Sports
India ,Pakistan, Asia Cup,Neutral Venue,ഏഷ്യാ കപ്പ്, ഇന്ത്യ,പാക്സിതാന്‍
Sports

ഏഷ്യാ കപ്പ്; ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, മത്സരം നിഷ്പക്ഷ വേദിയില്‍

Web Desk
|
24 March 2023 11:14 AM GMT

ഇക്കാര്യത്തില്‍ ബി.സി.സി.ഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന പാക്സിതാനിലേക്ക് ഇന്ത്യന്‍ ടീം പോകില്ലെന്നും പകരം ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ വെച്ച് നടത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്കും, ഇന്ത്യയുടെ മറ്റ് ടീമുകളുമായുള്ള മത്സരങ്ങള്‍ക്കും പാകിസ്താന് പുറത്തുള്ള മറ്റ് രാജ്യങ്ങളായിരുക്കും വേദിയാകുക. ഇന്ത്യ ഫൈനലിലെത്തിയാല്‍ ആ മത്സരവും പാകിസ്താന് പുറത്തുള്ള രാജ്യത്ത് കളിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ബി.സി.സി.ഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

ഏഷ്യാ കപ്പിലെ മറ്റു മത്സരങ്ങളെല്ലാം നേരത്തേ തീരുമാനിച്ചതുപോലെ പാകിസ്താനിൽ വെച്ചു തന്നെ നടത്തും. ഇന്ത്യയുടെ കളികൾ മാത്രം ഇംഗ്ലണ്ട്, ഒമാൻ, ശ്രീലങ്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയെങ്കിലും നടത്തുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം.

ആറു ടീമുകൾ മത്സരിക്കുന്ന ഏഷ്യാ കപ്പ് ഈ വര്‍ഷം സെപ്റ്റംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. ഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് ഏഷ്യ കപ്പിലുള്ളത്. രണ്ടു ഗ്രൂപ്പുകളിൽ നിന്ന് പോയിന്‍റ് ടേബിളില്‍ മുന്നിലെത്തുന്ന ടീമുകൾ വീതം സൂപ്പർ ഫോർ റൗണ്ടിൽ കളിക്കും. സൂപ്പർ ഫോറിൽ മുന്നിലെത്തുന്ന ടീമുകൾ ഫൈനല്‍ കളിക്കും.

ആദ്യം മുതല്‍ തന്നെ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോകില്ലെന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചിരുന്നത്. പാകിസ്താനിലേക്ക് ഏഷ്യാ കപ്പ് കളിക്കാന്‍ വന്നില്ലെങ്കില്‍ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ എത്തില്ലെന്ന് പാക്സിതാനും ഭീഷണി മുഴക്കിയിരുന്നു.

Similar Posts