Viral
Saina Nehwal
Viral

'കായിക രംഗത്തെ കങ്കണ': ജാവലിൻ ത്രോയെക്കുറിച്ചുള്ള സൈനയുടെ പരാമർശത്തിന് ട്രോൾ, ഒടുവിൽ പ്രതികരണം...

Web Desk
|
14 Aug 2024 9:52 AM GMT

നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തോടെയാണ് ആദ്യമായി ജാവലിൻ ത്രോയെക്കുറിച്ച് കേൾക്കുന്നതെന്നായിരുന്നു സൈനയുടെ പരാമര്‍ശം

ഹൈദരാബാദ്: 2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ഇന്ത്യയ്‌ക്കായി സ്വർണമെഡൽ നേടുന്നതുവരെ ജാവലിൻ ത്രോയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ പരാമര്‍ശം കൊണ്ടെത്തിച്ചത് വന്‍ ട്രോളിലേക്ക്.

പ്രശസ്ത അവതാരകൻ ശുഭാംഗർ മിശ്രയുടെ യുട്യൂബ് ചാനലിലെ ഇന്റർവ്യൂവിലാണ്, നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തോടെയാണ് ആദ്യമായി ജാവലിൻ ത്രോയെക്കുറിച്ച് കേൾക്കുന്നതെന്ന് സൈന നെഹ്‌വാൾ പ്രതികരിച്ചത്.

‘‘ടോക്കിയോയിൽ നീരജ് ചോപ്ര സ്വർണം നേടിയപ്പോഴാണ്, അത്‌ലറ്റിക്സിന്റെ ഭാഗമായി ഇങ്ങനെയൊരു ഇനം (ജാവലിൻ ത്രോ) കൂടിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഒരു മത്സരം കാണുമ്പോഴല്ലേ അതേക്കുറിച്ച് മനസ്സിലാക്കാനാകൂ. ശരിയല്ലേ? കാണാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മൾ എങ്ങനെ അറിയും? എനിക്ക് ജാവലിൻ ത്രോയേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സത്യസന്ധമായി പറയുകയാണ്’’ – ഇങ്ങനെയായിരുന്നു സൈനയുടെ വാക്കുകള്‍.

ബാഡ്മിന്റനിലേക്കു വരുന്നതിനു മുൻപ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പ്രകാശ് പദുക്കോണിനെക്കുറിച്ചും കേട്ടിരുന്നില്ലെന്ന് സൈന അതേ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം, സൈനയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത പരിഹാസമാണ് ഉയർന്നത്.

കായിക താരമായിട്ടുപോലും ജാവലിന്‍ ത്രോ ഒളിംപിക്‌സിലെ മത്സരയിനമാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ താരത്തിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'സൈന നെഹ്‌വാൾ സ്‌പോർട്‌സിലെ കങ്കണ റണൗട്ടായി മാറുകയാണ്’ എന്നായിരുന്നു ശ്രദ്ധ പിടിച്ചുപറ്റിയൊരു കമന്റ്. പിന്നാലെ പലരും ഇക്കാര്യം രേഖപ്പെടുത്തിയായിരുന്നു വിമര്‍ശനവും ട്രോളുകളും എഴുതിയത്.

ഒടുവില്‍ ട്രോളുകളോട് പ്രതികരിച്ച് സൈനയും രംഗത്തെത്തി. സുന്ദരിയായ കങ്കണയുമായുള്ള താരതമ്യം ഒരു അംഗീകാരമായാണ് കാണുന്നതെന്നായിരുന്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൈന വ്യക്തമാക്കിയത്.

'ഈ അഭിനന്ദനത്തിന് നന്ദി. കങ്കണ സുന്ദരിയാണ്. എന്റെ കായിക മേഖലയില്‍ മികച്ചതാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരമാവാനും രാജ്യത്തിന് വേണ്ടി ഒളിംപിക് മെഡല്‍ നേടാനും കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു. ഞാന്‍ വീണ്ടും പറയുകയാണ്, വീട്ടിലിരുന്ന് കമന്റിടാന്‍ വളരെ എളുപ്പമാണ്. പക്ഷേ കളത്തിലിറങ്ങി കളിക്കുന്നത് പ്രയാസമാണ്. നീരജ് ചോപ്ര നമ്മുടെ സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം കായിക രംഗത്തെ ഇന്ത്യയില്‍ ജനപ്രിയമാക്കി'- ഇങ്ങനെയായിരുന്നു സൈനയുടെ കുറിപ്പ്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്ത റീഷെയര്‍ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്.


Similar Posts