Sports
cristiano ronaldo
Sports

'ഞാനൊന്ന് ചോദിക്കട്ടേ.'; ക്രിസ്റ്റ്യാനോയെക്കുറിച്ച ചോദ്യത്തോട് വൈകാരികമായി പ്രതികരിച്ച് മാർട്ടിനസ്

Web Desk
|
23 Jun 2024 1:11 PM GMT

തുർക്കിയക്കെതിരെയും ചെക്ക് റിപ്പബ്ലിക്കിനെതിരെയും മുഴുവൻ സമയവും മൈതാനത്തുണ്ടായിട്ടും റോണോക്ക് വലകുലുക്കാനായിരുന്നില്ല

തന്റെ 39ാം വയസ്സിലും ഫുട്‌ബോൾ മൈതാനങ്ങളിൽ നിറസാന്നിധ്യമാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം 90 മിനിറ്റ് നേരവും കളത്തിലിറങ്ങി. ആറ് യൂറോ കപ്പുകളിൽ പന്ത് തട്ടുന്ന ആദ്യ താരം എന്ന നേട്ടം റോണോയെ തേടിയെത്തിയത് ഇക്കുറിയാണ്.

എന്നാൽ തുർക്കിയക്കെതിരെയും ചെക്ക് റിപ്പബ്ലിക്കിനെതിരെയും മുഴുവൻ സമയവും മൈതാനത്തുണ്ടായിട്ടും റോണോക്ക് വലകുലുക്കാനായില്ല. ചെക്ക് റിപ്ലബ്ലിക്കിനെതിരെ രണ്ട് ഗോളവസരങ്ങൾ ഗോൾകീപ്പർക്ക് മുന്നിൽ അവസാനിച്ചു. കഴിഞ്ഞ ദിവസം തുർക്കിയക്കെതിരായ മത്സരത്തിന് ശേഷം റോണോയുടെ ഗോളടിമികവിനെ കുറിച്ച ഒരു ചോദ്യം പോർച്ചുഗീസ് കോച്ച് റോബർട്ടോ മാർട്ടിനസിനെ തേടിയെത്തി. പ്രായം കൂടും തോറും ക്രിസ്റ്റ്യാനോയുടെ ഗോളടി മികവ് കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതിന് മാർട്ടിനസ് മറുപടി നൽകിയത് ഇങ്ങനെ.

''ഞാൻ നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടേ. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ എത്ര മിനിറ്റ് കളിച്ചു എന്നറിയാമോ. ഒരു കളിക്കാരൻ ഗ്രൗണ്ടിൽ ടീമിന് എന്ത് സംഭാവന നൽകുന്നു എന്നതാണ് പ്രധാനം. ക്രിസ്റ്റ്ര്യാനോ ഏറെ അനുഭവ സമ്പത്തുള്ള കളിക്കാരനാണ്. ഒപ്പം അയാൾ ഗോളവസരങ്ങൾ സൃഷ്ടിച്ച് കൊണ്ടേയിരിക്കുന്നു. ദേശീയ ടീമിൽ ഇടംപിടിക്കാൻ അർഹതയുള്ളത് കൊണ്ടാണ് അയാൾ ഇപ്പോഴും ടീമിലുള്ളത്. സമീപ കാല ടൂർണമെന്റുകളിൽ അയാളുടെ പ്രകടനം പരിശോധിച്ച് നോക്കിയാൽ മതി''

കഴിഞ്ഞ ദിവസം ഗോളടിക്കാൻ അവസരമുണ്ടായിരിക്കേ തന്നെ ബ്രൂണോ ഫെർണാണ്ടസിന് പാസ് നൽകി ക്രിസ്റ്റ്യാനോ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇതോടെ യൂറോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നല്‍കിയ താരമെന്ന റെക്കോർഡ് റോണോയെ തേടിയെത്തി.

Similar Posts