ഛേത്രിയും സംഘവും ഇന്ന് ഹോങ്കോങിനെതിരെ; ജയിച്ചാല്‍ നേരിട്ട് ഏഷ്യന്‍ കപ്പ് പ്രവേശനം, തോറ്റാലും പ്രതീക്ഷ!
|ആദ്യ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്‍റ് നേടിയ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതക്ക് തൊട്ടരികിലാണ്
ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് സുനില്‍ ഛേത്രിയും സംഘവും ഇന്നിറങ്ങും. മത്സരത്തില്‍ ഹോങ്കോങ് ആണ് ഇന്ത്യയുടെ എതിരാളികള്‍. മത്സരിച്ച രണ്ട് കളികളും ജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്.
ആദ്യ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്‍റ് നേടിയ ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതക്ക് തൊട്ടരികിലാണ്. ആദ്യ മത്സരത്തിൽ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്ഗാനെയും കീഴടക്കിയിരുന്നു. അതേസമയം രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഹോങ്കോങ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. മെച്ചപ്പെട്ട ഗോൾ വ്യത്യാസമാണ് ഹോങ്കോങിനെ ഗ്രൂപ്പില്‍ ഒന്നാമതെത്തിച്ചത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് ഏഷ്യൻ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. അതുകൊണ്ട് തന്നെ ഇന്നു വിജയിച്ച് ഏഷ്യന്‍ കപ്പിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാനാകും ഇന്ത്യയുടെ ശ്രമം.
ഇന്ത്യന്‍ കരുത്ത്
മികച്ച ഫോമിലാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിന്തുണയുമായി മുന്നേറ്റനിരയിൽ മൻവീർ സിങും ലിസ്റ്റൺ കൊളാക്കോയും ആഷിഖ് കുരുണിയനും മികച്ച ഫോമിലാണ്. അഫ്ഗാനെതിരെ നടന്ന മത്സരത്തിലെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ആഷിഖ് ആയിരുന്നു. മധ്യനിരയിൽ സഹലും സുരേഷും റോഷൻ സിങും ആകാശ് മിശ്രയും കരുത്ത് കാണിക്കുമ്പോൾ പ്രതിരോധ കോട്ട കാക്കുന്ന സന്ദേശ് ജിങ്കാനും അൻവർ അലിയും മികച്ച ഫോമിലാണ്.
കംബോഡിയക്കെതിരായ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയമെങ്കിൽ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. അതേസമയം, അഫ്ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും കംബോഡിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചാണ് ഹോങ്കോങ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യയുടെ സാധ്യത എങ്ങനെ?
1. ഹോങ്കോങിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടാം.
2. ഹോങ്കോങിനോട് ഇന്ത്യ സമനിലയാകുകയാണെങ്കിൽ, ഇരു ടീമുകൾക്കും ഏഴ് പോയിന്‍റാകും. ഗോൾ വ്യത്യാസത്തിൽ ഹോങ്കോങ് ഗ്രൂപ്പ് ചാമ്പ്യന്മാരാകും. എന്നാൽ, മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്ക് അവസരമുള്ളതിനാൽ ഇന്ത്യയ്ക്ക് സാധ്യത ഏറെയാണ്.
3. ഇന്ത്യ ഹോങ്കോങിനോട് തോൽക്കുകയാണെങ്കിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവും. എന്നാൽ ഗോൾ വ്യത്യാസത്തിൽ ഇന്ത്യ മുകളിലായതിനാൽ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ ഇന്ത്യ ഉൾപ്പെടാൻ സാധ്യത കൂടുതലാണ്.