റഫറി മുഖത്തിടിച്ചു; ചോദ്യം ചെയ്തപ്പോൾ റോബർട്ട്‌സണ് മഞ്ഞക്കാർഡ്, വിവാദം
|പരാതികൾ വ്യാപകമായി ഉയർന്നതോടെ റഫറിമാരുടെ ഗവേർണിങ് ബോഡിയായ പി.ജി.എം.ഒ.എൽ കോൺസ്റ്റന്റൈനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആഴ്‌സണൽ ലിവർപൂൾ മത്സരം ആവേശകരമായാണ് അവസാനിച്ചത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ അരങ്ങേറിയ പോരാട്ടത്തിൽ ആദ്യ അരമണിക്കൂറിൽ തന്നെ രണ്ട് ഗോളടിച്ച് മുന്നിലെത്തിയ ആഴ്‌സണലിനെതിരെ രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ലിവർപൂൾ മനോഹരമായ തിരിച്ചുവരവാണ് നടത്തിയത്. മത്സരം സമനിലയിൽ പിരിഞ്ഞു..
സീസണിലെ ഏറ്റവും വലിയ ആവേശക്കളി വിവാദങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ. മത്സരത്തിനിടെ ലിവർപൂൾ താരം ആൻഡ്രൂ റോബട്‌സണെ റഫറി മുട്ട് കൊണ്ടിടിച്ചതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷമാണ് സംഭവം അരങ്ങേറിയത്.
ഒന്നാം പകുതി കഴിഞ്ഞയുടൻ ലൈൻ റഫറിയായിരുന്ന കോൺസ്റ്റന്റൈൻ ഹാറ്റ്‌സിഡാക്കിസിനടുത്തേക്ക് എന്തോ പറയാനായി നടന്നൈത്തിയ റോബട്‌സണെ റഫറി കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. റഫറിയുടെ പെരുമാറ്റം ചോദ്യം ചെയ്ത റോബട്‌സണ് മഞ്ഞക്കാർഡും കിട്ടി. ഇതോടെ ലിവർപൂൾ ആരാധകർ ഒന്നാകെ ഇളകി. കോൺസ്റ്റന്റൈൻ റോബട്‌സണെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പരാതികൾ വ്യാപകമായി ഉയർന്നതോടെ റഫറിമാരുടെ ഗവേർണിങ് ബോഡിയായ പി.ജി.എം.ഒ.എൽ കോൺസ്റ്റന്റൈനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.