വലനിറച്ച് ലിവർപൂൾ; ഹാളണ്ടിന്റെ ചിറകിൽ സിറ്റിയുടെ വിജയം
|ആദ്യത്തെ മൂന്ന് കളികളും തോറ്റശേഷമാണ് ഒമ്പത് ഗോളടിച്ച് ലിവർപൂളിന്റെ തിരിച്ചുവരവ്.
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്വല വിജയുമായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും. ലിവർപൂൾ ഒമ്പത് ഗോളടിച്ചാണ് ബേൺമൗത്തിനെ തകർത്തത്. മാഞ്ചസ്റ്റർ സിറ്റി 4-2 ന് ക്രിസ്റ്റൽ പാലസിനെയും തകർത്തു. വേറൊരും മത്സരത്തിൽ ചെൽസി 2-1 ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.
ലൂയിസ് ഡയസും റൊബേർട്ടോ ഫിർമിന്യോയും ഇരട്ട ഗോളുകൾ നേടി. ഹാർവി എല്ല്യട്ട്, ട്രെന്റ് അലക്സാൻഡർ അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, ഫാബിയോ കാർവലോ എന്നിവർ ചെമ്പടയ്ക്കായി ഗോൾ നേടി. ബേൺമൗത്ത് താരം ക്രിസ് മെഫാം സെൽഫ് ഗോളും കൂടി പിറന്നതോടെ ബേൺമൗത്ത് വധം പൂർണമായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയിൽ പതറാതെ കളിച്ചതാണ് സിറ്റിക്ക് തുണയായത്. നാലാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിന്റെ ജോൺ സ്റ്റോൺസും 21-ാം മിനിറ്റില്‍ ജോക്കിം ആൻഡേഴ്സണും ഗോൾവല കുലുക്കി. ആദ്യ പകുതിയിൽ 2-0 തിന് പിന്നിൽ നിന്ന സിറ്റി രണ്ടാം പാതിയിൽ എർലിങ് ഹാളണ്ടിന്റെ ഹാട്രിക്കിലൂടെ തിരിച്ചടിച്ചു. ഒരു ഗോളുമായി ബെർണാഡോ സിൽവയും സൂപ്പർ താരത്തിന് പിന്തുണ നൽകി. 4-2 ന് ക്രിസ്റ്റൽ പാലസിനെ തകർത്തതോടെ ലീഗിലെ മൂന്നാം ജയം മാഞ്ചസ്റ്റർ കൈപിടിയിലൊതുക്കി.
മറ്റൊരു മത്സരത്തിൽ ചെൽസി ലെസ്റ്ററിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയത്. റഹീം സ്റ്റെർലിംഗിന്റെ ഇരട്ടഗോളുകളാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്. ഹാർവി ബാൺസ് ലെസ്റ്ററിന്റെ ആശ്വാസഗോൾ നേടി. ചെൽസിയുടെ ലീഗിലെ രണ്ടാം വിജയമാണിത്.