രാജസ്ഥാന് പ്ലേ ഓഫ് കളിക്കും! ഇങ്ങനെ സംഭവിച്ചാല്‍...
|ആരും കാല്‍ക്കുലേറ്ററുമായി ഓടേണ്ട...! രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ
ഐ.പി.എല്‍ 2023 സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ച രാജസ്ഥാനെ സംബന്ധിച്ച് മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങളെ മാത്രം ആശ്രയിച്ചാണ് ടൂര്‍ണമെന്‍റിലെ നിലനില്‍പ്പ്. നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലാണ്. പഞ്ചാബിനെതിരായ അവസാന മത്സരം ജയിച്ചതോടെ 14 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജുവും സംഘവും.
13 മത്സരങ്ങളില്‍ 14 പോയിന്‍റോടെ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുണ്ട്. മുംബൈക്കും 13 മത്സരങ്ങളില്‍ 14 പോയിന്‍റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിറകിലായതുകൊണ്ട് തന്നെ അവര്‍ രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്താണ്. 13 കളികളില്‍ 12 പോയിന്‍റുമായി കൊല്‍ക്കത്തയും പ്ലേ ഓഫ് സാധ്യതകളില്‍ ബാക്കിയുണ്ട്.
രാജസ്ഥാന്‍ എങ്ങനെ പ്ലേ ഓഫ് കളിക്കും?
രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കില്‍ ഇന്ന് നടക്കുന്ന ലഖ്നൌ- കൊല്‍ക്കത്ത മത്സരത്തില്‍ ലഖ്നൌ ജയിക്കുകയോ കൊല്‍ക്കത്ത വലിയ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയോ വേണം. 15 പോയിന്‍റുള്ള ലഖ്നൌ നിലവില്‍ മൂന്നാം സ്ഥാനത്താണ്, അതുകൊണ്ട് തന്നെ 14 പോയിന്‍റുള്ള രാജസ്ഥാനെ സംബന്ധിച്ച് പോയിന്‍റ് ടേബിളില്‍ പരമാവധി എത്താന്‍ കഴിയുക നാലാം സ്ഥാനത്താണ്. അപ്പോള്‍ കൊല്‍ക്കത്ത തോല്‍ക്കുകയാണെങ്കില്‍ 12 പോയിന്‍റുമായി കൊല്‍ക്കത്തക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടിവരും, എന്നാല്‍ കൊല്‍ക്കത്ത ലഖ്നൌവിനെ തോല്‍പ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് രാജസ്ഥാനൊപ്പം 14 പോയിന്‍റാകും. അപ്പോള്‍ റണ്‍റേറ്റ് പരിഗണിക്കും. നിലവില്‍ കൊല്‍ക്കത്തയ്ക്ക് നെറ്റ് റണ്‍റേറ്റ് മൈനസാണ്(-0.256), രാജസ്ഥാന് പ്ലസും(+0.148). അതുകൊണ്ട് തന്നെ കൊല്‍ക്കത്ത വലിയ റണ്‍റേറ്റ് മാര്‍ജിനില്‍ ലഖ്നൌവിനെ പരാജയപ്പെടുത്തിയാല്‍ രാജസ്ഥാനെ മറികടന്ന് അവര്‍ പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്തെത്തും. അപ്പോള്‍ ലഖ്നൌ ജയിക്കുകയോ കൊല്‍ക്കത്ത ചെറിയ മാര്‍ജിനില്‍ ലഖ്നൌവിനെ കീഴടക്കുകയോ ആണ് രാജസ്ഥാന് സുരക്ഷിതം.
ഇതിനുപുറമേ നാളെ നടക്കുന്ന രണ്ട് മത്സരങ്ങളും രാജസ്ഥാന് നിര്‍ണായകമാണ്. നാളെ ആദ്യ മത്സരം മുംബൈയും സണ്‍റൈസേഴ്സും തമ്മിലാണ്. മുംബൈക്ക് ഇതിനോടകം 14 പോയിന്‍റുണ്ട്. അപ്പോള്‍ മത്സരം മുംബൈ ജയിച്ചാല്‍ 16 പോയിന്‍റോടെ അവര്‍ ടോപ് ഫോറിലെത്തും. അതോടെ രാജസ്ഥാന്‍ പുറത്താകും. മറിച്ച് ടൂര്‍ണമെന്‍റില്‍നിന്ന് നേരത്തേ പുറത്തായ സണ്‍റേസേഴ്സ്(8 പോയിന്‍റ്) ജയിച്ചാല്‍ അത് രാജസ്ഥാനെ ബാധിക്കില്ല. നെറ്റ് റണ്‍റേറ്റില്‍ മുംബൈ(-0.128) രാജസ്ഥാനെക്കാള്‍(+0.148) പിന്നാലാണ്. അപ്പോള്‍ 14 പോയിന്‍റുണ്ടെങ്കിലും റണ്‍റേറ്റ് ആനുകൂല്യത്തില്‍ മുബൈയെ മറികടന്ന് രാജസ്ഥാന്‍ ടേബിളില്‍ നാലാമതെത്തും.
