''മെസിക്കായി എല്ലാം നേരത്തേ തീരുമാനിച്ച് കഴിഞ്ഞിരുന്നു''; വിവാദത്തിന് തിരികൊളുത്തി ലൂയി വാൻഗാൽ
|16 മഞ്ഞക്കാര്‍ഡുകള്‍ പിറന്ന അര്‍ജന്‍റീന നെതര്‍ലാന്‍റ്സ് ക്വാര്‍ട്ടര്‍ മത്സരം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു
ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു അർജന്റീന നെതർലാന്റ്‌സ് ക്വാർട്ടർ മത്സരം. ഏകപക്ഷീയമായി പോവുമായിരുന്ന മത്സരത്തെ 78ാം മിനിറ്റിൽ നടത്തിയൊരു സബ്‌സ്റ്റിറ്റിയൂഷനിലൂടെ നെതർലാന്റ്‌സ് കോച്ച് ലൂയി വാൻഗാൽ നാടകീയമായൊരു അന്ത്യത്തിലേക്കാണ് നയിച്ചത്.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കേ മെംഫിസ് ഡീപേക്ക് പകരം വോട്ട് വെഗോഴ്‌സ്റ്റ് എന്ന വാൻഗാലിന്റെ പടക്കുതിര മൈതാനത്തെത്തി. അത് വരെ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്ന അർജന്റീനയെ 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലും നേടിയ ഗോളുകളിലൂടെ വോട്ട് വെഗോഴ്‌സ്റ്റ് ഞെട്ടിച്ച് കളഞ്ഞു. പിന്നീട് എമി മാർട്ടിനസിന്റെ കരുത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം പിടിച്ച് വാങ്ങിയത്. സംഘര്‍ഷ നിമിഷങ്ങള്‍ കൊണ്ട് ഏറെ വിവാദമായ മത്സരത്തിൽ ആകെ 16 മഞ്ഞക്കാർഡുകളാണ് റഫറി ഉയര്‍ത്തിയത്.
ഇപ്പോഴിതാ ഈ മത്സരവുമായി ബന്ധപ്പെട്ട് വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് നെതർലാന്റ് കോച്ച് വാൻഗാൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയെ റഫറിമാർ ഏറെ സഹായിച്ചിട്ടുണ്ടെന്നും നെതർലാന്റ്‌സ് അർജന്റീന മത്സരം അതിന് ഏറ്റവും വലിയ തെളിവാണെന്നും വാൻഗാൽ പറഞ്ഞു.
''ഞങ്ങൾ എങ്ങനെയാണ് ഗോൾ നേടിയതെന്നും അർജന്റീന താരങ്ങൾ എങ്ങനെയാണ് ഗോൾ നേടിയതെന്നും നിങ്ങൾ കണ്ടതാണ്. അർജന്റൈൻ താരങ്ങൾ മത്സരത്തിൽ ഏറെ പരിധി വിടുന്നുണ്ടായിരുന്നു. പക്ഷെ അവരെ റഫറി കണ്ടില്ലെന്ന് നടിച്ചു. അത് കൊണ്ടാണ് ഞാൻ പറയുന്നത് ഇത് മുൻകൂട്ടി എഴുതപ്പെട്ട തിരക്കഥയാണ്. മെസ്സിയെ ലോകകപ്പ് വിജയിപ്പിക്കാനായി എഴുതിയ തിരക്കഥ''- വാന്‍ഗാല്‍ പറഞ്ഞു.
സെമിയില്‍ ക്രൊയേഷ്യയേയും ഫൈനലില്‍ ഫ്രാന്‍സിനേയും തകര്‍ത്താണ് മെസ്സിപ്പട ഖത്തര്‍ ലോകകപ്പില്‍ മുത്തമിട്ടത്.