അധീർ രഞ്ജൻ ചൗധരിയെ ബൗൾഡാക്കിയ യൂസുഫ് പത്താന് മാജിക്
|രാഷ്ട്രീയത്തിന്റെ അടിതടവുകളെല്ലാമറിയുന്ന ചൗധരിക്കെതിരെ അപ്രതീക്ഷിത രാഷ്ട്രീയക്കാരനായ യൂസഫ് പത്താൻ എത്തിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയായിരുന്നു
ഗുജറാത്തിലെ ബറോഡക്കാരനായ യൂസഫ് പത്താൻ ബംഗാളിൽ എന്തുചെയ്യാനാണ്? അതും ഏത് വിരുദ്ധ തരംഗത്തിലും മണ്ഡലം കൈപ്പത്തിയിൽ തന്നെ ഉറപ്പിച്ചുനിർത്തുന്ന കോൺഗസിന്റെ അതികായനായ അധീർ രഞ്ജൻ ചൗധരിയുടെ സ്വന്തം ബെഹ്റാംപൂരിൽ?. രാഷ്ട്രീയത്തിന്റെ അടിതടവുകളെല്ലാമറിയുന്ന ചൗധരിക്കെതിരെ അപ്രതീക്ഷിത രാഷ്ട്രീയക്കാരനായ യൂസഫ് പത്താൻ എത്തിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ടായിരുന്നു.
പക്ഷേ വംഗനാട്ടിൽ തൃണമൂൽ കോൺഗ്രസ് ഒരിക്കൽകൂടി വെന്നിക്കൊടി പാറിച്ചപ്പോൾ അതിൽ ഏറ്റവും തിളക്കത്തോടെ നിന്നൊരാൾ യൂസുഫ് പത്താനാണ്. അപ്രതീക്ഷിതമായി ക്രീസിലെത്തിയ യൂസഫ് പത്താൻ രാഷ്ട്രീയത്തിലും മിന്നൽപ്പിണറായി. ക്രിക്കറ്റിലും അയാൾ അങ്ങനെത്തന്നെയായിരുന്നു. ഗുജറാത്തിലെ വഡോദരക്കാരൻ. പള്ളിയിലെ ജോലിക്കാരനായ മഹ്മൂദ് ഖാന്റെ മകൻ. സഹോദരൻ ഇർഫാനും കൂട്ടുകാർക്കുമൊപ്പം ഗല്ലികളിലും പള്ളിമുറ്റങ്ങളിലുമാണ് കളിച്ചുതുടങ്ങിയത്. കളിഭ്രാന്ത് മൂത്തപ്പോൾ പള്ളിക്കുള്ളിലെ അടച്ചിട്ട നീണ്ട ഹാളിനെവരെ അവർ മൈതാനമാക്കി. രണ്ടുപേരുടെയും ക്രിക്കറ്റിലുള്ള മിടുക്കും പാഷനും കണ്ട അമ്മാവനാണ് ഇരുവരെയും ബറോഡ സ്പോർട്സ് ക്ലബിലെത്തിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഇരുവരും അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു. ഇർഫാൻ പത്താൻ ഇന്ത്യൻ ടീമിലെ രണ്ടാം കപിൽദേവായി വളർന്നുതുടങ്ങിയ നേരത്തും യൂസഫ് ദേശീയ ടീമിന്റെ വിളികാത്തിരിക്കുകയായിരുന്നു. എന്നാൽ 2007 ദേവധാർ േട്രാഫിയിലെ മികച്ച പ്രകടനങ്ങളോട് സെലക്ടർമാർക്ക് കണ്ണടക്കാനായില്ല. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് വിളിയെത്തി. എല്ലാ മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു വിധിയെങ്കിലും ഫൈനലിൽ പരിക്ക് മൂലം വീരേന്ദർ സെവാഗ് പുറത്തിരുന്നതോടെ അവസരം ലഭിച്ചു. പാകിസ്താനെതിരെ ലോകകപ്പ് ഫൈനലിൽ അരങ്ങേറ്റമെന്ന സ്വപ്നതുല്യമായ തുടക്കമായിരുന്നു യൂസഫിന് കിട്ടിയത്.
എന്നാൽ യൂസഫ് പത്താൻ ഒരു ബ്രാൻഡായിമാറുന്നത് 2008 ലെ കന്നി ഐപിഎൽ സീസൺ മുതലാണ്. ആദ്യ സീസണിൽ അവിശ്വസനീയമായ തേരോട്ടം നടത്തിയ ഷെയ്ൻവോണിന്റെ രാജസ്ഥാൻ റോയൽസിലെ ഏറ്റവും വിശ്വസ്ഥനായ പോരാളിയായിരുന്നു യൂസഫ്. 179 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 435 റൺസടിച്ച യൂസഫിന്റെ ബലിഷ്ഠമായ ചുമലിൽ ചവിട്ടിയാണ് രാജസ്ഥാൻ പ്രഥമ കിരീടത്തിൽ മുത്തമിട്ടത്. തുടർന്നുള്ള സീസണുകളിലും ചില മിന്നലാട്ടങ്ങൾ നടത്തി. 2010ൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് യൂസഫ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. അന്ന് വെറും 37 പന്തുകളിൽ മുംബൈക്കെതിരെ കുറിച്ച സെഞ്ച്വറി ഇന്നും ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ്.
