Sports
കൈപ്പത്തിയെന്തിന് കാല്‍പ്പന്തു തട്ടാന്‍; അലക്സ് സാഞ്ചസിന്‍റെ അത്ഭുതപ്പെടുത്തുന്ന ജീവിത കഥ
Sports

കൈപ്പത്തിയെന്തിന് കാല്‍പ്പന്തു തട്ടാന്‍; അലക്സ് സാഞ്ചസിന്‍റെ അത്ഭുതപ്പെടുത്തുന്ന ജീവിത കഥ

ഹാരിസ് നെന്മാറ
|
4 Nov 2023 1:22 PM GMT

ഗോള്‍ നേടിയ ഉടന്‍ കോർണർ ഫ്‌ളാഗിനടുത്തേക്ക് ഓടിയ ശേഷം അയാൾ ആകാശത്തേക്ക് കയ്യുയർത്തി. ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ പലരും അയാളുടെ കൈപ്പത്തിയില്ലാത്ത ആ വലങ്കൈ കാണുന്നത് അപ്പോഴായിരിക്കണം

2023 ഓഗസ്റ്റ് 13. ഡ്യൂറൻറ് കപ്പിൽ ഗോകുലം കേരള എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുകയായിരുന്നു. മത്സരത്തിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ സ്‌കോർ ബോർഡിൽ തെളിഞ്ഞത് ആകെ ഏഴ് ഗോളുകൾ. ഗോൾമഴ പെയ്ത പോരിൽ ഐ.എസ്.എല്ലിൻറെ പെരുമയുമായെത്തിയ ബ്ലാസ്റ്റേഴ്‌സിനെ ഗോകുലം മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിയുമ്പോൾ ആ വിജയത്തിന് തേരുതെളിച്ചത് ഒരു ഗോളും രണ്ട് അസിസ്റ്റുമായി അലക്‌സ് സാഞ്ചസ് എന്ന 34 കാരനാണ്.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻറുകൾ മാത്രം ബാക്കി നിൽക്കേ വലതുവിങ്ങിലൂടെ ഒറ്റക്കുതിപ്പിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കീറിമുറിച്ച് ഗോൾകീപ്പറെയും മറികടന്ന് സാഞ്ചസ് വലതുളച്ചു. കോർണർ ഫ്‌ളാഗിനടുത്തേക്ക് ഓടിയ ശേഷം അയാൾ ആകാശത്തേക്ക് കയ്യുയർത്തി. ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ പലരും അയാളുടെ കൈപ്പത്തിയില്ലാത്ത ആ വലങ്കൈ കാണുന്നത് അപ്പോഴായിരിക്കണം. ഈ സീസണിൽ ഗോകുലം കേരള നടത്തിയ ആ സൈനിങ്ങിനെ കുറിച്ചറിയാത്തവർ പോലും അന്ന് അയാളെ കുറിച്ച് ഇൻറർനെറ്റിൽ പരതി.

അലെക്‌സാണ്ട്രോ അലക്‌സ് സാഞ്ചസ് ലോപ്പസ്. ഇന്ത്യൻ ഫുട്‌ബോളിന് ആ പേര് പുതിയതാണെങ്കിലും ലോക ഫുട്‌ബോളിന് ഏറെ സുപരിചിതമായിക്കഴിഞ്ഞൊരു പേരാണത്. 1989 ൽ സ്‌പെയിനിലെ സരഗോസയിലാണ് സാഞ്ചസിൻറെ ജനനം. വലതു കൈപത്തിയില്ലാതെയാണ് സാഞ്ചസ് ഭൂമിയിലേക്ക് കണ്ണു തുറന്നത്. ഭിന്നശേഷിക്കാരനായി പോയതിൻറെ ഒരപകർഷതയും കുട്ടിക്കാലം മുതൽക്ക് തന്നെ സാഞ്ചസിനുണ്ടായിരുന്നില്ല. കുറവുകളെ മറക്കാനും സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കാനും സാഞ്ചസിനെ പരുവപ്പെടുത്തിയത് അവൻറെ മാതാപിതാക്കളാണ്. സ്‌കൂൾ കാലത്ത് സുഹൃത്തുക്കൾക്കൊപ്പം നേരം പോക്കിന് പന്തുതട്ടിത്തുടങ്ങിയ സാഞ്ചസ് 15 ാം വയസ്സിൽ തൻറെ ജീവിതം ഫുട്‌ബോളാണെന്ന് തിരിച്ചറിഞ്ഞു.

