Sports
ipl 2023, kkr vs rcb,kkr,rcb,kolkata knight riders, banglore royal challengers

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വരുണ്‍ ചക്രവര്‍ത്തി

Sports

ഇടിവെട്ടും മിന്നല്‍പ്പിണറും ഒരുമിച്ച്... ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത

Web Desk
|
6 April 2023 3:59 PM GMT

കൊൽക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

തുടര്‍വിജയം ലക്ഷ്യമിട്ടിറങ്ങിയ വിരാടിനും സംഘത്തിനും കനത്ത പ്രഹരം നല്‍കി തിരിച്ചയച്ച് നിധീഷ് റാണയുടെ കൊല്‍ക്കത്ത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 205 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 81 റൺസിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് ബാംഗ്ലൂരിന് മിന്നും തുടക്കം നല്‍കിയെങ്കിലും കോഹ്‍ലിയെ(21) നരൈനും ഫാഫ് ഡു പ്ലെസിയെ(23) വരുൺ ചക്രവര്‍ത്തിയും പുറത്താക്കിയതോടെ പിന്നെ ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു. 44/0 എന്ന നിലയിൽ നിന്ന് 61/5 എന്ന നിലയിലേക്ക് ആര്‍.സി.ബി കൂപ്പുകുത്തി.

അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വില്ലിയും(20*) ആകാശ് ദീപും(17) ചേര്‍ന്നാണ് ടീം സ്കോര്‍ 100 കടത്തിയത്. ആകാശ് ദീപ് എട്ട് പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ ഡേവിഡ് വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി നാലും അരങ്ങേറ്റക്കാരന്‍ സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. രണ്ട് വിക്കറ്റുകളുമായി സുനില്‍ നരൈനും തിളങ്ങി..

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി അഫ്ഗാന്‍ താരം റഹ്മാനുല്ലാ ഗുര്‍ബാസ് (57) മികച്ച തുടക്കം നല്‍കിയെങ്കിലും ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. ഓപ്പണര്‍ റഹ്മാനുല്ലയുടെ അര്‍ധസെഞ്ച്വറി ഇന്നിങ്സൊഴിച്ച് കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍‌ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് തിരിച്ചെത്താന്‍ മത്സരിക്കുകയായിരുന്നു. വെങ്കിടേഷ് അയ്യര്‍(3), മന്ദീപ് സിങ്(0),നിതീഷ് റാണ(1) ആന്ദ്രേ റസല്‍(0) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.

ഒടുവില്‍ 11.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 89 റണ്‍സെന്ന നിലയിലേക്ക് കൊല്‍ക്കത്ത തകര്‍ന്നു. അവിടെയാണ് കഥയുടെ രണ്ടാം പകുതി ആരംഭിക്കുന്നത്. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിങ്കുവും താക്കൂറും ചേര്‍ന്ന് അത്രയും നേരം മികച്ചുനിന്ന ബാംഗ്ലൂര്‍ ബൌളിങ്ങിനെ തല്ലിപ്പതം വരുത്തി. 103 റണ്‍സാണ് മുന്‍നിര പരാജയപ്പെട്ടിടത്ത് ഏഴആം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

29 പന്തില്‍ ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സറുമായി ശര്‍ദുല്‍ താക്കൂര്‍ 68 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ രണ്ട് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പെടെ 46 റണ്‍സായിരുന്നു റിങ്കുവിന്‍റെ സംഭാവന.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ടോസ് നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ ആദ്യ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത് മഴ രസംകൊല്ലിയായ കളിയില്‍ പഞ്ചാബിനോട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തോറ്റു. ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. കൊല്‍ക്കത്തയില്‍ അന്‍കുല്‍ റോയ്ക്ക് പകരം വെങ്കിടേഷ് അയ്യരും ബാംഗ്ലൂരില്‍ റീസ് ടോപ്‌ലിയ്ക്ക് പകരം ഡേവിഡ് വില്ലിയും ഇലവനിലെത്തി.

Similar Posts