ഫിഗോയുടെ ചതി; റയലില്‍ പെരസ് യുഗത്തിന്‍റെ തുടക്കം
|റയലിൽ പെരസ് യുഗമെന്നാൽ ഗലാറ്റിക്കോ യുഗം എന്നാണ്. ഫിഗോയെ ടീമിലെത്തിച്ചതിന് പിറകേ ഫുട്‌ബോൾ ചരിത്രം കണ്ട നിരവധി ഇതിഹാസങ്ങളെ അയാൾ ബെർണബ്യൂവിലെത്തിച്ചു. സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാൾഡോ നസാരിയോയും റൗളും ഫിഗോയുമൊക്കെ ഒരുമിച്ച് പന്ത് തട്ടുന്നൊരു ടീം. ഫുട്‌ബോൾ ലോകത്തൊരു ഡ്രീം ഇലവൻ മാഡ്രിഡ് നഗരത്തിൽ ഉയിരെടുക്കുകയായിരുന്നു
വർഷം 2000 ഒക്ടോബർ 21. ക്യാമ്പ് നൗ ഗാലറിയിൽ അന്ന് സൂചി കുത്താൻ പോലും ഇടമുണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് വരെ കറ്റാലന്മാരുടെ ചുവപ്പും നീലയും നിറമുള്ള ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിരുന്ന പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ അന്ന് ലോസ് ബ്ലാങ്കോസിന്റെ വെള്ളക്കുപ്പായത്തിൽ ബാഴ്‌സക്കെതിരെ പന്ത് തട്ടാനിറങ്ങുകയാണ്. 'ചതിയന്‍ ഫിഗോ.. നിന്‍റെ നരകത്തിലേക്ക് സ്വാഗതം.' ഫിഗോക്കെതിരായ അസഭ്യവർഷങ്ങൾ കൊണ്ട് നിറഞ്ഞ ഗാലറിയിലെ ബാനറുകളിൽ ഒന്നിൽ ഇങ്ങനെയെഴുതി വച്ചിട്ടുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ അന്ന് ക്യാമ്പ് നൗ ഫിഗോക്ക് ഒരു നരകമായാണ് അനുഭവപ്പെട്ടത്. ഫുട്‌ബോൾ ചരിത്രത്തെ പിടിച്ചു കുലുക്കിയൊരു ട്രാൻസ്ഫറിന്റെ കഥയാണിത്. റയൽ മാഡ്രിഡിൽ ഫ്ലോറന്‍റീനോ പെരസ് യുഗത്തിന് നാന്ദി കുറിക്കപ്പെട്ട ആ വിശ്വവിഖ്യാതമായ ട്രാൻസ്ഫർ.
റയലില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോസ് ബ്ലാങ്കോസിന്റെ തലപ്പത്ത് ഒരു തലമുറ മാറ്റത്തിന്‍റെ കാഹളം മുഴങ്ങി. ക്ലബ്ബ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. മൂന്ന് വർഷത്തിനിടെ ബെർണബ്യൂ ഷെൽഫിലേക്ക് രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എത്തിച്ച ലോറൻസോ സാൻസും സ്‌പെയിനിലെ ബിസിനസ് ടൈക്കൂണുകളിൽ ഒരാളായ ഫ്ലോറണ്ടീനോ പെരസും തമ്മിലാണ് മത്സരം. ചുരുങ്ങിയ കാലം കൊണ്ട് ക്ലബ്ബിനെ നിരവധി നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ലോറൻസോക്ക് പെരസ് ഒത്തയൊരെതിരാളി പോലുമായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പേ ലോറൻസോയുടെ വിജയം ക്ലബ്ബ് മെമ്പർമാരും മാധ്യപ്രവർത്തകരുമൊക്കെ ഒരേ സ്വരത്തിൽപ്രവചിച്ചു. റയലിന്റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട് എന്നതൊഴിച്ച് നിർത്തിയാൽ ഫ്ലോറന്‍റീനോ പെരസ് എന്ന പേര് ഫുട്‌ബോൾ ലോകത്ത് അന്നാരും അധികം കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല.
