വിമര്‍ശകരേ... ഇനി പുതിയ വല്ലതും കൊണ്ട് വരൂ
|സ്ട്രൈക്ക് റൈറ്റ് വിമര്‍ശകരുടെ വായടപ്പിച്ച് കൊണ്ടേയിരിക്കുന്ന കോഹ്ലി
'ഏതെങ്കിലും ക്യാമറക്ക് മുന്നിൽ ചടഞ്ഞിരുന്ന് നിങ്ങളെങ്ങനെ കളിക്കണം എന്ന് ഉപദേശം നൽകുന്ന പണിയല്ല എനിക്ക്,, സ്‌ട്രൈക്ക് റൈറ്റ് വിമർനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ..ക്വാണ്ടിന്റിയേക്കാൾ ക്വാളിറ്റിയിൽ ശ്രദ്ധിക്കുന്നൊരാളാണ് ഞാൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാനീ മൈതാനങ്ങളിൽ ജയിക്കാനായാണ് പൊരുതിക്കൊണ്ടിരിക്കുന്നത് ഇനിയുമത് തുടരാനാണ് തീരുമാനം'
സുനിൽ ഗവാസ്‌കറെ വിടാതെ പിന്തുടരുകയാണ് വിരാട് കോഹ്ലി. താൻ ഓറഞ്ച് ക്യാപ്പിന് വേണ്ടിയാണ് കളിക്കുന്നതെന്നും തന്റെ സ്‌ട്രൈക്ക് റൈറ്റ് ദുരന്തമാണെന്നുമൊക്കെ നിരന്തരം വിളിച്ച് കൂവിക്കൊണ്ടിരിക്കുന്നവർക്ക് അയാൾ മൈതാനത്തിനകത്തും പുറത്തും ബാറ്റ് കൊണ്ട് നൽകുന്ന വായടപ്പൻ മറുപടികൾ ആരാധകരെ ആവേശത്തിന്റെ പരകോടികളിലെത്തിക്കുന്നുണ്ട്. ഇന്നലെ പഞ്ചാബിനെതിരെ ധരംശാലയിൽ ആരാധകർ കണ്ടത് അക്ഷരാർത്ഥത്തിൽ കോഹ്ലി ഷോയാണ്.
കളിയുടെ ആദ്യ പന്ത് നേരിടുന്ന നിങ്ങൾ 14ാം ഓവർ വരെ ക്രീസിൽ തുടരുന്നെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് ഒരു പ്രധാന കാര്യം തന്നെയാണ്. നിങ്ങൾ ഇഴഞ്ഞു നീങ്ങുന്നുവെങ്കിൽ വിമർശനമുയരും. പ്രകോപിതനായിട്ട് കാര്യമില്ല. സുനിൽ ഗവാസ്‌കർ അഴിച്ചു വിട്ട വിമർശനങ്ങൾ അതിരു കടന്നപ്പോൾ ബാറ്റ് കൊണ്ട് അവയെ ഒക്കെ അതിർത്തി കടത്തി ടീമിനെ വിജയ തീരമണച്ച് ഒരിക്കൽ കോഹ്ലി പറഞ്ഞത് ഇങ്ങനെയാണ്. 'കമന്ററി ബോക്‌സിലിരുന്ന് ആർക്കും വായില്‍ തോന്നിയത് വിളിച്ച് പറയാം. ഗ്രൗണ്ടിലെ കാര്യങ്ങൾ അങ്ങനെല്ല"'
താനിനിയും വിമർശനം തുടരുമെന്നായിരുന്നു ഇതിന് ഗവാസ്‌കറിന്റെ റിപ്ലേ... എന്നാൽ താനിനിയും ഗ്രൗണ്ടിൽ വെടിക്കെട്ട് തുടരുമെന്നായി കോഹ്ലി.. ധരംശാലയിൽ കളിയുടെ ആദ്യ പന്ത് നേരിട്ട കോഹ്ലി ഇക്കുറി മൈതാനത്ത് 18ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നത്. 47 പന്തിൽ അടിച്ചെടുത്തത് 92 റൺസ്. ആറ് സിക്‌സുകൾ. ഏഴ് ബൗണ്ടറികൾ. 195.74 സ്‌ട്രൈക്ക് റൈറ്റ്. വിമർശകരെ.. ശാന്തരാകുവിൻ. നിങ്ങളുടെ വായടപ്പിച്ച് അയാളിങ്ങനെ കളം നിറയാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇനിയും അയാളുടെ സ്‌ട്രൈക്ക് റൈറ്റിനെ കുറിച്ച് നിങ്ങൾക്ക് വിമർശനമുണ്ടെങ്കിൽ സീസണിലെ മൊത്തം കണക്കെടുത്ത് നോക്കുക.. 12 മത്സരങ്ങളിൽ നിന്ന് 634 റൺസ്. 70 ബാറ്റിങ് ആവറേജ്. അഞ്ച് അർധ സെഞ്ച്വറികൾ. ഒരു സെഞ്ച്വറി. 153.51 സ്‌ട്രൈക്ക് റൈറ്റ്. ക്വാളിറ്റിയും ക്വാണ്ടിന്റിയും എല്ലാമുണ്ടിവിടെ.
ഐ.പി.എൽ കരിയറിൽ ഇത് നാലാം തവണയാണ് കോഹ്ലി 600 റൺസ് എന്ന വലിയ അക്കത്തിൽ തൊടുന്നത്. ഒപ്പം പഞ്ചാബ് കിങ്‌സിനെതിരെ ആയിരം റൺസ് തികക്കാനും താരത്തിനായി. ഐ.പി.എല്ലിൽ മൂന്ന് ടീമുകൾക്കെതിരെ ആയിരം റൺസ് തികക്കുന്ന ആദ്യ ബാറ്ററാണ് കോഹ്ലി. നേരത്തേ ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിങ്‌സിനുമെതിരെ കോഹ്ലി നാലക്കം തൊട്ടിരുന്നു.
ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ വിരാട് കോഹ്ലി എന്ന് താന്‍ മറുപടി നല്‍കും എന്നാണ് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരവും ടി20 ലോകകപ്പിന്റെ ബ്രാന്റ് അംബാസിഡറുമായ യുവരാജ് സിങ് പറഞ്ഞത്.
'ക്രിക്കറ്റിലെ പല റെക്കോർഡുകളും കോഹ്ലിക്ക് മുന്നില്‍ ഒരിക്കൽ പഴങ്കഥയാവുമെന്ന് എനിക്കുറപ്പുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ ആരാണെന്ന ചോദ്യത്തിന് വിരാട് കോഹ്ലി എന്നല്ലാതെ എനിക്ക് മറ്റൊരു മറുപടിയില്ല. ഒരു ലോകകപ്പ് കൂടി അവൻ അർഹിക്കുന്നുണ്ട്. സാഹചര്യങ്ങളെ മനസ്സിലാക്കി ഇത്രയും മനോഹരമായി കളിക്കുന്നൊരാളെ ഞാൻ വേറെ കണ്ടിട്ടില്ല. അവസാനം വരെ താൻ ക്രീസിലുണ്ടെങ്കിൽ കളി ജയിപ്പിക്കാനാവും എന്ന് അവന് ഉറച്ച ബോധ്യമുണ്ട്. വലിയ ചില വേദികളിൽ അവനത് തെളിയിച്ചിട്ടുമുണ്ട്. ഏത് ബോളർക്കെതിരെയാണ് അക്രമിച്ച് കളിക്കേണ്ടത് എന്നും ഏത് ബോളറെയാണ് സൂക്ഷ്മതയോടെ നേരിടേണ്ടത് എന്നുമൊക്കെ ഗ്രൗണ്ടിൽ ഇറങ്ങും മുമ്പേ അവൻ കണക്കു കൂട്ടിയിട്ടുണ്ടാവും. ഗ്രൗണ്ടിൽ അവനെങ്ങനെയാണോ കളിക്കുന്നത് അതേ സൂക്ഷ്മത നെറ്റ്‌സിൽ പരിശീലനത്തിനടിയും ഞാനവനിൽ കണ്ടിട്ടുണ്ട്. അതാണവന്റെ വിജയത്തിനു പിന്നിലെ രഹസ്യവും'- യുവരാജ് പറഞ്ഞു.
ബാറ്റിങ്ങിനു പുറമേ ഫീൽഡിങ്ങിലും കോഹ്ലിയുടെ മിന്നലാട്ടങ്ങൾ ഇന്നലെ ധരംശാല കണ്ടു. പഞ്ചാബ് താരം ശശാങ്ക് സിങ്ങിനെ ഡയറ്ക്ട് ത്രോയിൽ റണ്ണൗട്ടാക്കിയത് മത്സരത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നായിരുന്നു. പഞ്ചാബ് ഇന്നിങ്‌സിലെ 14ാം ഓവറിലായിരുന്നു ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ റണ്ണൗട്ട്. ലോക്കി ഫെർഗൂസൺ എറിഞ്ഞ ഓവറിലെ നാലാം പന്ത് കവറിലേക്ക് തട്ടിയിട്ട് സാം കറൻ ഡബിളിനായുള്ള ശ്രമത്തിലായിരുന്നു. ഈ സമയം ബൗണ്ടറി ലൈനിലായിരുന്ന കോഹ്ലി അതിവേഗം കുതിച്ചെത്തി പന്തെടുത്ത് സ്റ്റംബ് ലക്ഷ്യമാക്കി എറിഞ്ഞു. കോഹ്ലിയുടെ ഏറ് സ്റ്റംബ് തെറിപ്പിച്ചു. റീപ്ലേ ദൃശ്യങ്ങളിൽ ശശാങ്ക് സിങ് ക്രീസിന് വെളിയിലാണെന്ന് വ്യക്തമായിരുന്നു. 19 പന്തിൽ 37 റൺസുമായി അതുവരെ മികച്ച ഫോമിൽ കളിച്ച് കൊണ്ടിരുന്ന ശശാങ്ക് കോഹ്ലി ബ്രില്ല്യൻസിൽ പുറത്തേക്ക്. ലോകകപ്പിലും കോഹ്ലിയുടെ ഈ മിന്നലാട്ടങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.