Sports
വരൂ, നമുക്ക് ടെസ്റ്റ് കളിക്കാം..., രാഹുല്‍ എയറില്‍; സഞ്ജുവിനെ തിരിച്ചുവിളിക്കൂ എന്ന് സോഷ്യല്‍ മീഡിയ
Sports

'വരൂ, നമുക്ക് ടെസ്റ്റ് കളിക്കാം...', രാഹുല്‍ എയറില്‍; സഞ്ജുവിനെ തിരിച്ചുവിളിക്കൂ എന്ന് സോഷ്യല്‍ മീഡിയ

Web Desk
|
1 Sep 2022 1:47 PM GMT

സഞ്ജു സാംസണെയും ദീപക് ഹൂഡയെയും പോലുള്ള താരങ്ങള്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമിന് പുറത്തുനില്‍ക്കുകയാണെന്ന വസ്തുതയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. അപ്പോഴാണ് ടി20 ഫോര്‍മാറ്റില്‍ ടെസ്റ്റ് ഇന്നിങ്സുകള്‍ക്ക് സമാനമായ കളിയുമായി രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത്.

ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ മോശം പ്രകടനത്തിലെ പിന്നാലെ കെ.എല്‍ രാഹുലിന് നേരെ രൂക്ഷവിമര്‍ശനം. താരത്തിന്‍റെ മെല്ലെപ്പോക്ക് ഇന്നിങ്സിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം രംഗത്തുവന്നിട്ടുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ പൂജ്യത്തിന് പുറത്തായ രാഹുല്‍ ദുര്‍ബലരായ ഹോങ്കോങിനെതിരെ 39 പന്തില്‍ 36 റണ്‍സാണെടുത്തത്. ടീമിന്‍റെ ഓപ്പണറായിറങ്ങുന്ന രാഹുല്‍ ഒരു ടി20 ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യേണ്ട രീതിയിലേ അല്ല ഇന്നിങ്സ് കളിക്കുന്നത്. ബാറ്റിങ് പവര്‍ പ്ലേ ഓവറുകളില്‍ പോലും വലിയ ഷോട്ടുകള്‍ക്ക് മുതിരാത്ത രാഹുലിന്‍റെ ശൈലിയെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യം ചെയ്യുകയാണ്.

വ്യക്തിഗത നേട്ടം മാത്രം ശ്രദ്ധിച്ച് റണ്‍സെടുക്കാന്‍ ശ്രമിക്കുകയും ടീമിനെ സമ്മര്‍ദത്തിലാക്കുകയുമാണ് രാഹുല്‍ ചെയ്യുന്നതെന്നാണ് പ്രധാന വിമര്‍ശനം. സഞ്ജു സാംസണെയും ദീപക് ഹൂഡയെയും പോലുള്ള താരങ്ങള്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമിന് പുറത്തുനില്‍ക്കുകയാണെന്ന വസ്തുതയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. അപ്പോഴാണ് ടി20 ഫോര്‍മാറ്റില്‍ ടെസ്റ്റ് ഇന്നിങ്സുകള്‍ക്ക് സമാനമായ കളിയുമായി രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത്. സ്വന്തം സ്കോര്‍ മാത്രം നോക്കുന്ന രാഹുല്‍ ഒരു ശരിയായ ടീം പ്ലെയര്‍ അല്ലെന്നും ഇത് തുടര്‍ന്നാല്‍ അത് ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ വെങ്കടേഷ് പ്രസാദും രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'പിച്ചില്‍ കാണാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് രാഹുലിനെ പരിഹസിച്ച വെങ്കിടേഷ് പ്രസാദ് ഇത്തരം സമീപനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു വെങ്കടേഷ് പ്രസാദിന്‍റെ വിമര്‍ശനം.

എന്നാല്‍ രാഹുലിനെ അനുകൂലിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തി. എല്ലാ താരങ്ങൾക്കും താളം കണ്ടെത്താന്‍ ആവശ്യത്തിന് സമയം നൽകുന്ന രീതിയാണ് ഇപ്പോള്‍ ഇന്ത്യൻ ടീമിൽ തുടരുന്നതെന്നും ടീമിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും ജാഫര്‍ പറയുന്നു. ഒന്നോ രണ്ടോ മത്സരത്തില്‍ ഫോം ഔട്ടായി എന്നതുകൊണ്ട് രാഹുലിനെ ടീമിൽനിന്നു പുറത്താക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോങ്കോങ്ങിനെപ്പോലെ താരതമ്യേന ദുര്‍ബലരായൊരു ടീമിനെതിരേ രാഹുലിനെപ്പോലെയൊരു താരത്തില്‍ നിന്ന് വമ്പന്‍ പ്രകടനമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. ഇടക്കാലത്തെ പരിക്കിന്‍റെ ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ നാല് ഇന്നിങ്‌സുകളിലാണ് ആകെ ബാറ്റ് ചെയ്തത്. അതില്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് തിളങ്ങാനായില്ല.

മൂന്ന് മാസത്തെ ഇടവേളക്കുശേഷം സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് രാഹുല്‍ ടീമില്‍ തിരിച്ചെത്തുന്നത്. സിംബാബ്വെക്കെതിരെ ഓപ്പണറായി കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു റണ്ണും 46 പന്തില്‍ 30 റണ്‍സുമെടുത്തുമാണ് രാഹുല്‍ പുറത്തായത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി. രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെതിരെ താരം തിരികെ ഫോമിലെത്തുമെന്ന് കരുതിയിരിക്കുമ്പോഴാണ് 36 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്സിനെ സമ്മര്‍ദത്തിലാക്കിയത്.

രണ്ട് മാസത്തിനുള്ളില്‍ ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന്‍റെ ഫോം ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഭാവി ക്യാപ്റ്റനെന്ന നിലയിലും ടീമിലെ സീനിയര്‍ താരമെന്ന നിലയ്ക്കും രാാഹുലിന്‍റെ ഫോം ഇന്ത്യക്ക് ആശങ്ക മാത്രമാണ് നല്‍കുന്നത്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും പലപ്പോഴും രാഹുലിന്‍റെ സ്ട്രൈക് റേറ്റ് വില്ലനാകാറാണ് പതിവ്. നിര്‍ണായക മത്സരങ്ങളില്‍ ആദ്യമേ പുറത്തായി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന രാഹുല്‍ 20 ഓവറും പുറത്താകാതെ നിന്നാല്‍ മാത്രമേ ടീം സ്കോറിന് ഗുണമുണ്ടാകുകയുള്ളൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുഴുവന്‍ ഓവറുകളും കളിച്ച് നോട്ടൌട്ടാകുകയാണെങ്കില്‍ ഇന്നിങ്സിന്‍റെ അവസാനം സ്കോര്‍കാര്‍ഡില്‍ തരക്കേടില്ലാത്ത സ്ട്രൈക് റേറ്റ് ഉണ്ടാക്കുമെങ്കിലും ആദ്യ പന്തുകളിലെ നല്ലൊരു ശതമാനവും രാഹുല്‍ ടെസ്റ്റ് കളിക്കുകയായിരിക്കും. ഈ രീതി ടീമിന് ഗുണകരമല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തിഗത പ്രകടനം മാത്രം നോക്കി കളിക്കുന്ന രാഹുലിന് പകരം സഞ്ജുവിനെയോ ഇഷാന്‍ കിഷനെയോ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Similar Posts