ലോറൻസിനെ പോലൊരു അതികായനെ തോൽപ്പിക്കാൻ പെരസിന് മുന്നിൽ ഒരേ ഒരു വഴിയേ അന്നുണ്ടായിരുന്നുള്ളൂ. ആരാധകർ സ്വപനം എന്ന് കരുതിയിരുന്ന എന്തെങ്കിലും ഒന്ന് യാഥാർഥ്യമാക്കുക. റയൽ മാഡ്രിഡിന്റെ ബദ്ധ വൈരികളായ ബാഴ്‌സലോണ പോർച്ചുഗീസ് ഇതിഹാസം ലൂയീസ് ഫിഗോയുടെ ചിറകിൽ അതിശയക്കുതിപ്പ് നടത്തുന്ന കാലമാണത്. ബാഴ്‌സ ആരാധകർക്ക് ഫിഗോ അന്നൊരു വികാരമായിരുന്നു. കറ്റാലന്മാരുടെ ചരിത്രം കണ്ട എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിൽ അവർ ഫിഗോയുടെ പേരും എണ്ണിത്തുടങ്ങി. റയലിൽ പ്രസിഡൻഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ കാലത്താണ് ബാഴ്‌സയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ജൊവാൻ ഗാസ്പാർട്ടായിരുന്നു ആരാധകരുടെ ഹോട്ട് ഫേവറേറ്റ്.
ഫിഗോക്കായുള്ള ആദ്യ നീക്കം
മാഡ്രിഡിൽ തെരഞ്ഞെടുപ്പിന് ഇനി നാലാഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർഥികളുടെ ക്യാമ്പയിനുകൾ തകൃതിയായി നടക്കുന്നു. അങ്ങനയിരിക്കേ ഒരു ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് താരവും ലൂയിസ് ഫിഗോയുടെ അടുത്ത സുഹൃത്തുമായിരുന്ന പോളോ ഫുറ്റ്‌റെയുടെ ഫോൺ ശബ്ദിച്ചു. അപ്പുറത്ത് ഫ്ലോറന്‍റീനോ പെരസാണ്. 'പോളോ താങ്കളെ ഉടൻ ഒന്നു കാണണം'. പെരസിനെ കുറിച്ച് നാളതു വരെ കേട്ടിട്ടു പോലുമില്ലാത്ത പോളോ ആ ഫോൺകോളിന് ശേഷം അയാളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചു. മാഡ്രിഡ് നഗരത്തിലെ ബിസിനസ് ടൈക്കൂണുകളിൽ ഒരാൾക്ക് തന്നെയിപ്പോൾ കാണേണ്ട ആവശ്യമെന്താണ്? അയാളേറെ നേരം ആലോചിച്ചു. ഒടുവിൽ പെരസുമായുള്ള കൂടിക്കാഴ്ചക്ക് പോവാൻ തന്നെ തീരുമാനിച്ചു. പെരസ് പോളോക്ക് മുന്നിൽ തന്നെ പ്ലാൻ അവതരിപ്പിച്ചു. 'ലൂയീസ് ഫിഗോയെ ബെർണബ്യൂവിലെത്തിക്കണം'.
പെരസിന് ഭ്രാന്താണെന്നാണ് പോളോക്ക് അപ്പോൾ തോന്നിയത്. 60 മില്യൺ പൗണ്ട് റിലീസ് ക്ലോസുള്ളൊരു താരത്തെ അക്കാലത്ത് പെട്ടെന്ന് റാഞ്ചിക്കൊണ്ടു പോവൽ അസാധ്യമായിരുന്നു. ബാഴ്‌സയുടെ ബദ്ധവൈരികളായി റയലിന്റെ തട്ടകത്തിലേക്കാവുമ്പോൾ പ്രത്യേകിച്ച്. തന്നെക്കൊണ്ടതിന് കഴിയില്ലെന്ന് പോളോ പെരസിനോട് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ഫ്ലോറന്‍റീനോ വിടാനൊരുക്കമായിരുന്നില്ല. അങ്ങനെയൊരു ട്രാൻസ്ഫർ സംഭവിച്ചാൽ പോളോക്ക് ഭീമമായൊരു കമ്മീഷൻ തുക നൽകാമെന്ന് പെരസ് വാഗ്ദാനം നൽകി. ഒടുക്കം പോളോ ആ ഓപ്പറേഷന് തുടക്കം കുറിച്ചു. യൂറോ കപ്പിനായി പോർച്ചുഗീസ് ടീമിനൊപ്പം നെതർലാന്റ്‌സിലായിരുന്നു ഫിഗോ അപ്പോൾ.
