Sports
Indian batters, knocks,Shaheen Afridi,Rohit Sharma,Virat Kohli,KL Rahul
Sports

''തീപ്പെട്ടിയുണ്ടോ? ഇല്ല, തീയിരിക്കട്ടെ...''; ഷഹീന്‍ ഷായെന്ന തീയുണ്ടയെ തല്ലിപ്പഴുപ്പിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര

Web Desk
|
12 Sep 2023 5:53 AM GMT

''ഇന്ത്യക്കെതിരെ എന്‍റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല... ഇതുവെറും തുടക്കം മാത്രമാണ്. മികച്ചത് ഇനി വരാൻ പോകുന്നതേയുള്ളൂ''- ഷഹീന്‍ ഷാ അഫ്രീദി ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പറഞ്ഞത്

മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞപ്പോള്‍ ഇന്നലെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കണ്ടത് ഇന്ത്യന്‍ ബാറ്റര്‍മാരുടെ വീരഗാഥ. ചിരവൈരികളായ പാകിസ്താനെതിരെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്ത് കൊണ്ടും പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ കുറിച്ചത്.

മത്സരത്തേക്കുറിച്ച് പറയുമ്പോള്‍ പാകിസ്താന്‍റെ പേരുകേട്ട പേസ് ബൌളിങ് നിരയെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ച് പറപ്പിച്ചതുതന്നെയാണ് ശ്രദ്ധേയമായ കാര്യം. പ്രത്യേകിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇതേ ബൌളര്‍മാരുടെ തീയുണ്ട പോലെയുള്ള പന്തുകളില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് തരിപ്പണമായിടത്തുനിന്നാണ് സൂപ്പര്‍ ഫോറിലെ സൂപ്പര്‍ ക്നോക്ക്.

ഇന്ത്യൻ മുൻനിരയുടെ ആറാട്ട് തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നത്. ആദ്യ മത്സരത്തില്‍ 66ന് നാലെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിന്‍റെ ശരിയായ ശക്തി എന്താണെന്ന് തെളിയിക്കുന്നതായിരുന്നു സൂപ്പര്‍ ഫോറിലെ മത്സരം. ആകെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അതും ഓപ്പണിങ് വിക്കറ്റിലെ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിന് ശേഷവും. ഇരുവരുടേയും വിക്കറ്റ് വീണതിന് പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും രാഹുലും പാക് ബൌളര്‍മാര്‍ക്ക് ഒരവസരവും കൊടുത്തില്ല. നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ പിന്നീടെത്തിയ കോഹ്ലിയും രാഹുലും സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട് പ്രകടനത്തില്‍ പരാജയമായി മാറിയത് പാകിസ്താന്‍ വലിയ പ്രതീക്ഷയോടെ ഉയർത്തിക്കൊണ്ടുവന്ന ഷഹിൻ ഷാ അഫ്രിദിയെന്ന അതിവേഗ ബൌളറാണ്. ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടാന്‍ കെല്‍പ്പുണ്ടെന്ന തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള താരമാണ് അഫ്രീദി. അതുകൊണ്ട് തന്നെ ഇന്നലത്തെ വിജയത്തിനപ്പുറം അഫ്രീദിയെ നിലംതൊടാതെ പറപ്പിച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കുണ്ടാകുന്ന ആഹ്ലാദം ചെറുതല്ല.

പാകിസ്താന്‍റെ പ്രധാന ഫാസ്റ്റ് ബൌളിങ് ആയുധമായ അഫ്രീദി സമീപകാലത്ത് ഏകദിന മത്സരങ്ങളിൽ ഇത്രയധികം തല്ലു വാങ്ങിയ മത്സരങ്ങള്‍ വിരളമാകും. മത്സരത്തിൽ 10 ഓവറുകൾ പൂര്‍ത്തിയാക്കിയ അഫ്രീദി 7.9 എക്കോണമിയില്‍ 79 റൺസാണ് വഴങ്ങിയത്. മത്സരത്തിൽ ആകെ കിട്ടിയതാകട്ടെ ഒരു വിക്കറ്റും. ഇതോടുകൂടി പാകിസ്താന്‍ ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമായിരുന്നു ഷഹീന്‍ അഫ്രീദിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

സൂപ്പർ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ടീം ഇന്ത്യക്ക് വലിയ മുന്നറിയിപ്പ് നല്‍കിയായിരുന്നു അഫ്രീദി വാര്‍ത്തകളില്‍ നിറഞ്ഞത്. “ഇന്ത്യയുമായുള്ള മത്സരങ്ങളൊക്കെയും എനിക്ക് വളരെ സ്പെഷ്യലാണ്. അണ്ടർ-16 തലം മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ വളരെ ആവേശകരമായാണ് നോക്കിക്കണ്ടിരുന്ന ആളാണ് ഞാന്‍. ഇന്ത്യക്കെതിരെ എന്‍റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല... ഇതുവെറും തുടക്കം മാത്രമാണ്. മികച്ചത് ഇനി വരാൻ പോകുന്നതേയുള്ളൂ.”- ആദ്യ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തിന്‍റെ കൂടി ആവേശത്തിലായിരുന്നു അഫ്രീദിയുടെ വീമ്പു പറച്ചില്‍.

ആദ്യം ബാറ്റ് കൊണ്ടും പിന്നീട് പന്ത് കൊണ്ടും പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ വെറും 128 റണ്‍സിന് കൂടാരം കയറി. ഇന്ത്യക്കായി എട്ടോവറില്‍ വെറും 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പാകിസ്താന് വേണ്ടി വെറും നാല് ബാറ്റര്‍മാരാണ് രണ്ടക്കം കടന്നത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാക് നിരയിലെ ടോപ് സ്കോറര്‍.

Similar Posts