മൂന്നാം ഏകദിനം ഞായറാഴ്ച; ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി, വന്‍ സ്വീകരണം
|തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ അവസാന ഏകദിനം
ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ അവസാന ഏകദിനത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിനം. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പ സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് അവസാന ഏകദിനം കൂടി ജയിച്ച് സീരീസ് വൈറ്റ് വാഷ് തന്നെയാകും ഉദ്ദേശ്യം. അതേസമയം ടി20 പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശ്രീലങ്കയിലേക്ക് വരുമ്പോള്‍ ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും അവര്‍ കാര്യവട്ടത്തെത്തുന്നത്.
ജനുവരി15 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ക്കാണ് മത്സരം. ടീമിനായി തയ്യാറാക്കിയ പ്രത്യേക വിമാനത്തില്‍ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ദ്രാവിഡ് ഉണ്ടാകില്ല
ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. രണ്ടാം ഏകദിനവും കൂടി ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ദ്രാവിഡ് അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഇന്ന് രാവിലെ മൂന്ന് മണിയുടെ ഫ്ലൈറ്റിനാണ് ദ്രാവിഡ് ബംഗളൂരുവിലേക്ക് തിരിച്ചത്.വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ രണ്ടാം ഏകദിനത്തിന് മുന്‍പും ദ്രാവിഡ് അസ്വസ്ഥനായിരുന്നു. ചെറിയ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തിന് തോന്നിയിരുന്നു. പിന്നീട് മത്സരശേഷം കൊല്‍ക്കത്തയില്‍ വെച്ച് ദ്രാവിഡിന് ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും കൂടിയതോടെ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിശ്രമം ആവശ്യമെന്നുകണ്ട് അദ്ദേഹത്തോട് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ ബുധനാഴ്ചയാണ് ടീമിനൊപ്പം ദ്രാവിഡ് തന്‍റെ 50-ാം ജന്മദിനം ആഘോഷിച്ചത്.
നേരത്തേ മൂന്ന് ടി20കളടങ്ങുന്ന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നേടിനില്‍ക്കുന്നതുകൊണ്ട് തന്നെ അവസാന ഏകദിനവും കൂടി ജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനായിരിക്കും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം