Sports
ഗാലറി മുഴുവൻ എഴുന്നേറ്റുനിന്ന് ആദരിച്ചു; ഒരുവേള ഇന്ത്യൻ താരമാണോ അതെന്നു ചിന്തിച്ചുപോയി
Sports

''ഗാലറി മുഴുവൻ എഴുന്നേറ്റുനിന്ന് ആദരിച്ചു; ഒരുവേള ഇന്ത്യൻ താരമാണോ അതെന്നു ചിന്തിച്ചുപോയി''

Web Desk
|
21 May 2021 5:09 PM GMT

ഇന്ത്യയിൽ എബി ഡിവില്ലിയേഴ്‌സിനുള്ള ജനപ്രീതിയുടെ അനുഭവം ഓർത്തെടുത്ത് ആകാശ് ചോപ്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിദേശ ക്രിക്കറ്റ് താരമാകും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. ഏതു സമയത്തും ഏതു പന്തും പൊക്കിയെടുത്ത് ബൗണ്ടറിക്കു പുറത്തിടാനുള്ള അപാരശേഷി തന്നെയായിരിക്കും താരത്തിന് മറ്റെവിടെയുമെന്ന പോലെ ഇന്ത്യയിലും ഇത്രയും ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ഗ്രൗണ്ടിന്റെ എല്ലാ മൂലകളിലേക്കും ഒരേ അനായാസതയോടെ പന്തിനെ പായിക്കുന്ന ബാറ്റിങ് മാസ്മരികത തന്നെയാണ് ഡിവില്ലിയേഴ്‌സിന് 'മിസ്റ്റർ 360 ഡിഗ്രി' എന്ന പേർ നേടിക്കൊടുത്തത്. ഐപിഎല്ലിൽ ദീർഘകാലമായി ആർസിബിയുടെ ജഴ്‌സിയിൽ കളിക്കുന്നതിനാൽ ഇന്ത്യക്കാർക്ക് എപ്പോഴും താരത്തിന്റെ അത്തരം മികച്ച ബാറ്റിങ് പ്രകടനങ്ങൾ അടുത്തുനിന്നു കാണാനായിട്ടുണ്ട്. അതിനാൽ, എംഎസ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവരോട് മത്സരിക്കാൻ മാത്രം ആരാധകവൃന്ദം അദ്ദേഹം ഇന്ത്യയിൽ നേടിയെടുത്തിട്ടുണ്ട്.

ഇന്ത്യയിൽ ഡിവില്ലേഴ്‌സിനുള്ള ജനപ്രീതിയുടെ ഒരു ഉദാഹരണം മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഹിമാചൽപ്രദേശിൽ ധരംശാലയിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിലാണ് സംഭവം. മത്സരത്തിനു മുൻപ് ഡിവില്ലിയേഴ്‌സ് ഗ്രൗണ്ടിലെത്തിയപ്പോൾ സ്‌റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നു. ഒരു ഇന്ത്യൻ ബാറ്റ്‌സ്മാൻ ക്രീസിലെത്തുന്ന പ്രതീതിയായിരുന്നു അതെന്നും ചോപ്ര പറയുന്നു.

നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് താരനിരയിൽ ധോണി, കോലി, രോഹിത് എന്നിവർ ഗ്രൗണ്ടിലിറങ്ങുമ്പോഴായിരിക്കും ഗാലറി ആർത്തിരമ്പാറുള്ളത്. സമാനമായ തരത്തിൽ എബി ഡിവില്ലിയേഴ്‌സിന് ഇന്ത്യൻ ഗാലറി എഴുന്നേറ്റുനിന്ന് ആദരവ് നൽകുന്നത് ഒരിക്കൽ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരിന്ത്യക്കാരനാണോ എന്നു ചിന്തിച്ചുപോയി-തന്റെ യൂടൂബ് ചാനലിൽ ചോപ്ര പറഞ്ഞു.

അതിനുമാത്രം സ്‌നേഹവും വാത്സല്യവും അംഗീകാരവും ഡിവില്ലിയേഴ്‌സിന് ഇന്ത്യൻ ഹൃദയങ്ങളിലുണ്ടെന്നും ചോപ്ര പറഞ്ഞു. നമ്മുടെ മനസിൽ പതിഞ്ഞ ചില നിമിഷങ്ങൾ അത് എന്നെന്നേക്കും നമ്മോടൊപ്പമുണ്ടാകും. അത്തരമൊരു നിമിഷമായിരുന്നു അന്നത്തേതെന്നും ചോപ്ര കൂട്ടിച്ചേർത്തു.

Similar Posts