കളിക്കാനിറങ്ങിയില്ല; ഹോങ്കോങ്ങിൽ മെസ്സിയെ കൂവി ആരാധകർ, സര്‍ക്കാരിനും രോഷം
|മത്സര ശേഷം ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനെത്തിയ ഇന്റർ മയാമി ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിന് നേരെയും ആരാധകർ കൂവിയാർത്തു
ഹോങ്കോങ്: ഹോങ്കോങ്ങിലരങ്ങേറിയ സൗഹൃദ മത്സരത്തിൽ ഇന്റർമയാമിക്കായി കളത്തിലിറങ്ങാതിരുന്ന സൂപ്പര്‍ താരം ലയണൽ മെസ്സിക്കെതിരെ കൂവിയാര്‍ത്ത് ആരാധകർ. മത്സരത്തിലുടനീളം സൈഡ് ബെഞ്ചിലിരുന്ന താരം കളിയിൽ ഒരു മിനിറ്റ് പോലും പന്ത് തട്ടിയില്ല. 40000 കാണികൾ തിങ്ങി നിറഞ്ഞ ഗാലറിയെ നിരാശനാക്കിയ താരത്തിനെതിരെ വൻ പ്രതിഷേധമാണ് ഹോങ്കോങ്ങിൽ ഉയരുന്നത്. ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇന്റർ മയാമി വിജയിച്ചു.
മെസ്സി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ കളി കാണാനെത്തിയതെന്നും എന്നാൽ കാണികളെ അദ്ദേഹം നിരാശരാക്കിയെന്നും ഹോങ്കോങ്ങിനെ വിലമതിച്ചില്ലെന്നുമാണ് ആരാധകർ പറയുന്നത്. മെസ്സി കളിക്കാനിറങ്ങും എന്ന് കരുതിയാണ് മത്സരത്തിനുള്ള ടിക്കറ്റെടുത്തത്. ടിക്കറ്റ് തുക തിരിച്ച് നൽകണം എന്നാവശ്യപ്പെട്ടും ആരാധകർ മത്സര ശേഷം സംഘാടകരോട് പ്രതിഷേധിച്ചു. മൈതാനത്തിന് ചുറ്റും സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ടുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു
മത്സര ശേഷം ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനെത്തിയ ഇന്റർ മയാമി ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിന് നേരെയും ആരാധകർ കൂവിയാർത്തു.ഒന്നാം പകുതിയിൽ മെസ്സി കളിക്കാതിരുന്നപ്പോൾ തന്നെ അമർഷത്തിലായിരുന്നു ആരാധകർ. രണ്ടാം പകുതിയിലും സൂപ്പർ താരത്തെ ഇലവനിൽ കാണാതായതോടെ ആരാധകരുടെ മട്ടും ഭാവവും മാറി. 'വി വാണ്ട് മെസ്സി' ചാന്റുകൾ ഗാലറിയിൽ മുഴങ്ങി. അവസാന വിസിൽ മുഴങ്ങിയതോടെ ഇത് 'റീഫണ്ട് റീഫണ്ട് എന്നായി' മാറി. മെസ്സിക്ക് പുറമേ ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസും മയാമി നിരയിലുണ്ടായിരുന്നില്ല.
സംഭവത്തിൽ ക്ലബ്ബിനെതിരെ ഹോങ്കോങ്ങ് സർക്കാരും രംഗത്തെത്തി. 25 കോടിയുടെ കരാറിൽ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് എഴുതിയിരുന്നു. പരിക്കൊന്നുമില്ലെങ്കിൽ മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ എന്നും അറിയിച്ചിരുന്നു. സൈഡ് ബെഞ്ചിൽ ഉണ്ടായിരുന്നിട്ടും സൂപ്പർ താരം കളിക്കാതായതോടെ കരാർ പ്രകാരമുള്ള 25 കോടി തിരിച്ചു വാങ്ങാനുള്ള നടപടികളിലാണ് സർക്കാർ