ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
|രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം
ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക.
ടി-20 പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് വെള്ളക്കുപ്പായത്തിൽ ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക. കെ.എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാൽ മയങ്ക് അഗർവാളും ശുഭ്മാൻ ഗില്ലുമാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക.
ശ്രേയസ് അയ്യർ കളിക്കാനിറങ്ങുമെന്ന് രഹാനെ തന്നെ അറിയിച്ചതിനാൽ സൂര്യകുമാർ യാദവിന് ഇന്ന് അവസരമുണ്ടായേക്കില്ല. പന്തിന്‍റെ അഭാവത്തിൽ വൃദ്ധിമാൻ സാഹ വിക്കറ്റ് കീപ്പറാകും. അശ്വിനും ജഡേജയുമാകും ടീമിലെ സ്പിന്നർമാർ. ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും പേസ് ബൗളിങിനെ നയിക്കും. മറുവശത്ത് നായകൻ കെയിൻ വില്യംസൺ തിരിച്ചുവന്നതിന്‍റെ ആശ്വാസത്തിലാണ് ന്യൂസിലാൻഡ്. വെറ്ററൻ താരം റോസ് ടെയ്ലറും ടീമിലുണ്ടാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇരുടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.