കൈപ്പത്തിയില്ലാതെ ഒരാളെങ്ങനെ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കും? സാഞ്ചസിനെ പലവുരു അലട്ടിയ ചോദ്യമാണിത്. എന്നാൽ ഫുട്‌ബോൾ കാലു കൊണ്ടാണ് കളിക്കേണ്ടതെന്നും അതിന് കൈപ്പത്തിയുടെ ആവശ്യമില്ലെന്നും പിൽക്കാലത്ത് അയാൾ മൈതാനങ്ങളിൽ തെളിയിച്ച് കാണിച്ചു. സ്‌കൂൾ ടീമിലെ മിന്നും പ്രകടനങ്ങൾ 15ാം വയസ്സിൽ സാഞ്ചസിനെ കൊണ്ടെത്തിച്ചത് ലാലീഗയിലെ പ്രമുഖ ക്ലബ്ബായ റയൽ സരഗോസയിലാണ്.റയൽ സരഗോസ റിസർവ് ടീമിനായി ബൂട്ട് കെട്ടിത്തുടങ്ങിയ സാഞ്ചസ് ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് അടിച്ച് കൂട്ടിയത്.

2009 നവംബർ എട്ട്. സ്പാനിഷ് ലീഗിൽ റയൽ സരഗോസ കരുത്തരായ വലൻസിയയെ നേരിടുകയായിരുന്നു. മത്സരം ആദ്യ പകുതി പിന്നിട്ടതും ഡഗ്ഗൌട്ടിലിരുന്ന സാഞ്ചസിനോട് കോച്ച് വാം അപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. ഒരു സ്വപ്നത്തിലെന്ന പോലെ സൈഡ് ബെഞ്ചിൽ നിന്ന് ഓടിയിറങ്ങിയ അയാൾ ബൂട്ട് കെട്ടി പരിശീലനം ആരംഭിച്ചു. അപ്പോഴും മൈതാനത്തിറങ്ങുന്നതിനെ കുറിച്ച് സാഞ്ചസ് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

ഒടുക്കം കോച്ചിൻറെ വിളിയെത്തി. മത്സരത്തിൻറെ 86ാം മിനിറ്റിൽ എയ്ഞ്ചൽ ലാഫിറ്റയെ മൈതാനത്ത് നിന്ന് പിൻവലിച്ച സരഗോസ പരിശീലകൻ പകരക്കാരനായി സാഞ്ചസിനെ കളത്തിലിറക്കി. അന്ന് ഫുട്‌ബോൾ ലോകത്ത് ഒരു പുതിയ ചരിത്രം പിറവിക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ ഫുട്‌ബോൾ ടീമിനായി ഭിന്നശേഷിക്കാരൻ കളിക്കാനിറങ്ങുന്നത്. മത്സരത്തിൽ സരഗോസ പരാജയപ്പെട്ടെങ്കിലും അലക്‌സ് സാഞ്ചസ് കാൽപ്പന്തുകളിയുടെ ചരിത്ര പുസ്തകത്തിൽ തൻറെ പേരിനെ അടയാളപ്പെടുത്തി.

''ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 50,000 കാണികൾ തിങ്ങിനിറഞ്ഞ ഗാലറി. സൈഡ് ലൈനരികിൽ ലാഫിറ്റയെയും കാത്ത് ഞാൻ നിൽക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു. എത്ര പെട്ടെന്നാണ് ഞാനാ സ്വപ്നത്തിലേക്ക് ഓടിയടുത്തത്. കളിക്ക് ശേഷം നൂറുകണക്കിന് ഫോൺ കോളുകളാണ് എന്നെ തേടിയെത്തിയത്. എന്നാൽ കളി കഴിഞ്ഞയുടൻ ഞാൻ എന്റെ വീട്ടിലേക്കാണ് ആദ്യം വിളിച്ചത്. ഒടുവിൽ ഞാനാ സ്വപ്നത്തിൽ തൊട്ടിരിക്കുന്നു എന്നെൻറെ രക്ഷിതാക്കളോട് പറഞ്ഞു. പിന്നീടുള്ള ഓരോ മത്സരവും എനിക്ക് വലിയ പരീക്ഷകളായിരുന്നു''- സാഞ്ചസ് പറയുന്നു.

തൊട്ടടുത്ത സീസണിൽ റയൽ സരഗോസയുടെ ബി ടീമിൽ കരിയർ തുടരാനുള്ള ഓഫർ സാഞ്ചസിനുണ്ടായിരുന്നെങ്കിലും അത് നിരസിച്ച് സ്പാനിഷ് ക്ലബ്ബായ സി.ഡി ടെറുവേലിലേക്ക് താരം കൂടുമാറി. അടുത്ത സീസണിൽ സി.ഡി ടുഡെലാനോക്ക് വേണ്ടിയും ബൂട്ടുകെട്ടി.

2015 ജൂലൈ രണ്ട്. മുൻ സീസണുകളിലെ മികച്ച പ്രകടനങ്ങൾ സാഞ്ചസിന് ലാലിഗ ടീമായ ഒസാസുനയിലേക്ക് വാതിൽ തുറന്നു. എന്നാൽ ഒസാസുനയിൽ താരത്തിന് കാര്യങ്ങൾ അത്രക്ക് എളുപ്പമായിരുന്നില്ല. ടീമിനായി നാല് മത്സരങ്ങളിൽ മാത്രമേ സാഞ്ചസിന് ബൂട്ടുകെട്ടാനായുള്ളൂ. 2016 ൽ ടുഡെലാനോയിലേക്ക് വീണ്ടും ലോണിൽ പോയെങ്കിലും അടുത്ത സീസണിൽ ഒസാസുനയിലേക്ക് തന്നെ തിരിച്ചെത്തിയ താരം ഒസാസുനയുടെ ബി.ടീമിനായി പന്തു തട്ടിത്തുടങ്ങി.