ഫിഗോയുടെ ഏജന്റ് ജോസേ വീഗയെ പോളോ ഫാണിൽ ബന്ധപ്പെട്ടു. പെരസുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും പെരസ് വാഗ്ദാനം ചെയ്യുന്ന ഭീമൻ തുകയെ കുറിച്ചും വീഗയെ ധരിപ്പിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും വീഗ ഇക്കാര്യത്തെ കുറിച്ച് ഫിഗോയോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. ആറ് മില്യൺ യൂറോയാണ് വീഗക്ക് കമ്മീഷനായി പെരസ് അന്ന് വാഗ്ദാനം ചെയ്തത്. നെതർലാന്റ്‌സിലേക്ക് അന്ന് തന്നെ വിമാനം കയറിയ വീഗ ഫിഗോയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഫിഗോ താൻ ബാഴ്‌സ വിടാനൊരുക്കമല്ലെന്ന് തന്റെ ഏജന്റിനെ അറിയിച്ചു. താൻ ബാഴ്‌സ ആരാധകർക്ക് എത്ര മേൽ പ്രിയപ്പെട്ടവനാണെന്ന് അയാൾക്ക് ഉറച്ച് ബോധ്യമുണ്ടായിരുന്നു. എന്നാൽ ഫിഗോക്ക് പെരസ് അന്ന് വാഗ്ദാനം ചെയ്ത തുക അക്ഷരാർത്ഥത്തിൽ മോഹിപ്പിക്കുന്നതായിരുന്നു. ബാഴ്‌സയിൽ അപ്പോൾ ഫിഗോക്ക് ലഭിച്ച് കൊണ്ടിരുന്ന പ്രതിഫലത്തിന്റെ നാലിരട്ടിയായിരുന്നു പെരസിന്റെ ഓഫർ.
വീഗ ഫിഗോ വിസമ്മതം അറിയിച്ച കാര്യം പെരസിനെ അറിയിച്ചു. എന്നാലയാൾ തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ തയ്യാറായിരുന്നില്ല. വീഗ ഫിഗോയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ ഫിഗോ ബാഴ്‌സ പ്രസിഡന്റ് ഗാസ്‌പോർട്ടുമായി ഇക്കാര്യം സംസാരിക്കാൻ തീരുമാനിച്ചു. ജോസേ വിഗ ഗാസ്പാർട്ടിനെ ഫോണിൽ വിളിച്ചു. 'ഗാസ്പാർട്ട് ഞങ്ങൾക്ക് തട്ടിയകറ്റാൻ കഴിയാത്തൊരു വമ്പൻ ഓഫർ വന്നിട്ടുണ്ട്. ബാഴ്‌സയിൽ ഇപ്പോൾ കിട്ടുന്ന പ്രതിഫലത്തേക്കാൾ നാലിരട്ടി കൂടുതലാണത്. ഇക്കാര്യത്തിൽ നിങ്ങൾ ഒരാലോചന നടത്തണം'
എന്നാൽ ഗാസ്‌പാർട്ട് നിരാശാചനകമായൊരു മറുപടിയാണന്ന് അന്ന് നൽകിയത്. പ്രതിഫലം വർധിപ്പിക്കാൻ താനൊരുക്കമല്ലെന്ന് പോർച്ചുഗീസ് താരത്തോട് അയാൾ ഉറപ്പിച്ച് പറഞ്ഞു. ഫിഗോയുടെ റിലീസ് ക്ലോസ് ഒരു ഭീമമായ തുകയാണ് എന്നിരിക്കേ അയാളെ വാങ്ങാൻ ഒരു ക്ലബ്ബും തയ്യാറാവില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അയാൾ. അതിനിടെ ഫിഗോയെ പെരസ് നോട്ടമിടുന്നുണ്ടെന്ന വാർത്ത സ്പാനിഷ് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടി. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഫിഗോയെ ക്യാമ്പ് നൗവിൽ നിന്ന് ബെർണബ്യൂവിലെത്തിക്കാനുള്ള പെരസിന്റെ പദ്ധതി ഫുട്‌ബോൾ ലോകത്തെ ചൂടേറിയ വാർത്തകളിൽ ഒന്നായി. മാധ്യമ പ്രവർത്തകർ ഇതിനെ കുറിച്ച് ചോദിച്ചപ്പോഴൊന്നും പെരസ് അക്കാര്യം നിഷേധിച്ചില്ല. അതെ സമയം ഫിഗോയാവട്ടെ തന്റെ ട്രാൻസ്ഫർ വാർത്തകളെ നിഷേധിച്ച് രംഗത്തെത്തി. താൻ ബാഴ്‌സ വിട്ട് എങ്ങും പോവില്ലെന്ന് അയാൾ ആരാധകർക്ക് ഉറപ്പ് നൽകി.
