Sports
ദിമിയുടെ പകരക്കാരനാവുമോ ജീസസ് ? പ്രതീക്ഷയോടെ ആരാധകര്‍
Sports

ദിമിയുടെ പകരക്കാരനാവുമോ ജീസസ് ? പ്രതീക്ഷയോടെ ആരാധകര്‍

Web Desk
|
2 Sep 2024 2:28 PM GMT

ജീസസിനെ റാഞ്ചിയതിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പ്രതികരിച്ചത്

ഐ.എസ്.എൽ പതിനൊന്നാം സീസണിന് തിരശീല ഉയരാൻ ഇനി ബാക്കിയുള്ളത് വെറും 11 ദിവസങ്ങൾ. കിരീടമില്ലാത്ത ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഇന്ത്യൻ ഫുട്‌ബോളിന്റെ പോർനിലങ്ങളില്‍ പടക്കിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇക്കുറി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ അത്രക്ക് സുഖകരമല്ല കാര്യങ്ങൾ. മുൻ സീസണുകളിലെ വീഴ്ചകളിൽ നിന്ന് ഒരു പാടവും പഠിക്കാത്ത ടീം മാനേജ്‌മെന്റിന്റെ നിലപാടുകളോട് പരസ്യമായി അമർഷം പ്രകടപ്പിച്ച് തുടങ്ങിയിരിക്കുന്നു ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട കഴിഞ്ഞ ദിവസം ടീം മാനേജ്‌മെന്റിനയച്ച തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ടീമിനെ ആരാധകർ ഭ്രാന്തമായി സ്‌നേഹിക്കുന്നത് പോലെ തിരിച്ച് ടീമിന് ആരാധകരോടും കൂറുണ്ടാവണെന്നാണ് മഞ്ഞപ്പട മാനേജ്‌മെന്റിനെ ഉണർത്തിയത്. ഈ സീസണിൽ ടീമിന്റെ ട്രാൻസ്ഫർ പോളിസികളെ കുറിച്ച വിമർശനങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ഉച്ചത്തിൽ ഉയർന്ന് കേൾക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ പുതിയ സൈനിങ്ങിനെ പ്രഖ്യാപിച്ചത്. ജീസസ് ജിമെനസ്.

ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ സ്പാനിഷ് മണ്ണിൽ നിന്നുള്ള ജീസസിന്റെ വരവ് ആരാധകർക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. കഴിഞ്ഞ സീസണിൽ ടീമിന്റെ ഗോളടി യന്ത്രമായിരുന്നു ഗ്രീക്ക് മജീഷ്യൻ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ പടിയിറക്കം സൃഷ്ടിച്ച വിടവ് വലുതാണെന്ന് ഡ്യൂറന്റ് കപ്പിലടക്കം നമ്മൾ കണ്ടതാണ്. ജീസസിന് ആ വിടവ് നികത്താനാവുമോ എന്നാണ് ആരാധകർക്കറിയേണ്ടത്. ഗ്രീക്ക് സൂപ്പർ ലീഗ് ക്ലബ്ബായ ഒ.എഫ്.ഐ ക്രീറ്റ് എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് ജീസസിനെ റാഞ്ചിയത്.

സ്പാനിഷ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലെഗാനെസിന്റെ യൂത്ത് ടീമിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്കുള്ള ജീസസിന്റെ രംഗപ്രവേശം. രണ്ട് സീസൺ ഡിപ്പോർട്ടീവോയുടെ റിസർവ് ടീമിലുണ്ടായിരുന്ന താരത്തിന്റെ തലവര തെളിയുന്നത് സ്പാനിഷ് തേർഡ് ഡിവിഷൻ ക്ലബ്ബായ എഫ്.സി ടലവേരക്കൊപ്പമാണ്. 2016-17 സീസണിൽ ടലവേര ജഴ്‌സിയിൽ 33 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് ജീസസ് അടിച്ച് കൂട്ടിയത്. ആ സീസണിൽ ടീമിന് സെക്കന്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടലവേരക്കൊപ്പമുള്ള രണ്ട് സീസണുകളിൽ 68 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ താരം തന്റെ പേരിൽ കുറിച്ചു.

2018 ൽ പോളിഷ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഗോർണിക് സാബ്രസേയിലേക്ക് കൂടുമാറിയ ജീസസ് കുറഞ്ഞ കാലം കൊണ്ട് തന്നെ ടീമിന്റെ കുന്തമുനയായി മാറി. പോളിഷ് ലീഗിലും യൂറോപ്പ ലീഗിലും പോളിഷ് കപ്പിലുമൊക്കെ ഗോളടിച്ച് കൂട്ടിയ താരം 134 മത്സരങ്ങളിൽ നിന്ന് 43 തവണയാണ് ടീമിനായി വലകുലുക്കിയത്. 26 അസിസ്റ്റുകളും ഈ 30 കാരൻ തന്റെ പേരിൽ കുറിച്ചു.

ഗ്രീക്ക് മണ്ണിലേക്കുള്ള കൂടുമാറ്റത്തിന് മുമ്പ് എം.എൽ.എസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളായ എഫ്.സി ഡല്ലാസിനായും ടൊറണ്ടോ എഫ്.സിക്കായും ജീസസ് ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കൻ മണ്ണിൽ ഒമ്പത് ഗോളും ആറ് അസിസ്റ്റുമായിരുന്നു താരത്തിന്റെ സമ്പാദ്യം. 2023 ൽ ഡല്ലാസിൽ നിന്ന് ഒ.എഫ്.ഐ ക്രീറ്റിലെത്തിയ താരം പരിക്കിനെ തുടർന്ന് അധിക സമയവും കളത്തിന് പുറത്തായിരുന്നു. വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ മാത്രമാണ് ക്രീറ്റ് ജഴ്‌സിയിൽ താരത്തിന് പന്ത് തട്ടാനായത്.

ജീസസിനെ റാഞ്ചിയതിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പ്രതികരിച്ചത്. 'ഇക്കുറി നമ്മൾ നടത്തിയ ഏറ്റവും മികച്ച സൈനിങ്ങാണ് ജീസസിന്റേത്. വിവിധ ലീഗുകളിൽ കളിച്ച സ്പാനിഷ് താരത്തിന്റെ അനുഭവ സമ്പത്ത് നമുക്ക് മുതൽക്കൂട്ടാവും. ജീസസിന്റെ ഗോളടി മികവ് നമ്മുടെ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും. ഇക്കുറി ബ്ലാസ്റ്റേഴ്‌സിന്റെ ക്യാമ്പയിനിൽ ജീസസ് നിർണായക പങ്കുവഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.' സ്‌കിൻകിസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനൊപ്പം പന്ത് തട്ടുന്നതിന്റെ ആകാംക്ഷ ജീസസും മറച്ച് വച്ചില്ല. കൂടുമാറ്റത്തിന് ശേഷം താരത്തിന്റെ ആദ്യ പ്രതികണം ഇങ്ങനെ. ''കരിയറിലെ പുതിയ അധ്യായം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ആരംഭിക്കാനായതിന്റെ ത്രില്ലിലാണ് ഞാൻ. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ടീമിനോടുള്ള അടങ്ങാത്ത അഭിനിവേശവും ക്ലബ്ബിന്റെ കാഴ്ചപ്പാടുകളും എന്റെ ആഗ്രഹങ്ങളും ഒത്തു പോകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത് കളത്തിനകത്തും പുറത്തും അവിസ്മരണീയമായ ഓർമകൾ ബാക്കിയാക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.'' ഏതായാലും ജീസസിന്റെ സൈനിങ് ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Similar Posts