Sports
ലോക ചാംപ്യൻമാരെ പിന്നിലാക്കി കമൽപ്രീത് ഫൈനലിൽ; ഡിസ്‌കസ് ത്രോയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ
Sports

ലോക ചാംപ്യൻമാരെ പിന്നിലാക്കി കമൽപ്രീത് ഫൈനലിൽ; ഡിസ്‌കസ് ത്രോയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ

Web Desk
|
31 July 2021 11:15 AM GMT

നിലവിലെ ലോക ചാംപ്യനായ യൈമി പെരെസ്, ക്രൊയേഷ്യയുടെ ഒളിംപിക്‌ ചാംപ്യൻ സാന്ദ്ര പെർകോവിച്ച് എന്നിവരെയെല്ലാം പിന്നിലാക്കിയാണ് കമൽപ്രീത് കൗർ മികച്ച പ്രകടനം പുറത്തെടുത്തത്

ഇന്ത്യയുടെ മെഡൽ സ്വപ്‌നങ്ങളിലേക്ക് ഡിസ്‌കസ് പായിച്ച് കമൽപ്രീത് കൗർ. ഡിസ്‌കസ് ത്രോ വനിതാ വിഭാഗം യോഗ്യതാ റൗണ്ടിൽ നിലവിലെ ലോക ചാംപ്യനെ പിന്നിലാക്കിയ പഞ്ചാബ് താരം ഫൈനലിൽ പ്രവേശിച്ചു. ഇതേ പ്രകടനം തുടരുകയാണെങ്കിൽ തിങ്കളാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ മെഡലുമായി ഇന്ത്യയുടെ അഭിമാനമാകും കമൽപ്രീത്.

യോഗ്യതാ റൗണ്ട് ഗ്രൂപ്പ് 'ബി' വിഭാഗത്തില്‍ ആദ്യ ശ്രമത്തിൽ 60.29 മീറ്റർ ദൂരത്തിലാണ് താരം ഡിസ്‌കസ് അറിഞ്ഞത്. എന്നാൽ, രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ കടന്നു. അവസാന ശ്രമത്തിൽ ഫൈനലിലേക്ക് സ്വമേധയാ യോഗ്യത നേടാൻ വേണ്ട 64 മീറ്റർ ദൂരത്തിൽ ഡിസ്‌കസ് എറിഞ്ഞ് കമൽപ്രീത് ഞെട്ടിച്ചു. നിലവിലെ ലോക ചാംപ്യനായ യൈമി പെരെസ്(63.18 മീറ്റർ), ക്രൊയേഷ്യയുടെ ഒളിംപിക്‌സ് ചാംപ്യൻ സാന്ദ്ര പെർകോവിച്ച്(63.75) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് കമൽപ്രീത് മികച്ച പ്രകടനം പുറത്തെടുത്തത്.

ഇതാദ്യമായാണ് 25കാരിയായ കമൽപ്രീത് കൗർ ഒളിംപിക്‌സിനെത്തുന്നത്. ഇതിനുമുൻപ് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് അടക്കം ഒരു രാജ്യാന്തര മത്സരത്തിന്റെ പരിചയവും താരത്തിനില്ല. എന്നാൽ, 66.59 മീറ്റർ ദൂരത്തിന്റെ വ്യക്തിഗത ദേശീയ റെക്കോർഡ് കമൽപ്രീതിനു സ്വന്തമാണ്.

എ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ വെറ്ററൻ താരം സീമ പുനിയയ്ക്ക് ഫൈനൽ യോഗ്യത നേടാനായില്ല. നാലാം ഒളിംപിക്‌സ് കളിക്കുന്ന പുനിയയുടെ ഏറ്റവും മികച്ച ദൂരം 60.57 മീറ്റർ ആയിരുന്നു.

Similar Posts