ഒലി പോപ്പിനെ തോള് കൊണ്ട് തള്ളി; ബുംറക്കെതിരെ വടിയെടുത്ത് ഐ.സി.സി
|ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 പ്രകാരമാണ് ബുംറക്കെതിരെ നടപടിയെടുത്തത്
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറക്കെതിരെ അച്ചടക്ക നടപടിയുമായി ഐ.സി.സി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് താരം ഒലി പോപ്പിനെ ബുംറ തോള് കൊണ്ട് തള്ളിയ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിലെ 81ാം ഓവറിലാണ് വിവാദ സംഭവമരങ്ങേറിയത്. ബുംറയുടെ പന്തിൽ പോപ്പ് റണ്ണിനായി ഓടുന്നതിനിടെ താരം മനപ്പൂർവം മുമ്പിൽ ചെന്ന് നിന്ന് തടയാന്‍ ശ്രമിക്കുകയായിരുന്നു. കളിക്കിടെ തന്നെ പോപ്പ് ബുംറയോട് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.
ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 പ്രകാരമാണ് ബുംറക്കെതിരെ നടപടിയെടുത്തത്. കളിക്കാര്‍, അമ്പയര്‍മാര്‍, കാണികള്‍ തുടങ്ങിയവരുമായി അനുചിതമായ ഫിസിക്കല്‍ കോണ്‍ടാക്ട് പാടില്ലെന്ന നിയമമാണ് താരം ലംഘിച്ചത്. ബുംറക്ക് ഒരു ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചു.
രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബോളർക്കെതിരെ ഐ.സി.സി യുടെ നടപടിയുണ്ടാവുന്നത്. ബാറ്റർ റണ്ണിനായി ഓടുമ്പോൾ മുന്നിലേക്ക് മനപ്പൂർവം കയറി നിന്ന് ബുംറ മാര്‍ഗ തടസമുണ്ടാക്കുകയായിരുന്നു എന്ന് ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. ഫീൽഡ് അമ്പയർമാരായ പോൾ റെയ്ഫൽ, ക്രിസ് ഗെഫാനി, തേർഡ് അമ്പയർ മരിയസ് ഇറാസ്മസ്, ഫോർത്ത് അമ്പയർ രോഹൻ പണ്ഡിറ്റ് എന്നിവർ ചേർന്നാണ് ബുംറക്കെതിരെ കുറ്റം ചുമത്തിയത്.
മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഒലി പോപ്പ് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇരട്ട സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെയാണ് താരം വീണത്. ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം ബുംറ കാഴ്ച്ചവച്ചത്. ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റാണ് പിഴുതത്. ഇംഗ്ലണ്ടിനെതിരെ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.