മലയാളിക്കരുത്തില്‍ മഞ്ഞപ്പട; ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം
|വലകുലുക്കി മലയാളി താരങ്ങളായ മുഹമ്മദ് അയ്മനും നിഹാല്‍ സുധീഷും
ഹൈദരാബാദ്: തുടർ തോൽവികളിൽ ഏറെ പഴികേട്ട മലയാളികളുടെ സ്വന്തം മഞ്ഞപ്പടക്ക് ഒടുവില്‍ മലയാളിത്തിളക്കമുള്ള വിജയം. മുഹമ്മദ് അയ്മനും നിഹാൽ സുധീഷും ഗോളുകളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തത്. ദെയ്സുകേ സകായാണ് ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന ഗോൾ നേടിയത്. ലീഗിലെ അവസാന സ്ഥാനക്കാരോടാണെങ്കിലും ഈ ജയം ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ വലിയ ഊർജം നൽകുമെന്നുറപ്പ്. പ്ലേ ഓഫില്‍ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച മഞ്ഞപ്പട 37ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സൗരവ് മണ്ടാലിന്റെ മനോഹരമായൊരു ക്രോസിനെ ഗോളിലേക്ക് തലകൊണ്ട് തിരിച്ച് മുഹമ്മദ് അയ്മനാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ വെടി പൊട്ടിച്ചത്. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി അയ്മന്റെ ആദ്യ ഗോളാണിത്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ കണ്ടാണ് കളി ആരംഭിച്ചത്. 51 ാം മിനിറ്റില്‍ ദെയ്സുകേ സകായിലൂടെ മഞ്ഞപ്പട ലീഡുയര്‍ത്തി. ഈ ഗോളിലേക്ക് വഴിയൊരുക്കിയതും സൗരവാണ്. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ അയ്മൻ സൗരവിന് പന്ത് നീക്കുന്നു. പാഞ്ഞെത്തിയ സൗരവ് പന്തിനെ ഗോൾ മുഖത്തേക്ക് തിരിച്ചു. ദെയ്സുകേ സകായുടെ മനോഹര ഫിനിഷ്. സ്കോർ 2-0.
81ാം മിനിറ്റിൽ മലയാളി താരം നിഹാൽ സുധീഷ് ഹൈദരാബാദിന്റെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറി ഗോളിന് വഴിയൊരുക്കിയത് അയ്മനാണ്. അയ്മന്റെ പാസ് പിടിച്ചെടുത്ത് ഗോൾമുഖത്തേക്ക് കുതിച്ച നിഹാലിന്റെ തകർപ്പനടി ഗോൾകീപ്പറെയും മറികടന്ന് വലയിൽ ചുംബിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജോവോ വിക്ടറാണ് ഹൈദരാബാദിനായി ആശ്വാസ ഗോള്‍ നേടിയത്. ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ അയ്മനാണ് കളിയിലെ താരം.
തോറ്റെങ്കിലും കളിയിലുടനീളം മികച്ച പോരാട്ട വീര്യം കാഴ്ചവച്ചാണ് ഹൈദരാബാദ് മുട്ടുമടക്കിയത്. മത്സരത്തില്‍ പലതവണ ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍വലയെ ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് ഹൈദരാബാദ് ഉതിര്‍ത്തത്. ബ്ലാസ്റ്റേഴ്സാവട്ടെ ഏഴ് തവണ ഹൈദരാബാദ് ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു.