ലൗതാരോ മാജിക് വീണ്ടും; പെറുവിനെ പറപ്പിച്ച് അർജന്‍റീന
|ലൗതാരോ മാര്‍ട്ടിനസിന് ഡബിള്‍
ഫ്ലോറിഡ: ലൗതാരോ മാർട്ടിനസ് ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. ഇതോടെ കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് നിലവിലെ ചാമ്പ്യന്മാർ രാജകീയമായി തന്നെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്. ഒപ്പം ആദ്യ ഇലവനിൽ മറ്റു ചില സുപ്രധാന മാറ്റങ്ങളുമുണ്ടായി. എയ്ഞ്ചൽ ഡി മരിയയും ലൗത്താരോയും ഗർണാച്ചോയുമാണ് ഇക്കുറി മുന്നേറ്റ നിരയെ നയിച്ചത്.
ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിൽ അർജന്റൈൻ മുന്നേറ്റങ്ങൾ കണ്ടാണ് കളിയാരംഭിച്ചത്. നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ പെറു കോട്ട പൊളിക്കാനായില്ല. ഗോൾ രഹിതമായി അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലൗതാരോയുടെ ആദ്യ ഗോളെത്തി. ഡീ മരിയയുടെ അസിസ്റ്റിൽ നിന്നൊരു ക്ലിനിക്കൽ ഫിനിഷ്.
ഒടുവിൽ കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ലൗതാരോയുടെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോളും പിറന്നു. പെനാൽട്ടി ബോക്‌സിനുള്ളിൽ വച്ച് രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളിക്ക് മുകളിലൂടെ പന്തിനെ മാര്‍ട്ടിനസ് വലയിലേക്ക് കോരിയിട്ടു. കോപ്പയില്‍ ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മാര്‍ട്ടിനസ് മുന്നിലെത്തി.
കളിയിലെ കണക്കുകളിലും അർജന്റീന ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തിൽ 75 ശതമാനം നേരവും പന്ത് കൈവശം വച്ചത് അർജന്റീനയയായിരുന്നു. കളിയിൽ ഉടനീളം 12 ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ അതിൽ ആറെണ്ണവും ഓൺ ടാർജറ്റിലായിരുന്നു. പെറുവിന് ആകെ ആറ് ഷോട്ടുകളാണ് ഉതിർക്കാനായത്. അതിൽ ഒന്ന് മാത്രമാണ് ഗോൾവലയെ ലക്ഷ്യമാക്കിയെത്തിയത്.