മെസ്സിയുടെ എന്‍ട്രിക്ക് ശിങ്കാരി മേളത്തിന്‍റെ അകമ്പടി; വീഡിയോ വൈറല്‍
|അര്‍ജന്‍റീനയുടെ ജഴ്സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകക്കൂട്ടം മെസ്സിയെത്തിയപ്പോള്‍ ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ഖത്തറില്‍ റോയല്‍ എന്‍ട്രി. യു.എ.ഇയുമായുള്ള സൌഹൃദ മത്സരത്തിന് ശേഷം ഖത്തറിലെ ടീം ബേസിലേക്ക് എത്തിയ താരത്തെ കാത്തിരുന്നത് വലിയ ആരാധകക്കൂട്ടം. അര്‍ജന്‍റീനയുടെ ജഴ്സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകക്കൂട്ടം താരമെത്തിയപ്പോള്‍ ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
Argentina fans in Qatar 🎉🤩#QatarWorldCup2022 pic.twitter.com/LNJlWHpK3j
— shukran 👤 (@mury515) November 16, 2022
മെസ്സിയെ വഹിച്ചുകൊണ്ടുള്ള ബസ് എത്തുന്നതും കാത്ത് വന്‍ ജനാവലിയാണ് ഖത്തറിലെ അര്‍ജന്‍റീനിയന്‍ ടീമിന്‍റെ ബേസ് ക്യാമ്പിനിരികില്‍ തടിച്ചുകൂടിയത്. ചെണ്ടയും ഇലത്താളവുമെല്ലാമായാണ് ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട മിശിഹയെ കാത്തിരുന്നത്.
കേരളത്തിൽ വലിയ തരത്തില്‍ പ്രചാരമുള്ള ശിങ്കാരിമേളം മുഴക്കിയായിരുന്നു ആരാധകരുടെ സ്നേഹപ്രകടനം. ഉത്സവങ്ങളിലും മറ്റ് സ്വീകരണ പരിപാടികളിലും ഘോഷയാത്രകളിലുമെല്ലാം നാം കണ്ടുശീലിച്ച ശിങ്കാരിമേളത്തെ അങ്ങനെ ഖത്തറിലുമെത്തിച്ചിരിക്കുകയാണ് ഇന്ത്യയിലെ അര്‍ജന്‍റീനിയന്‍ ആരാധകര്‍. ഇന്ത്യക്ക് പുറമേ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ സ്ഥലത്ത് എത്തിയിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ അഞ്ചു ഗോളിന് തകര്‍ത്താണ് അർജൻറീന മുന്നൊരുക്കം ആഘോഷമാക്കിയത്. ഒന്നാം പകുതിയവസാനിക്കുമ്പോൾ തന്നെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അർജൻറീന മുന്നിലായിരുന്നു. പിന്നീട് രണ്ടാം പകുതിയുടെ 60-ാം മിനിറ്റിൽ ജാക്വയിൻ കൂടി യു.എ.ഇയുടെ ഗോൾവല കുലുക്കി. ഇതോടെ അർജൻറീനക്ക് അഞ്ചു ഗോൾ വിജയത്തിന് വഴിയൊരുങ്ങുകയായിരുന്നു.
ആദ്യ പകുതിയിൽ എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയും ജൂലിയൻ അൽവാരസും ഓരോ ഗോളുകൾ വീതം നേടി. മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ കളിയുടെ തുടക്കം മുതൽ അർജന്റീനയാണ് കളം നിറഞ്ഞു കളിച്ചത്. നിരന്തരമായ അർജന്റീനിയൻ മുന്നേറ്റങ്ങളിൽ യു.എ.ഇ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 17ാം മിനിറ്റിൽ അർജന്റീന ആദ്യ ഗോൾ കണ്ടെത്തി.
വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണൽ മെസ്സി മറിച്ചു നൽകിയ പന്തിനെ ജൂലിയൻ അൽവാരസ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണ് എട്ട് മിനിറ്റ് കഴിഞ്ഞതും അർജന്റീന അടുത്ത വെടി പൊട്ടിച്ചു. ഇക്കുറി എയ്ഞ്ചൽ ഡി മരിയയുടെ ഊഴമായിരുന്നു. മാർകോസ് അക്വിനയുടെ ക്രോസിൽ മനോഹരമായൊരു കർവിങ് ഷോട്ടിലൂടെ മരിയ പന്തിനെ വലയിലാക്കി.
37ാം മിനിറ്റിൽ വീണ്ടും അർജന്റീനയുടെ മാലാഖ അവതരിച്ചു. ഇക്കുറി പെനാൽട്ടി ബോക്സിന് അകത്ത് രണ്ട് ഡിഫന്റമാരെ വെട്ടിയൊഴിഞ്ഞാണ് മരിയ വല കുലുക്കിയത്. ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ആയിരുന്നു സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മരിയ നീട്ടി നൽകിയ പന്തുമായി കുതിച്ച ലിയോ മൂന്ന് ഡിഫന്റർമാരെ കാഴ്ചക്കാരാക്കി നിർത്തി വല കുലുക്കി