മുൻ പാക് താരം കമ്രാൻ അക്മലിന്റെ 90,000 രൂപ വിലയുള്ള ആടിനെ മോഷ്ടിച്ചു
|പാകിസ്താന് വേണ്ടി ദീർഘകാലം കളിച്ച താരമാണ് കമ്രാൻ അക്മൽ. രാജ്യത്തിനായി 53 ടെസ്റ്റുകളും 157 ഏകദിനവും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച കമ്രാൻ ഇപ്പോൾ ആഭ്യന്തര ടൂർണമെന്റുകളിൽ സജീവമാണ്.
ലാഹോർ: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം കമ്രാൻ അക്മലിന്റെ വീട്ടിൽ കള്ളൻ കയറി. ബലിയറുക്കാനായി അക്മൽ വാങ്ങിയ ആടുകളെ കള്ളൻ മോഷ്ടിച്ചതായാണ് റിപ്പോർട്ട്. അക്മലിന്റെ ലാഹോറിലുള്ള വസതിയിലാണ് മോഷണം നടന്നത്.
ബലിയറുക്കാനായി ആറ് ആടുകളെ വാങ്ങിയിരുന്നതായി കമ്രാന്റെ പിതാവ് പറഞ്ഞു. ഇവയെ വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്. അവരുടെ വീട്ടിലെ സഹായികളിൽ ഒരാൾക്ക് മൃഗങ്ങളെ പരിപാലിക്കാനുള്ള ചുമതല നൽകിയിരുന്നു. ഇയാൾ ഉറങ്ങുമ്പോൾ രാത്രി മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ബലിയറുക്കാനായി വാങ്ങിയ മികച്ച ഇനം ആടിനെയാണ് മോഷ്ടാവ് കൊണ്ടുപോയതെന്നും 90,000 രൂപ വില വരുമെന്നും കമ്രാന്റെ പിതാവ് പറഞ്ഞു.
മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്രാന്റെ വീടുൾപ്പെടുന്ന ഹൗസിങ് സൊസൈറ്റിയിലെ ജീവനക്കാർ പറഞ്ഞതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താന് വേണ്ടി ദീർഘകാലം കളിച്ച താരമാണ് കമ്രാൻ അക്മൽ. രാജ്യത്തിനായി 53 ടെസ്റ്റുകളും 157 ഏകദിനവും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച കമ്രാൻ ഇപ്പോൾ ആഭ്യന്തര ടൂർണമെന്റുകളിൽ സജീവമാണ്.