Sports
രണ്ടാം ട്വന്റി 20യിൽ ന്യൂസിലൻഡിനെ ഏഴുവിക്കറ്റിന് തകർത്തു; ഇന്ത്യക്ക് പരമ്പര
Sports

രണ്ടാം ട്വന്റി 20യിൽ ന്യൂസിലൻഡിനെ ഏഴുവിക്കറ്റിന് തകർത്തു; ഇന്ത്യക്ക് പരമ്പര

Web Desk
|
19 Nov 2021 6:00 PM GMT

അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എൽ.രാഹുലും നായകൻ രോഹിത് ശർമയുമാണ് ഇന്ത്യ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ്ക്ക് ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയം. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എൽ.രാഹുലും നായകൻ രോഹിത് ശർമയുമാണ് ഇന്ത്യ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 154 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്ന് നൽകിയത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി തുടങ്ങിയ രാഹുലായിരുന്നു കൂടുതൽ അപകടകാരി. 6.4 ഓവറിൽ ഇന്ത്യ 50 റൺസ് കടന്നു.

ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം കിവീസ് നായകൻ ടിം സൗത്തി സ്പിന്നർമാരെ പരീക്ഷിക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞെങ്കിലും താമസിയാതെ ബാറ്റ്‌സ്മാൻമാർ താളം വീണ്ടെടുത്തു. പത്താം ഓവറിൽ മിച്ചൽ സാന്റ്നറെ രണ്ട് തവണയാണ് രോഹിത് സിക്സ് പറത്തിയത്. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ രോഹിത്തിന്റെ ക്യാച്ച് ബോൾട്ട് പാഴാക്കി. ആദ്യ പത്തോവറിൽ ഇന്ത്യ 79 റൺസെടുത്തു.

തൊട്ടടുത്ത ഓവറിൽ രാഹുൽ അർധശതകം നേടി. 11.4 ഓവറിൽ ടീം സ്‌കോർ 100 കടന്നു. രോഹിത്തും രാഹുലും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഒടുവിൽ ടിം സൗത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ ഗ്ലെൻ ഫിലിപ്സിന്റെ കൈയ്യിലെത്തിച്ച് സൗത്തി കിവീസിന് ആശ്വാസം പകർന്നു.

49 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 65 റൺസെടുത്ത രാഹുൽ, രോഹിത്തിനൊപ്പം 117 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ക്രീസ് വിട്ടത്. രാഹുലിന് പകരം വെങ്കടേഷ് അയ്യരാണ് ക്രീസിലെത്തിയത്. പിന്നാലെ രോഹിത് അർധസെഞ്ചുറി നേടി.

എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ രോഹിത്തിനെ സൗത്തി പുറത്താക്കി. രോഹിത്തിന്റെ ഷോട്ട് ഗപ്റ്റിൽ കൈയ്യിലൊതുക്കുകയായിരുന്നു. 36 പന്തുകളിൽ നിന്ന് അഞ്ച് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 55 റൺസെടുത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരമായി വന്ന സൂര്യകുമാർ യാദവിന് പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത താരത്തെ സൗത്തി ക്ലീൻ ബൗൾഡാക്കി.

സൂര്യകുമാറിന് പകരം ഋഷഭ് പന്താണ് ക്രീസിലെത്തിയത്. തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. പന്തും വെങ്കടേഷും 12 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറിൽ 16 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു.

ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് കിവീസ് സ്‌കോടർ 153ൽ ഒതുക്കിയത്. ഓപണിങ് ബാറ്റ്സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്മെനെ 21 റൺസിൽ നിൽക്കവെ അക്സർ പട്ടേലും മടക്കി അയച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റമത്സരത്തിൽ തന്നെ ഹർഷൽ പട്ടേൽ കഴിവ് തെളിയിച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ഹർഷൽ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഗ്ലേൻ ഫിലിപ്സ് 34 ഉം സീഫേർട്ട് 13 റൺസും നേടി ഹർഷൽ പട്ടേലിനു പുറമെ ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ, അശ്വിൻ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.


Related Tags :
Similar Posts