Sports
Indias Rohan Bopanna, Rutuja Bhosale clinch Gold in mixed tennis, Rohan Bopanna, Rutuja Bhosale, Asian Games 2023
Sports

മിക്‌സഡ് ടെന്നീസിൽ സ്വര്‍ണം, ഷൂട്ടിങ്ങില്‍ വെള്ളി; മെഡല്‍കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ

Web Desk
|
30 Sep 2023 8:05 AM GMT

ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യൻ സംഘത്തിനു വെള്ളി മെഡൽ ലഭിച്ചു

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. മിക്‌സഡ് ഡബിൾസ് ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലിൽ ചൈനീസ് തായ്‌പേയി സഖ്യത്തെയാണ് തകർത്തത്. ഇതോടെ ഇന്ത്യയുടെ സ്വർണവേട്ട ഒൻപതായി. ഷൂട്ടിങ്ങില്‍ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയ്ക്കു വെള്ളിയും ലഭിച്ചു.

ചൈനീസ് തായ്‌പേയിയുടെ എൻഷോ-സങ് പാവു ഹുവാങ് സഖ്യത്തെയാണ് ഫൈനലിൽ ബൊപ്പണ്ണയും ഋതുജയും നേരിട്ടത്. ആദ്യ സെറ്റിൽ ആറിനെതിരെ രണ്ടിന് കീഴടങ്ങിയ ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ഗംഭീര തിരിച്ചുവരവ്. മൂന്നാം സെറ്റും ഏകപക്ഷീയമായി പിടിച്ചടക്കി സ്വർണമെഡലിൽ മുത്തമിട്ടു. സ്‌കോർ 2-6, 6-3, 10-4.

അതേസമയം, ഷൂട്ടിങ്ങിൽ ഇന്ത്യൻ സംഘം മെഡൽവേട്ട തുടരുകയാണ്. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയ്ക്കു വെള്ളി ലഭിച്ചു. സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു സഖ്യമാണ് മെഡൽ കൊയ്തത്. 1500 മീറ്റർ മത്സരത്തിൽ മലയാളി താരം ജിൻസൺ ജോൺസൻ ഫൈനലിൽ പ്രവേശിച്ചു. ലോങ് ജംപിൽ മറ്റൊരു മലയാളി താരം എം. ശ്രീശങ്കറും ഫൈനലിൽ കടന്നിട്ടുണ്ട്.

13 വീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 35 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണു നിലവില്‍ ഇന്ത്യയുള്ളത്. 107 സ്വര്‍ണം സഹിതം 205 മെഡലുമായി ചൈന ബഹുദൂരം മുന്നിലാണ്. 102 മെഡലുമായി ജപ്പാനും 108 മെഡലുമായി കൊറിയയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. 36 പോയിന്‍റുള്ള ഉസ്ബെകിസ്താനാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള നാലാമത്തെ രാജ്യം.

Summary: Asian Games 2023: India's Rohan Bopanna, Rutuja Bhosale clinch Gold in mixed tennis

Similar Posts