Sports
ഹൂഡയും അക്സര്‍ പട്ടേലും കോട്ട കാത്തു; ശ്രീലങ്കക്ക് 163 റണ്‍സിന്‍റെ വിജയലക്ഷ്യം
Sports

ഹൂഡയും അക്സര്‍ പട്ടേലും കോട്ട കാത്തു; ശ്രീലങ്കക്ക് 163 റണ്‍സിന്‍റെ വിജയലക്ഷ്യം

Web Desk
|
3 Jan 2023 1:28 PM GMT

അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.

മുന്‍നിര വീണുപോയിടത്ത് അവസാന ഓവറുകളില്‍ തകര്‍പ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്സര്‍ പട്ടേലും ദീപക് ഹൂഡയും. അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അക്സര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ നേടിയത്.

അതേസമയം മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ രണ്ടോവര്‍ കഴിഞ്ഞതോടെ കളി ഇന്ത്യയുടെ കൈയ്യില്‍ നിന്ന് വഴുതി മാറുന്ന കാഴ്ചക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. രണ്ടോവറില്‍ സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് അടിച്ചെടുത്ത ഓപ്പണിങ് സഖ്യം മഹീഷ് തീക്ഷണയാണ് പിരിച്ചത്. ടി20യില്‍ അരങ്ങേറ്റം കുറിച്ച ഗില്ല് ഏഴ് റണ്‍സോടെ പവലിയനിലെത്തി. വണ്‍ഡൌണായെത്തിയ സൂര്യകുമാര്‍ യാദവിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പത്ത് പന്തില്‍ ഏഴ് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ കരുണരത്നയാണ് മടക്കിയത്.

ഇതിന് ശേഷമായിരുന്നു സഞ്ജുവിന്‍റെ വരവ്. പക്ഷേ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലഭിച്ച അവസരത്തിന്‍റെ ആഘോഷാരവങ്ങള്‍ അടങ്ങും മുന്‍പേ മലയാളി താരം നിരാശപ്പെടുത്തി. വെറും അഞ്ച് റണ്‍സുമായി പുറത്താകാനായിരുന്നു സഞ്ജുവിന്‍റെ വിധി. സെക്കന്‍ഡ് ഡൌണായി ഇറങ്ങിയ സാംസണ്‍ ആറ് പന്തുകളില്‍ അഞ്ച് റണ്‍സുമായി ധനഞ്ജയ ഡിസില്‍വക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

അതേസമയം ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പര്‍ കിഷനും മൂന്നാം വിക്കറ്റിലെത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ പതിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും പാതിവഴിയില്‍ കിഷന്‍ വീണു. 29 പന്തില്‍ 37 റണ്‍സുമായാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സുമായി പുറത്തായി.

സഞ്ജു ടീമില്‍, ഗില്ലിനും മാവിക്കും അരങ്ങേറ്റം

സഞ്ജുവിന് പുറമേ ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ടീമിലിടം പിടിച്ചു. ഇരുവരുടേയും ടി20 അരങ്ങേറ്റം കൂടിയാണിത്. മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച ശ്രീലങ്ക ബൌളിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. നേരത്തെെ ന്യൂസിലന്‍ഡിനെതിരായി നടന്ന ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ബാറ്റേന്തിയത്.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെയും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേയും മികച്ച പ്രകടനമാണ് ഗില്ലിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ തുണയായത്. ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയും ന്യൂസിലന്‍ഡിനെതിരെ അര്‍ധസെഞ്ച്വറിയും ഗില്‍ നേടി.

ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നും ടീമിലില്ല. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ കൂടി തുടക്കമായാണ് ക്രിക്കറ്റ് ആരാധകര്‍ ഈ പരമ്പരയെ ഉറ്റുനോക്കുന്നത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും അതുകൊണ്ട് തന്നെ ഈ പരമ്പര നിര്‍ണായകമാണ്. നിലവിലെ ഐ.പി.എല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് പാണ്ഡ്യ.

ഇന്ത്യ പ്ലേയിങ് ഇലവൻ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ശിവം മാവി, ഉംറാൻ മാലിക്, യുസ്‌വേന്ദ്ര ചാഹൽ

Similar Posts