പെരസിന്‍റെ വിജയം
ഫിഗോയെ ചുറ്റിപ്പറ്റി ഉയർന്ന വാർത്ത ക്ഷീണമുണ്ടാക്കിയത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ പെരസിന്‍റെ എതിരാളിയായ ലോറൻസോ സാൻസിനാണ്. ഫിഗോ ഒരിക്കലും ബെർണബ്യൂവിലെത്താൻ പോവുന്നില്ലെന്നയാൾ മാധ്യമങ്ങളോട് പലവുരു ആവർത്തിച്ചു. റയൽ ഇതിഹാസം റൗളിനെ ബാഴ്‌സ റാഞ്ചുമെന്ന് പറയുന്നതിന് തുല്യമാണതെന്നും പെരസിനെ കൊണ്ട് അതിന് സാധിക്കില്ലെന്നും അയാൾ ഉറപ്പിച്ച് പറഞ്ഞു. എന്നാൽ പെരസ് അണിയറയിൽ തന്റെ നീക്കങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.
ഫിഗോ സമ്മർദത്തിന്റെ പരകോടിയിലായിരുന്നു. എന്ത് തീരുമെനമെടുക്കണമെന്നയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. പെപ് ഗാർഡിയോളയടക്കം ബാഴ്‌സയിൽ അയാളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളൊക്കെ അങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് എത്തരുതെന്നും അതിന്റെ പരിണിത ഫലം ഭീകരമായിരിക്കുമെന്നും അയാളെ ഉണർത്തിക്കൊണ്ടിരുന്നു.
അതേ സമയം റയലിൽ തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആദ്യമായൊരിക്കൽ പെരസ് തന്റെ ഓപ്പറേഷനെ കുറിച്ച് മാാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. 'പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പില്‍ ഞാൻ ജയിച്ചാൽ ലൂയീസ് ഫിഗോ ലോസ് ബ്ലാങ്കോസിന്റെ വെള്ളക്കുപ്പായത്തിൽ ബെർണബ്യൂവിലുണ്ടാവും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മുഴുവൻ ക്ലബ്ബ് മെമ്പർമാരുടെയും ഒരുവർഷത്തെ മെമ്പർഷിപ്പ് ഫീസ് ഞാൻ നൽകും. റയല്‍ ആരാധകരുടെ സീസണ്‍ ടിക്കറ്റ് തുക മുഴുവന്‍ ഞാനടക്കും. ഇതെന്റെ ഉറപ്പാണ്' അതൊരു വെറും പ്രഖ്യാപനമായിരുന്നില്ലെന്ന് ആരാധകർ പിന്നീടാണ് മനസ്സിലാക്കിയത്. തെരഞ്ഞെടുപ്പ് ദിനമെത്തി. എല്ലാവരേയും ഞെട്ടിച്ച് ലോറൻസോ സാൻസിനെ പരാജയപ്പെടുത്തി പെരസ് വിജയം കുറിച്ചു. ആരാധകർക്ക് ഇനിയറിയേണ്ടത് ഫിഗോ മാഡ്രിഡിൽ എപ്പോൾ വിമാനമിറങ്ങും എന്ന് മാത്രമാണ്?
