ഇന്ത്യയെ എറിഞ്ഞിട്ട് കിവീസ്; ജയം 21 റണ്‍സിന്
|ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദര്‍ അര്‍ധ സെഞ്ച്വറി നേടി
റാഞ്ചി: ന്യൂസിലന്റിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് തോല്‍വി. 21 റണ്‍സിനാണ് കിവീസ് ഇന്ത്യയെ തകര്‍ത്തത്. ന്യൂസിലന്റ് ഉയര്‍ത്തിയ 177 റൺസ് റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 155 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മാത്രമാണ് പൊരുതിയത്.
ഒരു ഘട്ടത്തില്‍ 15 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യകുമാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് വന്‍തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഇന്ത്യയെ വിജയതീരമണക്കാനായില്ല. സുന്ദര്‍ 35 പന്തില്‍ 52 റണ്‍സ് എടുത്തു. ന്യൂസിലന്റിനായി ക്യാപ്റ്റന്‍ സാന്റ്നറും ലോക്കി ഫെര്‍ഗൂസണും ബ്രേസ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ഡെവോണ്‍ കോണ്‍വേയുടെയും ഡാരില്‍ മിച്ചലിന്റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് കിവീസ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മിച്ചല്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 35 പന്തിൽ ഒരു സിക്സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയില്‍ 52 റൺസാണ് കോണ്‍വേ അടിച്ചെടുത്തത്. മിച്ചല്‍ 30 പന്തില്‍ അഞ്ച് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ പുറത്താവാതെ 59 റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ഫിൻ അലനും കോൺവേയും ചേർന്ന് ന്യൂസിലന്റിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 35 റൺസെടുത്ത അലൻ വീണതിന് ശേഷം കൃത്യമായ ഇടവേളകളിൽ കിവീസ് ബാറ്റർമാർ കൂടാരം കയറിക്കൊണ്ടേയിരുന്നു. പിന്നീടാണ് അഞ്ചാമനായെത്തിയ മിച്ചല്‍ കത്തിക്കയറിയത്. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി.