Sports
ബുംറയെ സ്വീപ് ഷോട്ടിലൂടെ സിക്‌സറടിക്കുക സ്വപ്‌നമായിരുന്നു- അശുതോഷ് ശർമ
Sports

'ബുംറയെ സ്വീപ് ഷോട്ടിലൂടെ സിക്‌സറടിക്കുക സ്വപ്‌നമായിരുന്നു'- അശുതോഷ് ശർമ

Web Desk
|
19 April 2024 11:38 AM GMT

മുഹമ്മദ് നബിയുടെ കയ്യിൽ അശുതോഷിന്റെ പോരാട്ടമവസാനിക്കുമ്പോൾ കോയറ്റ്‌സി നടത്തിയ ആവേശപ്രകടനം ഒന്നു മാത്രം മതിയാവും ആ 25 കാരനെ മുംബൈ എത്ര ഭയന്നിരുന്നു എന്ന് മനസ്സിലാക്കാൻ

മുംബൈക്കെതിരെ പഞ്ചാബ് ഇന്നിങ്‌സിലെ 17ാം ഓവർ എറിയാൻ ജസ്പ്രീത് ബുംറയെത്തുമ്പോൾ ആതിഥേയർക്ക് ജയിക്കാൻ ആകെ വേണ്ടിയിരുന്നത് നാലോവറിൽ 27 റൺസാണ്. 16ാം ഓവറിൽ ആകാശ് മധ്വാളിനെ മൂന്ന് സിക്‌സർ പറത്തി അശുതോഷ് അർധ സെഞ്ച്വറിയിൽ തൊടുമ്പോൾ ഗാലറിയിൽ പഞ്ചാബ് ആരാധകർ ഇരിപ്പിടങ്ങൾ മറന്ന് തുള്ളിച്ചാടി. ആ ഓവറിൽ ആകെ പിറന്നത് 24 റൺസാണ്.

ബുംറയുടെ ഓവറിൽ റണ്ണൊന്നുമെടുത്തില്ലെങ്കിലും വിക്കറ്റ് നഷ്ടപ്പെടാതെ പ്രതിരോധിച്ചാൽ മാത്രം വിജയം കയ്യെത്തിപ്പിടിക്കാവുന്നയത്രയും ദൂരത്തിൽ കാത്തിരിപ്പുണ്ട്. ആരാധകർ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതും. ബുംറയുടെ പന്തുകളെ ഭയലേശമന്യേ നേരിട്ട അശുതോഷ് വിക്കറ്റ് നഷ്ടപ്പെടാതെ ആ കടമ്പയും കടന്നു. പഞ്ചാബിന് ജയിക്കാൻ ഇനി വേണ്ടത് മൂന്നോവറിൽ 24 റൺസ്.

ഗാലറിയിൽ നിറയേ അശുതോഷിനായുള്ള ചാന്റുകൾ. പക്ഷെ ജെറാൾഡ് കോയെറ്റ്‌സിയുടെ അടുത്ത ഓവറിലെ ആദ്യ പന്തിൽ താരത്തിന് പിഴച്ചു. മുഹമ്മദ് നബിയുടെ കയ്യിൽ അശുതോഷിന്റെ പോരാട്ടമവസാനിക്കുമ്പോൾ കോയറ്റ്‌സി നടത്തിയ ആവേശപ്രകടനം ഒന്നു മാത്രം മതിയാവും ആ 25 കാരനെ മുംബൈ എത്ര ഭയന്നിരുന്നു എന്ന് മനസ്സിലാക്കാൻ.

77 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ പഞ്ചാബ് ഏറെക്കുറെ തോൽവിയുറപ്പിച്ച ഘട്ടത്തിലായിരുന്നു അശുതോഷിന്റെ അവിശ്വസനീയ ഇന്നിങ്‌സ് പിറന്നത്. ജിതേഷ് ശർമ പുറത്തായ ശേഷം പത്താം ഓവറിൽ എട്ടാമനായാണ് അശുതോഷിന്റെ രംഗപ്രവേശം. ഒരു വേള പഞ്ചാബ് സ്‌കോർ നൂറ് കടക്കുമോ എന്ന് പോലും ആരാധകർ സംശയിച്ചിരുന്ന ഘട്ടം. മധ്വാളിന്റെ ആ ഓവറിലെ അഞ്ചാം പന്തിനെ ഗാലറിയിലെത്തിച്ച് അശുതോഷ് വരവറിയിച്ചു. അടുത്ത ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെ രണ്ട് തവണ അതിർത്തി കടത്തി ടീം സ്‌കോർ നൂറ് കടത്തി.

13ാം ഓവറിൽ ആദ്യ പന്തിൽ 41 റൺസെടുത്ത് ക്രീസിലുണ്ടായിരുന്ന ശശാങ്ക് സിങ്ങിനെ പുറത്താക്കി ബുംറ പഞ്ചാബിന് അടുത്ത പ്രഹരമേൽപ്പിച്ചു. എന്നാൽ മറുവശത്തുണ്ടായിരുന്ന അശുതോഷിനെ ഇതൊന്നും ബാധിക്കുന്നേ ഉണ്ടായിരുന്നില്ല. ബുംറയുടെ അതേ ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് പറത്തിയ ശേഷം ആ 25 കാരന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ എന്തോ കരുതിയുറപ്പിച്ച ഭാവമായിരുന്നു.

കോയറ്റ്‌സിയെറിഞ്ഞ 15ാം ഓവറിൽ 13 റൺസ് പിറന്നു. അപ്പോഴും പഞ്ചാബിന് സാധ്യതകൾ കൽപ്പിച്ച് നൽകിയിരുന്നില്ല ആരും. എന്നാൽ മധ്വാളെറിഞ്ഞ പതിനാറാം ഓവർ മുംബൈയുടെ കണക്കു കൂട്ടലുകളെ മുഴുവൻ തെറ്റിച്ചു. മൂന്ന് സിക്‌സടക്കം ആ ഓവറിൽ പിറന്നത് 24 റൺസ്. എന്നാൽ അടുത്ത ഓവറില്‍ കോയറ്റ്‌സിക്ക് മുന്നിൽ അശുതോഷ് വീണതോടെ പഞ്ചാബിന്റെ പ്രതീക്ഷകളും വീണുടഞ്ഞു. വെറും 28 പന്തിൽ നിന്ന് ഏഴ് സിക്‌സും രണ്ട് ഫോറുമടക്കം യുവതാരം അടിച്ചെടുത്തത് 61 റൺസാണ്. 217.86 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്.

ഒമ്പത് റൺസിന് പഞ്ചാബ് തോൽവി വഴങ്ങുമ്പോൾ ഡഗ്ഗൗട്ടിൽ മുഖം പൊത്തിപ്പിടിച്ച് കരയുകയായിരുന്നു താരം. ഒരുവേള പഞ്ചാബ് ജയിച്ചിരുന്നെങ്കിൽ ഇന്നലെ ക്രിക്കറ്റ് ലോകത്തെ തലവാചകങ്ങളിൽ നിറയേണ്ട ഒറ്റ പേര്. അശുതോഷ് രാം ബാബു ശർമ. ഇതാദ്യമായൊന്നുമല്ല അശുതോഷിന്‍റെ ബാറ്റിന്‍റെ ചൂട് ബോളര്‍മാര്‍ അറിയുന്നത്.

വെറും നാല് ഇന്നിങ്സുകളാണ് ഐ.പി.എല്ലില്‍ അശുതോഷ് ശര്‍മ കളിച്ചിട്ടുള്ളത്. ഈ നാലിലും മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തു. ഗുജറാത്തിനെതിര 17 പന്തിൽ 31 റൺസ്. സൺറൈസേഴ്‌സിനെതിരെ 15 പന്തിൽ 33. രാജസ്ഥാനെതിര 16 പന്തിൽ 31 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സമ്പാദ്യം.

മുംബൈക്കെതിരായ മത്സര ശേഷം ബുംറക്കെതിരെ പായിച്ച സിക്‌സിനെ കുറിച്ച് അശുതോഷ് മനസ്സ് തുറന്നു. ബുംറക്കെതിരെ അങ്ങനെയൊരു സ്വീപ് ഷോട്ട് കളിക്കണമെന്നത് എന്റെ സ്വപ്‌നമായിരുന്നു. നെറ്റ്‌സിൽ ഞാനീ ഷോട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്. വിജയം കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തായിരുന്നെന്നും അതിന് കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേർത്തു. അശുതോഷിന്റെ പ്രകടനത്തെ അവിശ്വസനീയം എന്നാണ് മത്സര ശേഷം മുബൈ നായകൻ ഹർദിക് പാണ്ഡ്യ വിശേഷിപ്പിച്ചത്. അശുതോഷിന്റെ ആത്മവിശ്വാസം അതിശയിപ്പിക്കുന്നതായിരുന്നു എന്നാണ് പഞ്ചാബ് താരം സാം കറൺ പ്രതികരിച്ചത്.

മുംബൈ ഇന്ത്യൻസ് കളി ജയിച്ചപ്പോൾ അശുതോഷ് ആരാധക ഹൃദയങ്ങളിൽ ജയിച്ചെന്നായിരുന്നു ഹർഭജന്‍റെ പ്രതികരണം. സൂര്യകുമാർ യാദവിനെ ഓർമിപ്പിക്കുന്ന പ്രകടനമായിരുന്നു അശുതോഷിന്റേത്. ബുംറയെ പോലൊരു ബൗളറെ അയാൾ നേരിട്ടത് പോലെ നേരിടൽ അത്ര എളുപ്പമല്ല. ഹർഭജൻ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ റെയിൽവേസിന്റെ താരമായിരുന്ന അശുതോഷ് കഴിഞ്ഞ വർഷം സയ്യിദ് മുശ്താഖ് അലി ട്രോഫിയിൽ അരുണാചലിനെതിരെ 11 പന്തിൽ അർധ സെഞ്ച്വറി കുറിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതോടെ പഞ്ചാബ് ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന്റെ ശ്രദ്ധയിൽ പെട്ട താരം പിന്നീട് ഐ.പി.എൽ താരലേലത്തിൽ 20 ലക്ഷം അടിസ്ഥാന വിലക്ക് ടീമിലെത്തി. ബംഗാറിന്‍റെ ദീര്‍ഘ വീക്ഷണത്തിന് കയ്യടിക്കുകയാണിപ്പോള്‍ പഞ്ചാബ് ആരാധകര്‍.

Similar Posts