ഇവാന് വിലക്ക് വീഴും; എ.ഐ.എഫ്.എഫ് കടുത്ത നടപടിയിലേക്ക്
|അടുത്ത ദിവസങ്ങളിൽ തന്നെ എ.ഐ.എഫ്.എഫ് നടപടി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന. ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സി ക്കെതിരായ പ്ലേ ഓഫില്‍ പിറന്ന വിവാദ ഗോളിനെ തുടർന്ന് ടീമിനെ മത്സരം പൂർത്തിയാകും മുമ്പ് ഇവാൻ തിരിച്ചു വിളിച്ചിരുന്നു. ഇതിനെതിരെ എ.ഐ.എഫ്.എഫ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇവാനെതിരെ വിലക്കുണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ ട്വീറ്റ് ചെയ്തു.
മാര്‍ക്കസിന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് പിറകേ കടുത്ത ആശങ്കയിലാണ് ആരാധകർ. ഇവാനെതിരായ നടപടി എത്ര കടുത്തതാവും എന്ന് ഇനിയും പറയാനായിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ എ.ഐ.എഫ്.എഫ് നടപടി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കോച്ചിന് എതിരായ നടപടിക്ക് പുറമേ ക്ലബ്ബിനെതിരെയും നടപടിയുണ്ടാവും. ക്ലബ്ബ് വലിയ തുക പിഴ അടക്കേണ്ടി വരും.
ബെംഗളൂരു- ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നടന്നത്
ഇരുപകുതികളും ഗോള്‍രഹിതമായതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തിന്‍റെ 96-ാം മിനിറ്റിലാണ് ഛേത്രിയുടെ വിവാദ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. റഫറി ഗോള്‍ വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചുവിളിച്ചു. മണിക്കൂറുകള്‍ നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു.
ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.