ഓള്‍ഡ് ട്രാഫോഡില്‍ അവസാന മത്സരമാകുമോ? ആന്‍ഡേഴ്‌സന്‍ ഉടന്‍ വിരമിച്ചേക്കുമെന്ന് സൂചന
|മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസനാണ് ആന്‍ഡേഴ്‌സന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയത്
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ പകരക്കാരനില്ലാത്ത സ്വിങ് മാന്ത്രികനാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്ന ഇംഗ്ലീഷ് ഇതിഹാസം ജിമ്മി ആന്‍ഡേഴ്സന്‍. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും(800) ഷെയിന്‍ വോണിനും(708) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ആന്‍ഡേഴ്‌സനുള്ളത്. 626 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. പേസ് ബൗളര്‍മാരുടെ കൂട്ടത്തില്‍ ആന്‍ഡേഴ്‌സന് അടുത്തൊന്നും മറ്റാരുമില്ല. ഓസ്‌ട്രേലിയന്‍ താരം മഗ്രാത്ത് ആണ് പേസ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ളത്. ആന്‍ഡേഴ്‌സനും മഗ്രാത്തും തമ്മിലുള്ള വ്യത്യാസം 63 വിക്കറ്റാണ്.
39-ാം വയസിലും കരുത്തിലും വീര്യത്തിലും ഒരു മാറ്റവുമില്ലാതെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ വിരാട് കോഹ്ലി അടക്കമുള്ള ബാറ്റിങ് കരുത്തര്‍ക്കുവരെ ഇപ്പോഴും പിടികിട്ടാത്ത സമസ്യയായി നില്‍ക്കുകയാണ് ജിമ്മി. എന്നാല്‍, ക്രിക്കറ്റ് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത ഉടനെത്തുമെന്നാണ് അറിയുന്നത്. ആന്‍ഡേഴ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് സമ്പൂര്‍ണമായി വിരമിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസനാണ് ആന്‍ഡേഴ്‌സന്റെ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയത്. ഇംഗ്ലീഷ്-ഓസീസ് ക്രിക്കറ്റ് ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ആഷസ് ടെസ്റ്റ് ഇനിയും വൈകുമെന്ന് ഉറപ്പായിട്ടുണ്ട്. അടുത്ത ആറു മാസത്തിനിടെ പരമ്പര നടക്കില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയുടെ അവസാനത്തില്‍, കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കെ തന്നെ വിടപറയുന്നതിനെക്കുറിച്ചാണ് താരം ആലോചിക്കുന്നതെന്നാണ് ഹാര്‍മിസന്‍ പറയുന്നത്.
2015ല്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍നിന്ന് ആന്‍ഡേഴ്‌സന്‍ വിരമിച്ചതാണ്. എന്നാല്‍, അടുത്തിടെ ഇംഗ്ലണ്ടില്‍ ആരംഭിച്ച ഹണ്ട്രഡ് ക്രിക്കറ്റിലൂടെ വീണ്ടും വൈറ്റ് ബൗള്‍ ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ താരം ആലോചിച്ചിരുന്നെങ്കിലും ടെസ്റ്റ് കരിയറിനെ ബാധിക്കാതിരിക്കാന്‍ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇനി ഓവല്‍, ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റുകള്‍ കൂടി കളിച്ച് കളി അവസാനിപ്പിക്കാമെന്നാണ് താരത്തിന്റെ മനസിലുള്ളതെന്നാണ് ടോക്ക്‌സ്‌പോര്‍ട്ട് ക്രിക്കറ്റ് പോഡ്കാസ്റ്റിനോട് ഹാര്‍മിസന്‍ പറഞ്ഞു. അതേസമയം, ഓവലില്‍ താരത്തിന് വിശ്രമമനുവദിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തവരുന്നുണ്ട്.