'വിളിച്ചില്ല, അത് കൊണ്ട് പോയില്ല'; ലോകകപ്പ് ഫൈനലിന് ക്ഷണം ലഭിച്ചില്ലെന്ന് കപിൽ ദേവ്
|'1983 ലോകകപ്പ് നേടിയ എല്ലാ താരങ്ങളും അഹ്മദാബാദിലുണ്ടാവണം എന്ന് ഞാനാഗ്രഹിച്ചിരുന്നു'
ലോകകപ്പ് കലാശപ്പോരിന് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ നായകനും ലോകകപ്പ് ജേതാവുമായ കപിൽദേവ്. 1983 ലോകകപ്പ് നേടിയ മുഴുവൻ ടീംമംഗങ്ങളും അഹ്മദാബാദ് സ്റ്റേഡിയത്തിലുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു എന്നും എന്നാൽ ആർക്കും ക്ഷണം ലഭിച്ചിട്ടില്ലെന്നും കപിൽ പറഞ്ഞു.
''ലോകകപ്പ് കലാശപ്പോരിന് എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. അത് കൊണ്ട് പോയില്ല. 1983 ലോകകപ്പ് നേടിയ എല്ലാ താരങ്ങളും അഹ്മദാബാദിലുണ്ടാവണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. ആർക്കും ക്ഷണം ലഭിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് ലോകകപ്പ് പോലൊരു വലിയ വേദിയിൽ സംഘാടകർ മുഴുവൻ വലിയ തിരക്കുകളിലാവും. അത് കൊണ്ട് മറന്നു പോയതാവും''- കപിൽ പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി കപിലിന്റെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. ഒരുകാലത്ത് ലോകക്രിക്കറ്റിലെ അതികായരായിരുന്ന വിന്‍ഡീസിനെ പരാജയപ്പെടുത്തിയായിരുന്നു 1983 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണം.
അതേ സമയം ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ തകർച്ചക്ക് ശേഷം ഓസീസ് കരകയറി . 24 ഓവർ പിന്നിടുമ്പോൾ ആസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിലാണ്. ട്രാവിസ് ഹെഡ് അർധ സെഞ്ച്വറി നേടി. ഹെഡിന് കൂട്ടായി(54) മാർനസ് ലബുഷെയിൻ ആണ്(25) ക്രീസിൽ. ഇരുവരുടെയും കൂട്ടുകെട്ട് 79 പിന്നിട്ടു.