സാങ്കേതികത്തികവിനപ്പുറം കൈക്കരുത്തിൽ ബാറ്റേന്തുന്ന യൂസഫിനെ ഇന്ത്യ അതുവരെ ദർശിച്ചിട്ടില്ലാത്ത ബാറ്റസ്മാനായായിരുന്നു പരിഗണിച്ചിരുന്നത്. പരമ്പരാഗത രൂപത്തിൽ നിന്നും അതിവേഗത്തിലേക്ക് മാറുന്ന ക്രിക്കറ്റിന്റെ മാറുന്ന മുഖങ്ങളിലൊന്നായി യൂസഫിനെക്കരുതി. ഇന്ത്യൻ ജേഴ്സിയിലും യൂസഫ് മിന്നിത്തിളങ്ങിയ മത്സരങ്ങളുണ്ട്. ന്യൂസിലൻഡിനെതിരെ 2010 ൽ നേടിയ 96 പന്തിൽ 123 റൺസ് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 115 റൺസിന് 7 വിക്കറ്റുമായി തോൽവിയിലേക്ക് നീങ്ങുന്ന ഇന്ത്യയെ അതിവേഗ ഇന്നിങ്സുകളുമായി യൂസഫും ഇർഫാനും വിജയത്തിലേക്ക് നയിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് ഇന്നും മറക്കാത്ത ഓർമയാണ്.
പക്ഷേ യൂസഫ് പത്താന്റെ ഇന്ത്യൻ ജഴ്സിയിലെ ഏറ്റവും മികച്ച പ്രകടനമായി പരിഗണിക്കുന്നത് 2011ൽ ദക്ഷിണാഫ്രിക്കത്തെിരെ കുറിച്ച സെഞ്ച്വറിയാണ്. അന്ന് 119 റൺസിന് എട്ടുവിക്കറ്റ് വീണ ഇന്ത്യയെ യൂസഫ് പത്താൻ ഒറ്റക്ക് ചുമന്നു. ഡെയ്ൽ സ്റൈയ്നും മോണെ മോർക്കലും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബൗളിങ്ങിനെ ഒറ്റക്ക് നേരിട്ട യൂസഫ് 70 പന്തിൽ 105 റൺസുമായാണ് തിരിച്ചുനടന്നത്. എന്നിട്ടും ഇന്ത്യ 33റൺസിന് പരാജയപ്പെട്ടു. അല്ലായിരുന്നുവെങ്കിൽ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിലൊന്നായി അതിനെ പരിഗണിക്കുമായിരുന്നു. ബാറ്റിങ്ങിനൊപ്പം തന്നെ ബൗളിങ്ങിലും മിടുക്കുള്ള യൂസഫിനെ ഇന്ത്യ നന്നായി ഉപയോഗപ്പെടുത്തിരുന്നു. 2011 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് അങ്ങനെയാണ്. അവസാനമായി അയാൾ 2012ലാണ് ഇന്ത്യൻ ടീമിനായി കളിച്ചത്. ഇതിനിടയിൽ 2018ൽ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബിസിസിഐയുടെ വിലക്കും നേരിട്ടു. ഒടുവിൽ പനിക്കായി കഫ് സിറപ്പ് കുടിച്ചപ്പോൾ ടെർബുറ്റാലിന്റെ അംശം ശരീരത്തിലെത്തിയതാണെന്ന യൂസഫിന്റെ വാദം ബിസിസിഐ അംഗീകരിച്ചു.
തന്റെ ഏറ്റവും വലിയ ശക്തിയായ ഹിറ്റിങ് എബിലിറ്റി യൂസഫിന് എവിടെവെച്ചോ നഷ്ടമായിത്തുടങ്ങിയിരുന്നു. 2011 ഐപിഎല്ലിൽ 9.66 കോടിയെന്ന ആ ലേലത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ തുകക്കാണ് യൂസഫിനെ കൊൽക്കത്ത വാങ്ങിയത്. പക്ഷേ നൈറ്റ് റൈഡേഴ്സിൽ യൂസഫിന് ഒരിക്കലും സ്വന്തം പ്രതിഭയോട് നീതിപുലർത്താനായില്ല. 2017ൽ കൊൽക്കത്ത റിലീസ് ചെയ്തതോടെ ഹൈദരാബാദിനൊപ്പമായിരുന്നു. 2019ൽ അവരും കൈവിട്ടു. ഒരു കാലത്ത് ഐപിഎല്ലിലെ ഫയർബ്രാൻഡായിരുന്ന യൂസഫിനെ 2020 ഐപിഎല്ലിൽ ഒരു ടീമും വാങ്ങാതിരുന്നതോടെ ആ പതനം പൂർത്തിയായി. ഒടുവിൽ 2021ൽ പ്രതീക്ഷകളെല്ലാം ഉപക്ഷേിച്ച് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വലിയ പ്രതീക്ഷകളോടെ വന്ന് ഒന്നുമല്ലാതെ മടങ്ങിയ സഹോദരന്റെ ദുരനുഭവമായിരുന്നു യൂസഫിനെയും കാത്തിരുന്നത്.