Sports
ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്...; ലോഡ്സില്‍ 2014 ആവര്‍ത്തിച്ചപ്പോള്‍
Sports

'ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്...'; ലോഡ്സില്‍ 2014 ആവര്‍ത്തിച്ചപ്പോള്‍

Roshin Raghavan
|
17 Aug 2021 6:01 AM GMT

2014ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോഡ്സിന്‍റെ മണ്ണില്‍ വിജയം കൊയ്ത പ്രകടനത്തെ ഓര്‍മിപ്പിക്കും വിധം അവിസ്മരണീയമായിരുന്നു അഞ്ചാം ദിനത്തെ ടീം നോക്കിക്കണ്ട രീതി

ഏഴ് വര്‍ഷത്തിന് ശേഷം ക്രിക്കറ്റിന്‍റെ മക്കയില്‍ ഇന്ത്യന്‍ ടീമിന് അവിസ്മരണീയ വിജയം. രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിവസം ഇംഗ്ലീഷ് പട ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു. 2014ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോഡ്സിന്‍റെ മണ്ണില്‍ വിജയം കൊയ്ത പ്രകടനത്തെ ഓര്‍മിപ്പിക്കും വിധം അവിസ്മരണീയമായിരുന്നു അഞ്ചാം ദിനത്തെ ടീം നോക്കിക്കണ്ട രീതി.

അഞ്ചാം ദിനം കളി തുടങ്ങുമ്പോള്‍ വിജയ പ്രതീക്ഷ അത്രകണ്ട് ഇല്ലാതെയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. തുടക്കത്തില്‍ത്തന്നെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായ റിഷഭ് പന്തിനെ നഷ്ടപ്പെട്ടതോടെ ലോഡ്സിന്‍റെ ബാല്‍ക്കണിയില്‍ സമ്മര്‍ദത്തിലാഴ്ന്ന ഇന്ത്യന്‍ മുഖങ്ങള്‍ തെളിഞ്ഞു. ഇഷാന്ത് ശര്‍മ്മ കൂടി കൂടാരം കയറിയപ്പോള്‍ പ്രതീക്ഷകളത്രയും അസ്തമിച്ചു. പക്ഷെ, ചരിത്രം പിറക്കുന്നതിന്‍റെ തുടക്കം അവിടെ നിന്നായിരുന്നുവെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് ലോഡ്സ് സാക്ഷ്യം വഹിച്ചത് ഷമിയുടെയും ബുംറയുടെയും ഹീറോയിസത്തിനായിരുന്നു.

ഒരുപക്ഷെ നായകന്‍ വിരാട് കോഹ്‍ലി ആ കൂട്ടുകെട്ടിനെ വിശ്വസിച്ചുകാണും. അതിനുള്ള പ്രതിഫലമെന്നോണം 89 റണ്‍സിന്‍റെ വീഴാത്ത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഏഷ്യക്ക് പുറത്ത് ഒമ്പതാം വിക്കറ്റില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ നാലാമത്തെ കൂട്ടുകെട്ട്. ഷമി 70 പന്തുകളില്‍ നിന്നും 56 റണ്‍സ്, ജസ്പ്രിത് ബുംറ 64 പന്തുകളില്‍ നിന്നും 34. ഇന്ത്യന്‍ സ്കോര്‍ 109.3 ഓവറില്‍ എട്ടിന് 298. എതിരാളിക്ക് ബാറ്റ് ചെയ്യാന്‍ കൃത്യം 60 ഓവര്‍ ബാക്കി നിര്‍ത്തി ആ ഇന്ത്യന്‍ പോരാളികളെ നായകന്‍ കൂടാരത്തിലേക്ക് തിരിച്ചുവിളിച്ചു.

ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ തന്നെയായിരുന്നു 2014ലെ ഇന്ത്യന്‍ വിജയത്തിലും മുതല്‍ക്കൂട്ടായത്. 235 റണ്‍സെടുക്കവെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നിരയെ കരകയറ്റിയത് വാലറ്റത് അസാമാന്യ പ്രതിരോധം തീര്‍ത്ത രവീന്ദ്ര ജഡേജയും ബുവനേശ്വര്‍ കുമറുമായിരുന്നു. ജഡേജ അന്ന് 68 റണ്‍സും ബുവനേശ്വര്‍ 52 റണ്‍സുമെടുത്തു. ആദ്യ ഇന്നിങ്സില്‍ ബുവനേശ്വര്‍ ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഏവ് വിക്കറ്റുകള്‍ നേടി ഇഷാന്ത് ശര്‍മ്മ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു.

എതിരാളികളില്‍ സമ്മര്‍ദം കൂട്ടി വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് വിജയം കണ്ടെത്തുക എന്ന 2014ലെ അതേ തന്ത്രമായിരുന്നു ഇന്ത്യ ഇന്നലെയും ലോഡ്സില്‍ സ്വീകരിച്ചത്. തുടക്കത്തില്‍ത്തന്നെ അറ്റാക്ക് ചെയ്ത് വിക്കറ്റെടുക്കുക, അതുവഴി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കുക. ആ തന്ത്രം വിജയിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ലോഡ്സില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ രണ്ടുപേരും റണ്ണൊന്നുമെടുക്കാതെ പുറത്ത്. ആ വിക്കറ്റുകളും നേടിയത് ബുംറയും ഷമിയുമായിരുന്നു. കാലം അവര്‍ക്ക് ആ ദൌത്യം കൂടി കാത്തുവെച്ചിരുന്നു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ പിഴുതെറിഞ്ഞു. അപകടകാരിയായ നായകന്‍ ജോ റൂട്ടിനെ ബുംറ മടക്കിയതോടെ ഇന്ത്യ വിജയം മണത്തിരുന്നു. സിറാജ് നാല്, ബുംറ മൂന്ന്, ഇഷാന്ത് രണ്ട്, ഷമി ഒന്ന്. ഇംഗ്ലീഷ് വിക്കറ്റുകള്‍ ഇന്ത്യന്‍ പേസര്‍മാര്‍ പിഴുതെറിഞ്ഞു. 120 റണ്‍സെടുത്തിരിക്കവെ ജെയിംസ് ആന്‍റേഴ്സന്‍റെ ഓഫ് സ്റ്റംപിനെ തലോടി സിറാജിന്‍റെ പന്ത് കടന്നുപോയപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷം ലോഡ്സില്‍ ഇന്ത്യന്‍ പുഞ്ചിരി വിടര്‍ന്നു. ഇന്ത്യ ചരിത്രം കുറിച്ചു. കാലം ആവര്‍ത്തിക്കുകയാണ്.

മത്സരത്തിന് ശേഷം 2014ലെ ലോഡ്സിലെ വിജയത്തെക്കുറിച്ച് നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത് ഇങ്ങനെയാണ്.

''എം.എസ് ധോണിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ ലോഡ്സില്‍ വിജയിച്ച ടീമിലെ ഒരംഗമായിരുന്നു ഞാന്‍. അന്ന് ഇഷാന്ത് ശര്‍മ്മയുടെ മാസ്മരിക സ്പെല്‍ ഇന്ത്യയുടെ വിജയം അനായാസമാക്കുകയായിരുന്നു. ഇന്ന് അഞ്ചാം ദിനമാണ് എതിരാളികളെ സമ്മര്‍ദത്തിലാക്കിയതെങ്കില്‍ 2014ല്‍ നാലാം ദിനം തന്നെ അത്തരത്തിലൊരു നീക്കം ടീം നടത്തിയിരുന്നു.

ഇന്ന് 60 ഓവറില്‍ എല്ലാം തീരുമാനിക്കപ്പെട്ടു. ലോഡ്സില്‍ ആദ്യമായി പന്തെറിയുന്ന സിറാജിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഗ്രൌണ്ടില്‍ നിന്ന് ലഭിച്ച ആവേശം ഞങ്ങളെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.''

Similar Posts