ഏഷ്യന്‍ ഗെയിംസ്: 25 മീ. പിസ്റ്റളില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ വനിതകള്‍
|ഏഷ്യന്‍ ഗെയിംസ് നാലാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണ ശോഭ. 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണനേട്ടം. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്‌വാന്‍ എന്നിവരടങ്ങിയ സംഘമാണ് മികച്ച പ്രകടനത്തിലൂടെ വിജയരഥമേറിയത്. ചൊവ്വാഴ്ച അശ്വാഭ്യാസത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് ആകെ നാല് സ്വര്‍ണമായി.
ഇന്ത്യന്‍ ടീം മത്സരത്തില്‍ 1759 പോയന്റുകളാണ് നേടിയത്. നേരിയ വ്യത്യാസത്തില്‍ 1756 പോയന്റുമായി ചൈന വെള്ളി നേടി്. 1742 പോയന്റുമായി ദക്ഷിണ കൊറിയ വെങ്കല മെഡലും നേടി. മനു ഭാകറുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീമിന് തുണയായത്.
50 മീറ്റര്‍ റൈഫിള്‍ 3 ഇനത്തില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യ വെള്ളിമെഡല്‍ നേടി. സിഫ്റ്റ് സമ്ര, മനിനി കൗശിക്, ആഷി ചൗക്‌സെ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്.
നാലു സ്വര്‍ണവും അഞ്ചുവെള്ളിയും 7 വെങ്കലവും അടക്കം 16 മെഡലുകളുമായി ഇന്ത്യ നിലവില്‍ ഏഴാം സ്ഥാനത്താണ്. 58 സ്വര്‍ണവും 31 വെള്ളിയും 13 വെള്ളിമെഡലുമടക്കം 102 മെഡലുകളുമായി ചൈന മേളയില്‍ ബഹുദൂരം മുന്നിലാണ്.