Sports
അയർലൻഡിനെതിരെ രണ്ട് റൺസിന് ഇന്ത്യക്ക് ജയം
Sports

അയർലൻഡിനെതിരെ രണ്ട് റൺസിന് ഇന്ത്യക്ക് ജയം

Web Desk
|
18 Aug 2023 7:30 PM GMT

മഴ നിയമപ്രകാരമാണ് രണ്ടു റൺസിന്റെ വിജയം ഇന്ത്യ നേടിയത്

ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ആദ്യ ടി20 മൽസരത്തിന് മഴ തടസ്സം നിന്നെങ്കിലും ഇന്ത്യ അയർലൻഡിനെതിരെ രണ്ട് റൺസിന് ജയിച്ചു. മഴ നിയമപ്രകാരം രണ്ടു റൺസിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6.5 ഓവറിൽ രണ്ടു വിക്കറ്റിനു 47 റൺസിൽ നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നീട് മൽസരം പുനരാരംഭിക്കാനുമായില്ല. ഈ ഘട്ടത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 45 റൺസായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്.

ഇതോടെ ഇന്ത്യയെ രണ്ടു റൺസിനു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. റുതുരാജ് ഗെയ്ക്വാദും (19) സഞ്ജു സാംസണുമായിരുന്നു (1) കളി തടസ്സപ്പെടുമ്പോൾ ക്രീസിൽ. യശസ്വി ജയ്സ്വാൾ (24), തിലക് വർമ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ജയത്തോടെ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. അടുത്ത മൽസരം ഞായറാഴ്ച ഇതേ വേദിയിൽ നടക്കും.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഓവറിൽ തന്നെ അയർലാൻഡിന് പ്രഹരമേൽപ്പിച്ചു. പരിക്കിൽ നിന്ന് മോചിതനായി ദേശീയ ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റൺസ് വിട്ടുകൊടുത്ത് ഓപ്പണറായ ആൻഡ്രേ ബിൽബിർനിയുടെയും ലോർകോൻ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യൻ നായകൻ വീഴ്ത്തിയത്. ബിൽബിർനിയെ ബൗൾഡാക്കുകയും ടക്കറിനെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തിക്കുകയുമായിരുന്നു. ബിൽബിർനി നാല് റൺസ് നേടിയപ്പോൾ ടക്കറിന് റൺസൊന്നും നേടാനായില്ല. നാലോവറിൽ ആകെ 24 റൺസാണ് ബുംറ വിട്ടുകൊടുത്തത്.

മത്സരത്തിലൂടെ അന്താരാഷ്ട്ര ടി 20യിൽ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും നേടി. ഹാരി ടക്കർ (9), ജോർജ് ഡോക്‌റൽ(1) എന്നിവരൊയാണ് താരം പുറത്താക്കിയത്. രവി ബിഷ്ണോയിയും രണ്ടു പേരെ മടക്കിയയച്ചു. ഓപ്പണറായ നായകൻ പോൾ സ്റ്റിർലിംഗിനെ(11) രവി ബിഷ്‌ണോയി ബൗൾഡാക്കി. മാർക് അഡൈറിനെ എൽബിഡബ്ല്യൂവിൽ കുരുക്കി. അർഷദീപ് ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നു ഓവർ എറിഞ്ഞ വാഷിംഗ്ഡൺ സുന്ദറിന് വിക്കറ്റൊന്നും ലഭിച്ചില്ല.

Related Tags :
Similar Posts