നാളത്തെ രണ്ടാം മത്സരവും രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകളെ തകിടംമറിക്കാന്‍ സാധ്യതയുള്ള കളിയാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നാളെ ഗുജറാത്തും ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്‍റില്‍ പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീം ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ്. 18 പോയിന്‍റുള്ള പ്ലേ ഓഫില്‍ പ്രവേശിച്ച ഗുജറാത്തും 14 പോയിന്‍റോടെ ടേബിളില്‍ നാലാം സ്ഥാനത്തുള്ള ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോള്‍ ബാംഗ്ലൂര്‍ ജയിച്ചാല്‍ രാജസ്ഥാന്‍ പുറത്താകും. 16 പോയിന്‍റോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് കളിക്കും. പോയിന്‍റുള്ള രാജസ്ഥാന്‍ ടോപ് ഫോറില്‍ നിന്ന് പുറത്താകും. എന്നാല്‍ ഗുജറാത്ത് ജയിച്ചാല്‍ രാജസ്ഥാന് വീണ്ടും സാധ്യത തെളിയും. കാരണം രാജസ്ഥാനും ബാംഗ്ലൂരിനും നിലവില്‍ ഒരേ പോയിന്‍റാണ്. അപ്പോള്‍ നാളെ ബാംഗ്ലൂര്‍ തോറ്റാല്‍ വീണ്ടും കളി റണ്‍റേറ്റിലെത്തും. പക്ഷേ അവിടെയും ചെറിയ ഒരു പ്രശ്നമുണ്ട്...!
രാജസ്ഥാനേക്കാള്‍(+0.148) നെറ്റ് റണ്‍റേറ്റില്‍ ബാംഗ്ലൂരിന്(+0.180) നേരിയ മുന്‍തൂക്കമുണ്ട്. അപ്പോള്‍ ഗുജറാത്തിനോട് നേരിയ തോല്‍വി വല്ലതുമാണ് ബാംഗ്ലൂര്‍ വഴങ്ങുന്നതെങ്കിലും രാജസ്ഥാന്‍ പുറത്താകും. ഗുജറാത്ത് അത്യാവശ്യം വലിയ മാര്‍ജിനില്‍ത്തന്നെ ബാംഗ്ലൂരിനെ കീഴടക്കുയും മേല്‍പ്പറഞ്ഞ മത്സരങ്ങളിലെ റിസല്‍റ്റുകളും അനുകൂലമാകുകയാണെങ്കില്‍ മാത്രം രാജസ്ഥാന് പ്ലേ ഓഫ് കളിക്കാം
സെല്‍ഫ് ട്രോളുമായി രാജസ്ഥാന്‍ താരങ്ങള്‍
രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ആരാധകരെ കുടുകുടെ ചിരിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്‍റെ നിലവിലെ അവസ്ഥ തന്നെയാണ് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകളേറെക്കുറെ അസ്തമിച്ച രാജസ്ഥാനെ സംബന്ധിച്ച് മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങളെ മാത്രം ആശ്രയിച്ചാണ് ടൂര്‍ണമെന്‍റിലെ നിലനില്‍പ്പ്.
''യുസീ(യുസ്വേന്ദ്ര ചാഹല്‍), ജോസേട്ടാ(ജോസ് ബട്‍ലര്‍)... കുറച്ചുനേരം ഇരുന്നുനോക്കാം, ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ...''. സഞ്ജുവും ജോസ് ബട്‍ലറും ചാഹലും കൂടി ഗ്രൌണ്ടില്‍ പരിശീലനത്തിനിടെ ഇരുന്ന് തമാശ പങ്കിടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ ട്രോളാന്‍ വേറൊയാരും വേണ്ടെന്ന തരത്തിലാണ് സഞ്ജുവിന്‍റെ പോസ്റ്റെന്ന് ആരാധകരും കമന്‍റ് ചെയ്യുന്നു. എന്നാല്‍ ഏറ്റവും രസകരമായ കമന്‍റ് പങ്കുവെച്ചത് മറ്റാരുമല്ല, രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‍ലര്‍ തന്നെയാണ്.
ബിരിയാണി കിട്ടിയാലോ എന്ന അടിക്കുറിപ്പിന് കിട്ടാന്‍ പോകുന്നത് ബിരിയാണി അല്ലെന്നും, ഡക്ക്(മുട്ട) പാന്‍കേക്ക് ആയിരിക്കുമെന്നാണ് ബട്‌ലര്‍ കമന്‍റിട്ടത്. ബട്‌ലര്‍ അവസാന മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. അതിനുപുറമേ ഈ ഐ.പി.എല്‍ സീസണില്‍ മൊത്തം അഞ്ച് തവണയും ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു സീസണില്‍ ഏറ്റവും കുടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരമെന്ന മോശം റെക്കോര്‍ഡും ബട്‌ലറുടെ പേരിലായി. ഇക്കാര്യം ഓര്‍മിപ്പിച്ചാണ് സെല്‍ഫ് ട്രോള്‍ കമന്‍റുമായി ബട്‍ലര്‍ എത്തിയത്.