'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കുഴിമടിയനായ കളിക്കാരൻ'; ഗംഭീറിനെ ട്രോളി കാർത്തിക്ക്
|ഗംഭീര്‍ ഇങ്ങനെ ചിരിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ആരാധകരില്‍ പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്
ഗൗതം ഗംഭീറിന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവ കാഴ്ചയാണെന്നാണ് ആരാധകർ പറയാറ്. പൊതുവേ ഗൗരവ സ്വഭാവക്കാരനായ ഗംഭീറിനെ പലപ്പോഴും ആരാധകർ രോഷാകുലനായി മൈതാനത്ത് കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ വിരാട് കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാലിതാ ഗൗതം ഗംഭീർ സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചില മുൻ ഇന്ത്യൻ താരങ്ങൾ ചേർന്ന് നടത്തിയൊരു വീഡിയോ കോൺഫറൻസിൽ ദിനേശ് കാർത്തിക്കാണ് ഗംഭീറുമായി ബന്ധപ്പെട്ടൊരു ഓർമ പങ്കുവച്ച് താരങ്ങളെ ചിരിപ്പിച്ചത്. താൻ കണ്ടതിൽ വച്ച് ഏറ്റവും കുഴിമടിയനായ കളിക്കാരനാണ് ഗംഭീറെന്ന് കാർത്തിക്ക് പറഞ്ഞു.
'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മടിയനായ കളിക്കാരന് ഗൗതം ഗംഭീറാണ്.ഒരിക്കല്‍ ഗംഭീർ അദ്ദേഹത്തിന്റെ ബെഡ്ഡിൽ ടെലിവിഷൻ കണ്ട് കിടക്കുകയായിരുന്നു. ഞാനദ്ദേഹത്തിന്റെ റൂമിനരികിലൂടെ പോയതും അദ്ദേഹം ബെഡ്ഡിൽ കിടന്ന് കൊണ്ട് എന്നെ വിളിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു. 'ഡി.കെ ഇവിടെ വരൂ. ആ ചാനലൊന്ന് മാറ്റൂ'. അദ്ദേഹത്തിന് രണ്ടടി നടന്ന് ആ റിമോട്ട് എടുത്ത് ചാനൽ മാറ്റിയാൽ മതി. പക്ഷ അദ്ദേഹം അതിന് പോലും തയ്യാറല്ലായിരുന്നു. നിങ്ങൾക്ക് മടിയനാവാം. പക്ഷെ ഇത് കുറച്ച് ഓവറാണ്''- കാർത്തിക്കിന്റെ വർത്തമാനം കേട്ട് ചർച്ചയിലുണ്ടായിരുന്ന ഗംഭീറും അജിത് അഗാർക്കറും ഇർഫാൻ പത്താനും ഹർഭജൻ സിങ്ങുമൊക്കെ കുലുങ്ങി ചിരിക്കുന്നത് കാണാം. ഗംഭീര്‍ ഇങ്ങനെ ചിരിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ആരാധകരില്‍ പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
നിലവില്‍ ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗംഭീര്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ അടുത്ത പരിശീലകനാവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ്. കൊല്‍ക്കത്തയെ മൂന്നാം ഐ.പി.എല്‍ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക റോളാണ് ഗംഭീര്‍ വഹിച്ചത്.