'കോഹ്ലിയുണ്ട്, രോഹിതില്ല'; ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍
|കപിൽ ദേവും ജസ്പ്രീത് ബുംറയുമൊന്നും ഗംഭീറിന്റെ ടീമില്‍ ഇടംപിടിച്ചില്ല
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. സച്ചിനും സെവാഗും ധോണിയും കോഹ്ലിയുമൊക്കെ ഉള്ള ഇലവനിൽ നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവും ജസ്പ്രീത് ബുംറയുമൊന്നുമില്ല.
ഇലവനിൽ സെവാഗിനൊപ്പം ഗംഭീർ തന്നെത്തന്നെയാണ് ഓപ്പണറായി തെരഞ്ഞെടുത്തത്. ദ്രാവിഡ് രണ്ടാമതും സച്ചിൻ തെണ്ടുൽക്കർ മൂന്നാമതുമാണ്. നിലവിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലിയാണ് ടീമിലെ അഞ്ചാമന്. 2011 ൽ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ആറാമനായും മഹേന്ദ്രസിങ് ധോണി ഏഴാമനായുമാണ് ടീമില്‍ ഇടംപിടിച്ചത്. രവിചന്ദ്രൻ അശ്വിനും അനിൽ കുംബ്ലേയുമാണ് ടീമിലെ സ്പിന്നർമാര്‍. ഇർഫാൻ പത്താനും സഹീർ ഖാനുമാണ് ഗംഭീറിന്റെ ഇലവനിലെ പേസർമാർ.
ഗംഭീറിന്റെ ഓൾ ടൈം ഇലവൻ: വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, യുവരാജ് സിങ്, എം.എസ് ധോണി, ആർ. അശ്വിൻ, അനിൽ കുംബ്ലേ, ഇർഫാൻ പത്താൻ, സഹീർ ഖാൻ