സഞ്ജുവിന്റെ സ്വന്തം രാജസ്ഥാന്; മലയാളികളുടേയും
|വലിയ കൂറ്റനടിക്കാരുള്ള ടീമിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുക, ഉത്തരവാദിത്വത്തോടെ നയിക്കുക എന്നീ ഭാരിച്ച ചുമതലയാണ് സഞ്ജുവിന് മുന്നിലുള്ളത്
ബാറ്റിങ്ങിൽ യൂസഫ് പത്താനും സ്വപ്നിൽ അസ്നോദ്കറും. ബൗളിങ്ങിൽ സുഹൈൽ തൻവീർ. രണ്ടും ചെയ്യാൻ ഷെയിൻ വാട്സൺ. എല്ലാം നിയന്ത്രിക്കാൻ തലൈവരുടെ സ്ഥാനത്ത് സാക്ഷാൽ ഷെയിൻ വോൺ. 2008ലെ ഐ.പി.എൽ കന്നി സീസണിൽ റോയൽസിന്റെ നീലപ്പട തീർത്ത അവിശ്വസനീയ പടയോട്ടത്തിന്റെ ഓർമകളിൽ ജീവിക്കുന്നവരാണ് രാജസ്ഥാൻ ആരാധകർ. പക്ഷേ ആദ്യ കിരീടത്തിന് ശേഷം രാജസ്ഥാന് ഓർക്കാൻ നല്ല ഓർമകളൊന്നുമില്ല. 2022ൽ സഞ്ജു സാംസണിന്റെ കീഴിൽ റണ്ണേഴ്സ് അപ്പായത് മാത്രമാണ് പറയാനുള്ള നല്ലനേട്ടം.
ഭൂമിശാസ്ത്രപരമായി ഒരു ബന്ധവുമില്ലെങ്കിലും രാജസ്ഥാൻ റോയൽസിനോട് മലയാളികൾക്ക് ഒരു ഇഷ്ടക്കൂടുതലുണ്ട്. സംഘത്തിന്റെ കപ്പിത്താനായി സ്ഞ്ജു സാംസണുള്ളത് കൊണ്ടാണത്. രാജസ്ഥാൻ റോയൽസ് ആ മലയാളി പ്രേമത്തെ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പരിശോധിച്ചാലത് കാണാം.
കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതുസീസണായി റോയൽസ് ഒരുങ്ങുന്നത്. തന്റേതായ ദിവസം ലോകത്തെ ഏതൊരു ബൗളറെയും ഏത് പന്തിനെയും തരിപ്പണമാക്കാൻ ശേഷിയുള്ള ജോസ് ബട്ലർ തന്നെയാണ് ടീമിന്റെ കരുത്ത്. കൂടെ ഇന്ത്യയുടെ പുതിയ താരോദയം യശസ്വി ജയ്സ്വാളും ചേരുമ്പോൾ ഓപ്പണിങ് ഡബിൾ സ്ട്രോങ്ങ്. തൊട്ടുപിന്നാലെ സഞ്ജു സാംസൺ, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ അടക്കമുള്ള കൂറ്റനടിക്കാർ വേറെയും. ധ്രുവ് ജുറേൽ, റിയാൻ പരാഗ് അടക്കമുള്ളവർ കൂടി ചേരുമ്പോൾ ബാറ്റിങ് ഡിപ്പാർട്മെന്റ് സന്തുലിതം.
ബൗളിങ് ഡിപ്പാർട്മെന്റും കടലാസിൽ അതി ശക്തം തന്നെയാണ്. ട്രെന്റ് ബോൾട്ട് നയിക്കുന്ന പേസ് ഫാക്ടറിയിൽ ഐ.പി.എല്ലിൽ മികച്ച റെക്കോർഡുള്ള സന്ദീപ് ശർമയും പ്രസീദ് കൃഷ്ണയും ചേരുന്നു. പരിചയ സമ്പന്നരായ രവിചന്ദ്രൻ അശ്വിൻ,യുസ് വേന്ദ്ര ചാഹൽ, ആദം സാമ്പ എന്നിവർ അണിനിരക്കുന്ന സ്പിൻ ക്യാമ്പിനെക്കുറിച്ചും ആശങ്കകളില്ല.
വലിയ കൂറ്റനടിക്കാരുള്ള ടീമിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുക, ഉത്തരവാദിത്വത്തോടെ നയിക്കുക എന്നീ ഭാരിച്ച ചുമതലയാണ് സഞ്ജുവിന് മുന്നിലുള്ളത്. തൊട്ടുപിന്നാലെ വരുന്ന ട്വന്റി 20 ലോകകപ്പ് ടീമിലിടം പിടിക്കണമെങ്കിലും ഐ.പി.എൽ പ്രകടനം നിർണായകമാണ്. ധ്രുവ് ജുറേൽ, ജോസ് ബട്ലർ എന്നീ രണ്ട് വിക്കറ്റ് കീപ്പർമാരുള്ള ടീമിൽ സഞ്ജു കീപ്പിങ് ഗ്ലൗ കൂടി അണിയുമോ എന്ന് കണ്ടറിയണം. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാർ സംഗക്കാരയാണ് ടീമിന് തന്ത്രങ്ങളോതുന്നത്.