ഫിഗോ ബെര്‍ണബ്യൂവിലേക്ക്
പെരസിന്റെ വിജയവാർത്ത ഫിഗോയെ തേടിയെത്തി. ജോസെ വീഗ കൂടുമാറ്റത്തെക്കുറിച്ച ചർച്ചകൾ സജീവമാക്കി. എന്നാൽ താൻ റയലിലേക്കില്ലെന്ന് ഫിഗോ അപ്പോഴും ഉറപ്പിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു. ജോസ് വീഗയും പെരസും തമ്മിൽ ഒപ്പു വച്ചൊരു പ്രീ കോൺട്രാക്ട് അവർക്കിടയിൽ നിലനിൽക്കുന്നുണ്ടായിരുന്നു. അത് പ്രകാരം ഫിഗോ റയലിലേക്ക് കൂടുമാറിയില്ലെങ്കിൽ 30 മില്യൺ യൂറോ പെരസിന് നഷ്ടപരിഹാരമായി നൽകേണ്ടി വരും. അതൊരു വലിയ തുകയായിരുന്നു. ഇതിനിടെ ബാഴ്‌സയുടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വീണ്ടുമൊരിക്കൽ കൂടി ഗാസ്പാർട്ട് വെന്നിക്കൊടി പാറിച്ചു.
അങ്ങിനെയിരിക്കേ ഗാസ്പാർട്ടിനെ തേടി ഒരു കോളെത്തി. അപ്പുറത്ത് ഫിഗോയാണ്. ഗാസ്പാർട്ട് ഞാൻ ഇപ്പോൾ ലിസ്ബണിലാണുള്ളത്. എന്റെ കയ്യിൽ രണ്ട് ടിക്കറ്റുകളുണ്ട്. ഒന്ന് ബാഴ്‌സയിലേക്ക്. മറ്റൊന്ന് മാഡ്രിഡിലേക്ക്. ഇനി തീരുമാനം പറയേണ്ടത് നിങ്ങളാണ്. ഫിഗോ ചോദിക്കുന്ന ഭീമമായ തുക നൽകാൻ ഗാസ്പാർട്ട് ഒരുക്കമായിരുന്നില്ല. നിങ്ങളുടെ മനസ് പറയുന്നത് ചെയ്യാം. ഗാസ്പാർട്ട് ഫിഗോയോട് പറഞ്ഞു. ഒടുവിൽ ഫുട്‌ബോൾ ലോകം അസാധ്യമെന്ന് കരുതിയ ആ ട്രാൻസ്ഫർ സംഭവിച്ചു. ലൂയീസ് ഫിഗോ മാഡ്രിഡിൽ വിമാനമിറങ്ങി. ഫ്‌ലോറന്റീനോ പെരസ് റയൽ ആരാധകർക്ക് നൽകിയ വാക്ക് പാലിച്ചു. ആൽഫ്രഡോ ഡിസ്റ്റഫാനോ ഫിഗോയെ ബെർണബ്യൂവിലേക്ക് ആനയിച്ചു.
കിലോമീറ്ററുകളകലെ ബാഴ്‌സലോണ നഗരത്തിലപ്പോൾ ഫിഗോക്കെതിരായ വലിയ പ്രതിഷേധങ്ങളരങ്ങേറുകയായിരുന്നു. പണത്തിന് വേണ്ടി തങ്ങളെ ഒറ്റു കൊടുത്ത യൂദാസാണയാൾ എന്ന് ആരാധകർ ചുവരുകളിലെഴുതിയിട്ടു.
