Sports
LSG,PBKS, IPL 2023,batting record, punjab,lucknow
Sports

ലഖ്‌നൗ 'കില്ലര്‍' ജയന്‍റ്സ്; പഞ്ചാബിനെതിരെ ബാറ്റിങ് പൂരം

Web Desk
|
28 April 2023 4:02 PM GMT

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്‌നൗ ഇന്ന് പഞ്ചാബിനെതിരെ കുറിച്ചത്.

പഞ്ചാബിന്‍റെ ഹോം ഗ്രൌണ്ടില്‍ റണ്‍മഴ തന്നെ പെയ്യിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. ബാറ്റെടുത്തവരെല്ലാം വെടിക്കെട്ട് നടത്തിയപ്പോള്‍ പിറന്നത് ഐ.പി.എല്ലിലെ തന്നെ റെക്കോര്‍ഡ് സ്കോര്‍. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്‌നൗ ഇന്ന് പഞ്ചാബിനെതിരെ കുറിച്ചത്.

ഓപ്പണറും ക്യാപ്റ്റനുമായ രാഹുല്‍ (12) ഒഴിച്ച് ബാക്കിയെല്ലാവരും ലഖ്‌നൗവിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്തില്‍ ഏഴ് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ 54 റണ്‍സെടുത്ത് മെയേഴ്സ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് അതേ താളത്തില്‍ അവസാന ഓവര്‍ വരെ ലഖ്നൌ തുടരുകയായിരുന്നു.

മെയേഴ്സിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെയെത്തിയ ആയുഷ് ബദോണിയും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് വീണ്ടും റണ്‍റേറ്റ് ടോപ് ഗിയറിലെത്തിച്ചു. ബദോണി 24 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനിസ് 40 പന്തില്‍ അഞ്ച് സിക്സറും ആറ് ബൌണ്ടറിയുമുള്‍പ്പെടെ 72 റണ്‍സെടുത്താണ് മടങ്ങിയത്.

അഞ്ചാം നമ്പരിലെത്തിയ പൂരനും പഞ്ചാബില്‍ ബാറ്റിങ് പൂരം തന്നെ നടത്തി. 19 പന്തില്‍ ഏഴ് ബൌണ്ടറിയും ഒരു സിക്സറുമുള്‍‌പ്പെടെ പൂരന്‍ 45 റണ്‍സെടുത്തു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ലഖ്‌നൗ ഇന്ന് പഞ്ചാബില്‍ അടിച്ചുകൂട്ടിയത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുനെ വാരിയേഴ്സിനെതിരെ നേടിയ 263ന് അഞ്ച് ആണ് പട്ടികയില്‍ ഒന്നാമത്.


Similar Posts