോടെയാണ് ഇന്നത്തെ മത്സരം മുന്നില്‍ നിന്നു നയിച്ചത്. ഒപ്പം 'സ്കൈ' കൂടി ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയര്‍ന്നതോടെ കളി ഇന്ത്യക്ക് അനുകൂലമാകുകയായിരുന്നു.

താരതമ്യേന ദുര്‍ബലരായ ഹോങ്കോങിനെതിരെ പതിയെ ആണ് ഇന്ത്യ തുടങ്ങിയത്. അഞ്ച് ഓവറില്‍ 38 റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സുമായി നായകന്‍ രോഹിതാണ് ആദ്യം പുറത്തായത്. ടീം സ്കോര്‍ 94 ആകുമ്പോഴേക്കും മറ്റൊരു ഓപ്പണറായ രാഹുലിന്‍റെയും വിക്കറ്റ് നഷ്ടമായി. 39 പന്തില്‍ 36 റണ്‍സ് നേടിയ രാഹുല്‍ ടെസ്റ്റിന് സമാനമായ ഇന്നിങ്സാണ് പുറത്തെടുത്തത്.

പിന്നീടൊത്തുചേര്‍ന്ന കോഹ്‍ലി-സൂര്യകുമാര്‍ സഖ്യം ഇന്ത്യന്‍ ഇന്നിങ്സിനെ ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തു. മൂന്നാം വിക്കറ്റില്‍ 98 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ബീസ്റ്റ് മോഡില്‍ ബാറ്റുവീശിയ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ ആറ് ബൌണ്ടറികളും ആറ് സിക്സറുകളുമുള്‍പ്പെടെ 68 റണ്‍സെടുത്തപ്പോള്‍ 44 പന്തില്‍ ഒരു ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പെടെ 59 റണ്‍സുമായി കോഹ്‍ലി സെന്‍സിബിള്‍ ഇന്നിങ്സാണ് കളിച്ചത്.

ഏറ്റവും കൂടുതല്‍ ടി20 അര്‍ധസെഞ്ച്വറികളുടെ കാര്യത്തില്‍ കോഹ്‍ലി ഇതോടെ ഒന്നാം സ്ഥാനത്തെത്തി. 31 അര്‍ധസെഞ്ച്വറികളാണ് കോഹ്‍ലിയുടെ പേരില്‍ നിലവിലുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിതിനും 31 അര്‍ധസെഞ്ച്വറികളുണ്ട്. ഇവരിരുവരുമാണ് അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറി നേടിയ താരങ്ങള്‍. ഈ വര്‍ഷം ടി20 മത്സരങ്ങളില്‍ നിന്നായി കോഹ്‍ലി നേടുന്ന രണ്ടാമത്തെ മാത്രം അര്‍ധസെഞ്ച്വറിയാണ്. ഏകദിനങ്ങളിലും രണ്ട് അര്‍ധസെഞ്ച്വറി മാത്രമാണ് താരത്തിന് ഈ വര്‍ഷം കണ്ടെത്താന്‍ കഴിഞ്ഞത്.

Similar Posts