നാനൂറാന്‍; ചരിത്ര നേട്ടത്തില്‍ ജസ്പ്രീത് ബുംറ
|അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പിന്നിട്ട് ജസ്പ്രീത് ബുംറ
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് പിന്നിട്ട് ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഹസൻ മഹ്‌മൂദിനെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചാണ് ബുംറ ഈ ചരിത്ര നേടത്തിൽ തൊട്ടത്. മത്സരത്തിൽ ഇതിനോടകം ബുംറ നാല് വിക്കറ്റുകൾ തന്റെ പേരിൽ കുറിച്ച് കഴിഞ്ഞു. ശദ്മാൻ ഇസ്ലാം, മുശ്ഫിഖു റഹീം, ഹസൻ മഹ്‌മൂദ്, തസ്‌കിൻ അഹ്‌മദ് എന്നിവരെയാണ് ബുംറ കൂടാരം കയറ്റിയത്. ടെസ്റ്റിൽ 159 വിക്കറ്റും ഏകദിനത്തിൽ 149 വിക്കറ്റും ടി20 യിൽ 89 വിക്കറ്റുമാണ് ബുംറയുടെ സമ്പാദ്യം
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 376 റണ്‍സ് പിന്തുടർന്ന് രണ്ടാംദിനം ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് വന്‍ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 144-9 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ചെറിയ ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി. ആകാശ്ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ 339-6 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ ചെറുത്ത്‌നിൽപ്പ് 376ൽ അവസാനിച്ചു. ആദ്യദിനം സെഞ്ച്വറി നേടിയ ആർ അശ്വിൻ 113 റൺസിലും രവീന്ദ്ര ജഡേജ 86 റൺസിലും മടങ്ങി. ഇരുവരുടേയും വിക്കറ്റ് നേടി ടസ്‌കിൻ അഹമ്മദ് ബംഗ്ലാദേശിന് പ്രതീക്ഷ നൽകി.
മറുപടി ബാറ്റിങിൽ സന്ദർശകരുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ രണ്ട് റൺസ് തെളിയുമ്പോഴേക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശദ്മാൻ ഇസ്‌ലാമിനെ ബുംറ ക്ലീൻബൗൾഡാക്കി. തൊട്ടുപിന്നാലെ സക്കീർ ഹസനെ ആകാഷ് ദീപും പുറത്താക്കി. മൊയിമുൽ ഹഖ്(0), മുഷ്ഫിഖുൽ റഹിം(8),ക്യപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ(20) മടങ്ങിയതോടെ 40-5 എന്ന നിലയിൽ വൻതിരിച്ചടി നേരിട്ടു. എന്നാൽ ആറാംവിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് അൽ ഹസൻ(32), ലിട്ടൻദാസ്(22) കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരേയും പുറത്താക്കി രവീന്ദ്ര ജഡേജ ഇരട്ടപ്രഹരമേൽപ്പിച്ചു.