Sports
ബുമ്ര ഔട്ട്; ഏകദിന പരമ്പരയില്‍ നിന്നൊഴിവാക്കി
Sports

ബുമ്ര ഔട്ട്; ഏകദിന പരമ്പരയില്‍ നിന്നൊഴിവാക്കി

Web Desk
|
9 Jan 2023 10:47 AM GMT

പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ലോകകപ്പ് അടക്കം വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്‍റുകളിലും സീരിയസുകളിലും ബുമ്രയെ ഉറപ്പാക്കാന്‍ വേണ്ടിയാണ് ബി.സി.സി.ഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ലോകകപ്പ് അടക്കം വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്‍റുകളിലും സീരിയസുകളിലും ബുമ്രയെ ഉറപ്പാക്കാന്‍ വേണ്ടിയാണ് ബി.സി.സി.ഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.

നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കായി ആദ്യ പ്രഖ്യാപിച്ചിരുന്ന ടീമില്‍ ബുമ്ര ഉണ്ടായിരുന്നില്ല. എന്നാല്‍ താരത്തിന്‍റെ പരിക്ക് പൂര്‍ണമായും ഭേദമായതിനെത്തുടര്‍ന്ന് അവസാന നിമിഷം ബുമ്രയെ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നിട്ടും ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിനുള്ള സംഘത്തിനൊപ്പം ബുമ്ര ചേര്‍ന്നിരുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഈ വര്‍ഷം വരാനിരിക്കുന്ന സുപ്രധാന പരമ്പരകളും ടൂര്‍ണമെന്‍റുകളും പരിഗണിച്ച് താരത്തെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം. ഈ സാഹചര്യത്തില്‍ ബുമ്രയെ ഔദ്യോഗികമായി ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെങ്കിലും ഏകദിന പരമ്പരയില്‍ ബുമ്രയെ ടീമിലേക്ക് പരിഗണിക്കില്ല. ഇക്കാര്യം അറിയുന്നത് കൊണ്ടാണ് ബുമ്ര ടീമിനൊപ്പം ചേരാത്തത് എന്നാണ് നിലവിലെ സൂചന.

നാളെ ആദ്യ മത്സരം

ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയിലെ വിജയം ഏകദിനത്തിലും തുടരാൻ ടീം ഇന്ത്യ. നാളെയാണ് പരമ്പരയിലെ ആദ്യ ഏകദിനം. ഈ വർഷം ഇന്ത്യയിൽ ലോകകപ്പ് നടക്കാനുള്ളതിനാൽ പരമ്പര വിജയം എന്നതിൽ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല. ടി20യിലെ രണ്ടാം മത്സരത്തിലെ തോൽവി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അവസാനത്തെ മത്സരം വലിയ മാർജിനിൽ ജയിച്ച് പരമ്പര നേടി ടീം ഇന്ത്യ വിമർശകരുടെ വായടപ്പിച്ചു.

മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഗുവാഹത്തിയിൽ നാളെ ഉച്ചക്ക് 1.30 നാണ് ആദ്യ മത്സരം.ടി20 പരമ്പരയിൽ ഇന്ത്യ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. പക്ഷേ ഏകദിനത്തിൽ ഇവരൊക്കെ തിരിച്ചെത്തിയിട്ടുണ്ട്. ലോകകപ്പ് മുന്നിൽ കണ്ടുള്ള ടീമിനെ ഇറക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ഓപ്പണിങ് കൂട്ടുകെട്ടിലെ അടുത്ത പ്ലെയർ ഏതാവണമെന്നതാണ് സെലക്ഷൻ കമ്മിറ്റി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ ഇഷാൻ കിഷനും ഷുബ്മാൻ ഗില്ലും തമ്മിലായിരിക്കും മത്സരം. കഴിഞ്ഞ മത്സരത്തിൽ ഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇഷാൻ കിഷനാകട്ടെ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വുറി നേടിയതിന്റെ തിളക്കത്തിലാണ്.

ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കുന്ന ബി.സി.സി.ഐ ഇഷാനെ ഓപ്പണിങ്ങിൽ പരിഗണിക്കാനാണ് സാധ്യത. സ്റ്റമ്പിന് പിറകില്‍ ആര് വരുമെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഇഷാൻ കിഷനും കെ.എൽ രാഹുലുമാണ് ടീമിലുള്ളത്. ഇതിൽ രാഹുലിനെ കീപ്പറാക്കിയാൽ കിഷന് പ്ലേയിങ് ഇലവനിലേക്കുള്ള സാധ്യത മങ്ങുകയും ചെയ്യും. ഋഷഭ് പന്തിന്റെ അഭാവത്തിൽ അഞ്ചാം നമ്പറിൽ സൂര്യകുമാർ യാദവ് കളിച്ചേക്കും. നാലാം നമ്പറിൽ ശ്രേയസ് അയ്യർക്കാവും അവസരം.

പേസ് നിരയിൽ മികച്ച പ്ലേയേഴ്‌സിനെ തന്നെയാണ് ടീമിൽ ഇടം നൽകിയിരിക്കുന്നത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷദീപ് സിങ് എന്നിവരാണ് പേസ് കരുത്ത്. അർഷദീപ് മിന്നും ഫോമിലാണ്. ലങ്കയ്‌ക്കെതിരായ അവസാന ടി20 യിൽ മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഇവരിൽ ആരൊക്കെ അവസാന ഇലവനിൽ കയറിപ്പറ്റും എന്നാണ് കണ്ടറിയേണ്ടത്.

ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്.

അതേസമയം, ടി20 സ്ഥിരം ക്യാപ്റ്റനായി ഹർദിക്കിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹർദിക് ടി20യിൽ ഇതുവരെ എട്ടു മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇതിൽ ഒരു കളിയിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ഹർദിക്കിന് കീഴിൽ ഇന്ത്യയുടെ മൂന്നാമത്തെ ടി20 പരമ്പര നേട്ടമാണ്


Similar Posts