Sports
ഫ്രാന്‍സിന്‍റെ നെഞ്ചിടിപ്പിച്ച ബൈസിക്കിള്‍ കിക്ക്; ഇങ്ങനെയൊരു മൊറോക്കോയെ ഇതുവരെ കണ്ടിട്ടില്ല
Sports

ഫ്രാന്‍സിന്‍റെ നെഞ്ചിടിപ്പിച്ച ബൈസിക്കിള്‍ കിക്ക്; ഇങ്ങനെയൊരു മൊറോക്കോയെ ഇതുവരെ കണ്ടിട്ടില്ല

Web Desk
|
14 Dec 2022 8:44 PM GMT

ഒരു ഗോൾ പിന്നില്‍ നിന്നിട്ടും ഒടുങ്ങാത്ത മൊറോക്കോയുടെ പോരാട്ട വീര്യം കൂടിയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്.

ഖത്തർ ലോകകപ്പില്‍ സര്‍വരേയും ഞെട്ടിച്ച് സെമിഫൈനലിലെത്തിയ മൊറോക്കോയെ അഞ്ചാം മിനുട്ടിൽ ഫ്രാന്‍സ് പൂട്ടിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ആഫ്രിക്കന്‍ കരുത്തിനെയാണ് പിന്നീട് അല്‍ബെയ്ത്ത് സ്റ്റേഡിയം കണ്ടത്. ഇതുവരെ എതിര്‍ടീമിലെ ഒരു താരത്തിനും കീഴടക്കാന്‍ കഴിയാതിരുന്നു യാസീന്‍ ബോനുവിന്‍റെ കോട്ടക്കാണ് തിയോ ഹെര്‍ണാണ്ടസ് വിള്ളല്‍ വീഴ്ത്തിയത്.

ഒരു ഗോള്‍ വഴങ്ങിയതോടെ മൊറോക്കോ ഫ്രഞ്ച് ബോക്സിലേക്ക് തുടരെ മിന്നലാക്രമണങ്ങളാണ് അഴിച്ചുവിട്ടത്. തുടരെ ആക്രമണങ്ങള്‍. സിയെച്ചും ബൌഫല്‍ യൂസുഫെന്നെസീരിയുമെല്ലാം പന്തുമായി നിരന്തരം കുതിച്ചു. കളിയുടെ 43-ാം മിനുട്ടില്‍ മൊറോക്കോക്ക് ലഭിച്ച കോര്‍ണറിനൊടുവില്‍ ജവാദ് അൽ യാമിഖിന്‍റെ ഗൊളെന്നുറച്ച ഒരു ആക്രോബാറ്റിക് സ്കില്ലില്‍ ശരിക്കും ഫ്രാന്‍സ് വിറച്ചു. ബോക്സില്‍ നിന്ന് നിന്ന നില്‍പ്പില്‍ വായുവില്‍ ചാടിയുയര്‍ന്ന് വെടിയുണ്ടയുടെ വേഗത്തില്‍ പോസ്റ്റിലേക്ക് ഒരു ബൈസിക്കിള്‍ കിക്ക്.

പക്ഷേ സെന്‍റിമീറ്റര്‍ വ്യത്യാസത്തില്‍ പന്ത് ബോക്സിലിടിച്ച് പുറത്തേക്ക് പോകുന്നു. മൊറോക്കന്‍ ആരാധകര്‍ തരിച്ചുനിന്നുപോയ നിമിഷം. ഒരു ഗോൾ വീണിട്ടും ഒടുങ്ങാത്ത മൊറോക്കോയുടെ പോരാട്ട വീര്യം കൂടിയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്. ഒരുപക്ഷേ ആ ഷോട്ട് ഗോളായിരുന്നെങ്കില്‍ ഈ ലോകകപ്പിലെത്തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നാകുമായിരുന്നു അത്.

യാമിഖിന്‍റെ ഷോട്ട്‌ പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും പന്ത് വീണ്ടെടുത്ത ബൗഫലും മികച്ച ഒരു ഷോട്ടെടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.

കാര്‍ഡ് വിവാദം

ഖത്തർ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിനിടെ വിവാദം. ഫ്രാൻസിന്റെ ബോക്‌സിൽ അവരുടെ വിങ് ബാക്കർ തിയോ ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന് റഫറി മൊറോക്കൻ താരം സൊഫിയാനേ ബൗഫലിന് മഞ്ഞക്കാർഡ് നൽകിയതാണ് വിവാദമായിരിക്കുന്നത്.

വീഡിയോ റിപ്ലേയിൽ ഫ്രാൻസ് താരമാണ് മൊറോക്കൻ താരത്തെ ഫൗൾ ചെയ്യുന്നത് വ്യക്തമായതിന് പിന്നാലെയാണ് വിവാദമായത്. ബോക്‌സിനകത്ത് മൊറോക്കൻ താരത്തെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചില്ലെന്നും പകരമായി ഫൗൾ ചെയ്യപ്പെട്ട താരത്തിന് മഞ്ഞക്കാർഡ് നൽകുകയാണ് ചെയ്തതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Similar Posts