ബാഴ്സാ ആരാധകരുടെ പ്രതിഷേധം
മൂന്ന് മാസങ്ങൾക്കിപ്പുറം ലോസ് ബ്ലാങ്കോസിന്റെ ജഴ്‌സിയണിഞ്ഞ് ക്യാമ്പ് നൗവിൽ കളിക്കാനിറങ്ങുമ്പോൾ അസഭ്യവർഷങ്ങൾ കൊണ്ട് നിറഞ്ഞൊരു ഗാലറിയാണ് ഫിഗോയെ കാത്തിരുന്നത്. ഗാലറിയിൽ ചതിയനെന്നെഴുതിയ നൂറു കണക്കിന് ബാനറുകൾ തൂങ്ങിക്കിടന്നു. ഫിഗോ കോർണർ കിക്കെടുക്കാനായി ഫ്‌ലാഗിനടുത്തേക്ക് നടന്നെത്തിയപ്പോൾ വൈൻ കുപ്പികളും പന്നിത്തലകളും ആരാധകർ അയാൾക്കു നേരെ വലിച്ചെറിഞ്ഞു. ആ മത്സരം പെട്ടെന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് തങ്ങൾക്ക് തോന്നിയതായി റയൽ ഇതിഹാസം
റോബർട്ടോ കാർലോസ് പിന്നീടൊരിക്കൽ മനസ്സ് തുറക്കുന്നുണ്ട്. അന്ന് ക്യാമ്പ് നൗവിൽ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ പരാജയപ്പെട്ടെങ്കിലും അവിടുന്നങ്ങോട്ട് ലോസ് ബ്ലാങ്കോസിന്റെ സുവർണകാലം ആരംഭിക്കുകയായിരുന്നു.
ഗലാറ്റിക്കോ യുഗത്തിന് തുടക്കം
റയലിലത്തിയ അതേ വർഷം ഫിഗോയുടെ ചിറകിലേറി പെരസിന്റെ കളിക്കൂട്ടം ലാലീഗകിരീടത്തിൽ മുത്തമിട്ടു. അതേ വർഷം ബാലൻദ്യോർ പുരസ്‌കാരം ഫിഗോയെ തേടിയെത്തി. തൊട്ടടുത്ത വർഷം ലോസ് ബ്ലാങ്കോസ് ചാമ്പ്യൻസ് ലീഗ് കിരീടം ബെർണബ്യൂവിലെത്തിച്ചു.
റയലിൽ പെരസ് യുഗമെന്നാൽ ഗലാറ്റിക്കോ യുഗം കൂടിയാണ്. ഫിഗോയെ ടീമിലെത്തിച്ചതിന് പിറകേ ഫുട്‌ബോൾ ചരിത്രം കണ്ട നിരവധി ഇതിഹാസങ്ങളെ അയാൾ ബെർണബ്യൂവിലെത്തിച്ചു. സിനദിൻ സിദാനും ഡേവിഡ് ബെക്കാമും റൊണാൾഡ നസാരിയോയും റൗളും ഫിഗോയുമൊക്കെ ഒരുമിച്ച് പന്ത് തട്ടുന്നൊരു ടീം. ഫുട്‌ബോൾ ലോകത്തൊരു ഡ്രീം ഇലവൻ മാഡ്രിഡ് നഗരത്തിൽ ഉയിരെടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ കിലിയൻ എംബാപ്പെ വരെയുള്ള വൻതോക്കുകളെ ബെർണബ്യൂവിലെത്തിച്ച് ഫ്ലോറന്‍റീനോ പെരസ് എന്ന മാഡ്രിഡിസ്റ്റകളുടെ പ്രിയപ്പെട്ട പ്രസിഡന്റ് അയാളുടെ ഫുട്‌ബോൾ സഞ്ചാരങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു