ഇരട്ട ഗോളുമായി ലെവന്‍ഡോസ്കി; ജയത്തോടെ ബാഴ്സ ഒന്നാമത്
|ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ബാഴ്സലോണ നിലവിൽ 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. ലീഗിലെ അവസാന സ്ഥാനക്കാരയ എൽഷെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ലെവന്‍ഡോസ്കി ഇരട്ട ഗോൾ നേടിയ മത്സരത്തില്‍ മെംഫിസ് ഡിപെയും ബാഴ്സയ്ക്കായി സ്കോർ ചെയ്തു. ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ബാഴ്സലോണ നിലവിൽ 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് സാവി ടീമിനെ അണിനിരത്തിയത്. ബാസ്ക്വറ്റ്‌സ്, ഗവി, റാഫിഞ്ഞ, ക്രിസ്റ്റൻസൻ എന്നിവർ ബെഞ്ചിലെത്തിയപ്പോൾ കെസി, ഡി യോങ്, മെംഫിസ് ഡീപെയ്, എറിക് ഗർഷ്യ എന്നിവർ ആദ്യ ഇലവനിൽ എത്തി.
ആദ്യ പകുതിയിൽ പതിഞ്ഞ താളത്തിലാണ് കളി തുടങ്ങിയത്. ബാഴ്സക്കെതിരെ അഞ്ച് ഡിഫന്‍ഡര്‍മാരെ അണിനിരത്തിയാണ് എൽഷെ കളത്തിലിറങ്ങിയത്. ലെവന്‍ഡോസ്കിയെ വീഴ്ത്തിയതിന് ഗോണ്‍സാലോ വെർദുവിന് പതിനാലാം മിനിറ്റിൽ തന്നെ ചുവപ്പ് കാർഡ് കിട്ടിയത് എൽഷെക്ക് തിരിച്ചടിയായി. മുപ്പത്തിനാലാം മിനിറ്റിൽ ബാഴ്സയുടെ ആദ്യ ഗോളെത്തി. ബോക്സിനുള്ളിലേക്ക് പെഡ്രി നൽകിയ ബോൾ ഇടത് വിങ്ങിൽ ബാൽടേ പോസ്റ്റിന് മുന്നിലേക്ക് നീട്ടിനൽകി. കാത്തിരുന്ന ഡീപെയെ മറികടന്ന് പോയ പാസ് ലെവന്‍ഡോസ്കി അനായാസം വലയിൽ എത്തിച്ചു. രണ്ടാം ഗോളും ബാല്‍ടേയുടെ അസിസ്റ്റിലൂടെയായിരുന്നു. പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു പാസ് ലഭിച്ച ഡീപെയ് എൽഷെ ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ചു. നാല്പത്തിയൊന്നാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സ മൂന്നാം ഗോളും സ്കോര്‍ ചെയ്ത് പട്ടിക പൂര്‍ത്തിയാക്കി. വലത് വിങ്ങിലൂടെ വന്ന ബോൾ എൽഷെ പ്രതിരോധ നിരക്ക് ക്ലിയർ ചെയ്യാന്‍ കഴിയാതെപോയപ്പോള്‍ ലെവന്‍ഡോവ്സ്കി ഗോള്‍ കണ്ടെത്തുകയായിരുന്നു. തുടർന്നും ബാഴ്‌സ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ജയത്തോടെ ബാഴ്‌സ പോയിന്‍റ് പട്ടികയിൽ ആദ്യ സ്ഥാനത്തെത്തി. ആറ് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ ബാഴ്സക്ക് 16 പോയിന്‍റുണ്ട്.