2018 ജനുവരിയിൽ ആദ്യമായൊരു വിദേശ ടീമിൽ നിന്ന് സാഞ്ചസിന് വിളിയെത്തി. ഓസ്‌ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിലെ സിഡ്‌നി ഒളിമ്പിക്‌സ് എഫ്.സിയാണ് സാഞ്ചസിന് മുന്നിൽ ഓഫറുമായെത്തിയത്. സിഡ്‌നിയുടെ ഓഫർ സ്വീകരിച്ച സാഞ്ചസ് സ്വപ്നതുല്യമായൊരു യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു. സാഞ്ചസിൻറെ തലവര തന്നെ മാറ്റിയ സൈനിങ്ങായിരുന്നു അത്. ആദ്യ സീസണിൽ 44 മത്സരങ്ങളിൽ 34 ഗോളുമായി സാഞ്ചസ് ടീമിനെ ലീഗിൽ കിരീടമണിയിച്ചു.

തൊട്ടടുത്ത സീസണുകളിൽ സ്‌പെയിനിലേക്ക് തന്നെ തിരികെയെത്തിയ സാഞ്ചസിന് ഈ വർഷം ജൂലൈയിലാണ് ഗോകുലം കേരളയുടെ വിളിയെത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് ടീം താരത്തെ സ്വന്തമാക്കിയത്. വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെയാണ് സാഞ്ചസ് ടീമിലെത്തിയതെങ്കിലും ആദ്യ മത്സരങ്ങൾ കൊണ്ടു തന്നെ വരും സീസണിൽ ടീമിൻറെ പടയോട്ടങ്ങളെ മുന്നിൽ നയിക്കാൻ പോകുന്നത് താനാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച് കഴിഞ്ഞു സാഞ്ചസ്. ഇപ്പോഴിതാ താരത്തെ തേടി ഗോകുലം കേരള എഫ്.സി യുടെ ക്യാപ്റ്റൻ ആം ബാൻഡുമെത്തിയിരിക്കുന്നു.

''അവൻ ഒരു കയ്യില്ലാതെ ആയിരിക്കാം ജനിച്ചത്. അത് ഞങ്ങൾക്കൊരു പ്രശ്നമേയല്ല.. മനോഹരമായി പന്തു തട്ടുന്ന രണ്ടു കാലുകൾ അവനുണ്ടല്ലോ. അസാധ്യ പ്രതിഭയുള്ളൊരു കളിക്കാരനാണ് സാഞ്ചസ്. ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ വൈകല്യത്തെക്കുറിച്ച് ഞങ്ങൾക്കൊരാശങ്കയുമില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം സഹതാരങ്ങൾക്ക് വലിയ പ്രചോദനമാണ്''- സാഞ്ചസിൻറെ സൈനിങ്ങിന് ശേഷം ഗോകുലം പ്രസിഡൻറ് വിസി പ്രവീൺ പ്രതികരിച്ചത് ഇങ്ങനെയാണ്.

''ഭിന്നശേഷിക്കാരായ മക്കൾക്ക് ജന്മം നൽകിയ നിരവധി അമ്മമാർ എനിക്ക് കത്തയക്കാറുണ്ട്. അവർക്ക് പ്രചോദനമായതിന് എന്നോട് നന്ദി പറയാറുണ്ട്. ഭിന്നശേഷിക്കാരായി ജനിച്ച യുവതാരങ്ങളെ അവരുടെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാനായി പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കണം എന്നാണെൻറെ ആഗ്രഹം''- സാഞ്ചസ് പറയുന്നു.

സാഞ്ചസിൻറെ ആകാശം ഫുട്‌ബോൾ ലോകത്തിൻറേതു മാത്രമായിരുന്നില്ല. പരിമിതികളെ കളത്തിനകത്തും പുറത്തും ഒരു പോലെയാണ് അയാൾ ഓടിത്തോൽപ്പിച്ചത്. പൊളിറ്റിക്സിൽ പി.ജിയുള്ള സാഞ്ചസിന് നിയമ പഠനത്തിൽ പി.എച്ച്.ഡിയുണ്ട്. ഒപ്പം ഹ്യൂമൻ റൈറ്റ്സ് ഇൻ സ്പോർട്സ് എന്ന വിഷയത്തിൽ ഒരു പുസ്തകത്തിൻറെ രചയിതാവ് കൂടിയാണ് താരം.

15 വർഷത്തിനിടെ ബൂട്ടു കെട്ടിയത് 381 കളികളിൽ. വലകുലുക്കിയത് 177 തവണ. പരിമിതികളെ അതിജീവിച്ച് സാഞ്ചസ് മൈതാനങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഈ പടയോട്ടങ്ങളിൽ തൻറെ വലം കൈയാണ് അയാളുടെ ഊർജം.

Similar Posts