Sports
ആവനാഴിയിൽ പുതിയ അസ്ത്രങ്ങൾ; തിരിച്ചുവരവിനൊരുങ്ങി കുൽദീപ് യാദവ്
Sports

ആവനാഴിയിൽ പുതിയ അസ്ത്രങ്ങൾ; തിരിച്ചുവരവിനൊരുങ്ങി കുൽദീപ് യാദവ്

Web Desk
|
11 Jun 2021 12:34 PM GMT

ഗൂഗ്ലിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള പരിശീലനത്തിലാണ് താരം

അനിൽ കുംബ്ലെ-ഹർഭജൻ സിങ്, രവിചന്ദ്രൻ അശ്വിൻ-രവീന്ദ്ര ജഡേജ എന്നിങ്ങനെയുള്ള വിജയിച്ച സ്പിൻ ജോഡികൾക്കുശേഷം ഇന്ത്യയ്ക്ക് ഏറ്റവും പ്രതീക്ഷ നൽകിയ സഖ്യമായിരുന്നു 'കുൽചാ'. അഥവാ കുൽദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹൽ ജോഡി. ഏകദിന, ടി20 മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഈ സഖ്യം ലോകക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ, സഖ്യം പോയിട്ട് ടീമിൽ സ്വന്തം ഇടംപോലും കണ്ടെത്താൻ കഷ്ടപ്പെടുകയാണ് ഇരുവരുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

മഹേന്ദ്ര സിങ് ധോണി ഏറെ വിജയകരമായി പരീക്ഷിച്ച ഈ ജോഡി പക്ഷെ ഇപ്പോൾ തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലിലാണുള്ളത്. ചാഹൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിശ്വസ്തനായി തുടരുന്നുണ്ടെങ്കിലും ഏറെനാളായി ടീമിന്റെ പുറത്തും അകത്തുമായി കഴിയുകയാണ് ഇടംകയ്യൻ സ്പിന്നറായ കുൽദീപ്. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ ഇന്ത്യൻ ടെസ്റ്റ് സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരു തവണ പോലും അവസരം ലഭിച്ചില്ല. തുടർന്ന് ഇന്ത്യയിൽ നടന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും കാര്യമായി അവസരം ലഭിച്ചില്ല. ഐപിഎല്ലിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി കൊൽക്കത്ത താരത്തെ അന്തിമ ഇലവനില്‍ പരിഗണിക്കാറേയില്ല.

എന്നാൽ, അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന, ടി20 മത്സരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ കുൽദീപ് ഇടംപിടിച്ചിട്ടുണ്ട്. രാഹുൽ ചഹാർ, വരുൺ ചക്രവർത്തി അടക്കുള്ള യുവതാരങ്ങളുടെ ഭീഷണിയുണ്ടെങ്കിലും ടീമിലേക്ക് തിരിച്ചുവരാനുള്ള മുന്നൊരുക്കങ്ങൾ താരം പൂർത്തീകരിച്ചുകഴിഞ്ഞുവെന്നാണ് കുൽദീപിന്റെ ബാല്യകാലം തൊട്ടേയുള്ള പരിശീലകനായ കപിൽദേവ് പാണ്ഡെ പറയുന്നത്. കപിൽദേവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ബൗളിങ്ങിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാനുള്ള കഠിനപരിശ്രമത്തിലാണ് കുൽദീപ്. താരത്തിന്റെ പ്രധാന ശക്തിയായ ഗൂഗ്ലിയിൽ തന്നെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

കുൽദീപിന്റെ ഏറ്റവും വലിയ ശക്തി ഗൂഗ്ലിയാണ്. താരം കൂടുതൽ വിക്കറ്റെടുക്കുന്ന പന്താണ് ഗൂഗ്ലി. എന്നാൽ, കഴിഞ്ഞ കുറച്ചുനാളായി കുൽദീപിന് ഗൂഗ്ലി കൃത്യമായ ലെങ്ത്തിൽ എറിയാനാകുന്നില്ല. പകരം നിരവധി ലൂസ് ബൗളുകളാണ് ഇപ്പോൾ എറിയുന്നത്. അതു പരിഹരിച്ചുവരികയാണ്. ഇപ്പോൾ എല്ലാ ഗൂഗ്ലികളും കൃത്യമായ ലെങ്ത്തിൽ തന്നെയാണ് എറിയുന്നത്. അതിനെല്ലാം നല്ല ടേണും ലഭിക്കുന്നുണ്ട്-കപിൽദേവ് പാണ്ഡെ പറഞ്ഞു.

ബുവനേശ്വർ കുമാറിനുശേഷം മൂന്ന് ഫോർമാറ്റുകളിലുമായി അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് കുൽദീപ്. ലോകക്രിക്കറ്റിൽ മൂന്നാമത്തെ സ്പിന്നറും. രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരവുമാണ്.

Similar Posts