Sports
അപമാനിച്ചില്ലെ, പിഎസ്എല്ലിൽ കളിക്കാനില്ല: തുറന്നടിച്ച് കംറാൻ അക്മൽ
Sports

'അപമാനിച്ചില്ലെ, പിഎസ്എല്ലിൽ കളിക്കാനില്ല': തുറന്നടിച്ച് കംറാൻ അക്മൽ

Web Desk
|
13 Dec 2021 10:48 AM GMT

പിഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവുമാണ് കംറാന്‍ അക്മല്‍.

പാകിസ്താന്‍ സൂപ്പര്‍ലീഗിന്റെ(പി.എസ്.എല്‍) അടുത്ത സീസണില്‍ കളിക്കാനില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റര്‍ കംറാന്‍ അക്മല്‍. ഗോൾഡ് വിഭാഗത്തിൽ നിന്ന് തരംതാഴ്ത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. കംറാന്‍ കളിച്ചിരുന്ന ടീമായ പെഷവാർ സാൽമി, ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ള കളിക്കാരുടെ ഡ്രാഫ്റ്റിലാണ് അദ്ദേഹത്തെ ഇപ്രാവശ്യം തെരഞ്ഞെടുത്തിരുന്നത്. ഇതിലുള്ള പ്രതിഷേധമെന്നോണമാണ് കംറാന്‍ പി.എസ്.എല്ലില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കുന്നത്.

പിഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവുമാണ് കംറാന്‍ അക്മല്‍. ടീം തന്നെ അപമാനിച്ചെന്നാണ് കംറാന്‍ അക്മല്‍ ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പ്രതികരിച്ചത്. 'ഇങ്ങനെ അവസാനിക്കണമെങ്കിൽ, അങ്ങനെയാകട്ടെ, പക്ഷേ ഞാൻ കളിക്കാൻ പോകുന്നില്ല"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"കഴിഞ്ഞ ആറു സീസണുകൾ മികച്ച യാത്രയായിരുന്നു. എപ്പോഴും ഒപ്പം നിന്നതിന് ജാവേദ് അഫ്രീദി, ഡാരെൻ സാമി, വഹാബ് റിയാസ് എന്നിവര്‍ക്ക് നന്ദി. ഈ വിഭാഗത്തിൽ കളിക്കാൻ യോഗ്യനല്ലെന്ന് ഞാൻ കരുതുന്നു, പെഷവാർ സാൽമിക്ക് വീണ്ടും നന്ദി. ഒപ്പം പിന്തുണച്ച എല്ലാ ആരാധകർക്കും "- കമ്രാൻ അക്മൽ ട്വീറ്റ് ചെയ്തു.

ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് ഫ്രാഞ്ചൈസികൾ ഇന്നലെ യോഗം ചേർന്നിരുന്നു. ഓരോ ഫ്രാഞ്ചൈസിക്കും എട്ട് കളിക്കാരെ വരെ നിലനിർത്താൻ അവസരമുണ്ടായിരുന്നു, അക്മലിനെ നിലനിർത്തേണ്ടതില്ലെന്ന് പെഷവാര്‍ സാൽമി തീരുമാനിക്കുകയായിരുന്നു. പകരം ഡ്രാഫ്റ്റിൽ നിന്ന് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റൻ വഹാബ് റിയാസിനെ നിലനിർത്തിയപ്പോൾ ഡയമണ്ട് വിഭാഗത്തിൽ നിന്ന് ഷുഹൈബ് മാലിക്കിനെ സ്വന്തമാക്കി. അഡീഷണൽ വിക്കറ്റ് കീപ്പറായി മുഹമ്മദ് ഹാരിസിനെയും ടീമിലെത്തിച്ചിട്ടുണ്ട്.

ജനുവരി 27ന് കറാച്ചിയിലാണ് പി‌എസ്‌എല്ലിന്റെ ഏഴാം പതിപ്പ് ആരംഭിക്കുന്നത്. അക്മലിന്റെ പിഎസ്എൽ റെക്കോർഡ് ശ്രദ്ധേയമാണ്. 69 കളികളിൽ നിന്നായി 1820 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ഗോള്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നില്‍ യുവകളിക്കാര്‍ക്ക് അവസരം കൊടുക്കാനെന്നാണ് പറയപ്പെടുന്നത്.

Related Tags :
Similar Posts