Sports
അയാം വെയ്റ്റിങ്...; ക്രിസ്റ്റ്യാനോ പരിശീലനത്തില്‍
Sports

'അയാം വെയ്റ്റിങ്...'; ക്രിസ്റ്റ്യാനോ പരിശീലനത്തില്‍

Web Desk
|
9 Jan 2023 7:37 AM GMT

ബാക്കി താരങ്ങളെല്ലാം വിശ്രമത്തിലായിരിക്കുമ്പോഴും റൊണാൾഡോ തൻറെ പരിശീലനം മുടക്കാൻ തയ്യാറായില്ല.

ക്രിസ്റ്റ്യാനോയെ പുതിയ ജഴ്സിയില്‍ മൈതാനത്തിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അവരെ നിരാശപ്പെടുത്താതെ അല്‍ നസ്റിലെത്തിയതിന് ശേഷമുള്ള ഓരോ അപ്ഡേറ്റുകളും ആരാധകരെ അറിയിക്കാന്‍ റോണോയും മത്സരിക്കുകയാണ്. ഇപ്പോഴിതാ പുതിയ ക്ലബിനായി പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ പ്രോ ലീഗിൽ 'അൽ തായ്' ക്ലബിനെതിരെ അല്‍ നസ്‍ര്‍ വിജയിച്ചിരുന്നു. ടീം വിജയം നേടിയതിന് പിന്നാലെ താരങ്ങള്‍ക്ക് പരിശീലകന്‍ ഒരു ദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ബാക്കി താരങ്ങളെല്ലാം വിശ്രമത്തിലായിരിക്കുമ്പോഴും റൊണാൾഡോ തന്‍‌റെ പരിശീലനം മുടക്കാന്‍ തയ്യാറായില്ല.

'ഒരോ വര്‍ക്കൌട്ടും അടയാളപ്പെടുത്തേണ്ടതാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു താരം പരിശീലന സെഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചത്.


ക്ലബിന്‍റെ ജിംനേഷ്യത്തിൽ പരിശീലനത്തിലേർപ്പെടുന്ന റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ അൽ നസ്ർ ക്ലബും പുറത്തുവിട്ടിട്ടുണ്ട്. സൗദിയിലെത്തിയതു മുതൽ ഫിറ്റ്നസ് റേറ്റ് നിലനിർത്തുന്നതിനായി ക്രിസ്റ്റ്യാനോ തനിച്ച് പരിശീലനം നടത്തുന്നുണ്ട്.


അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ കാമറൂൺ താരം വിൻസെന്റ് അബൂബക്കറിനെ സൗദി ക്ലബ്ബ് അൽ നസ്ർ ടീമിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അൽ നസ്‌റുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സൗദി ക്ലബ്ബ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യൂറോപ്യൻ ക്ലബ്ബിൽ നിന്നുള്ള ഓഫർ സ്വീകരിക്കുന്നതിനായി അബൂബക്കർ സ്വന്തം താൽപര്യപ്രകാരം ക്ലബ്ബ് വിട്ടതാണെന്നും ചില ഫുട്‌ബോൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

View this post on Instagram

A post shared by Cristiano Ronaldo (@cristiano)

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൻസന്റ് അബൂബക്കറുമായി ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ വിൻസന്റ് അബൂബക്കറിനെ ഹ്രസ്വകാല കരാറിൽ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ ലക്ഷ്യമിടുന്നത്.

ജനുവരി 22നാകും അൽ നസ്‌റിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റ്യാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയത്.

സൂപ്പർ താരം എത്തിയതോടെ അൽ നസ്‌റിന്‍റെ സമൂഹമാധ്യമങ്ങളിലുള്ള പിന്തുണ കുതിച്ചുയർന്നിരുന്നു. 28-12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അൽ നസ്‌റിന് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. റൊണാൾഡോ ടീമിലെത്തിയ വാർത്ത പുറത്തുവന്നതോടെ ഡിസംബർ 30ന് ഫോളോവേഴ്‌സിന്റെ എണ്ണം 2.4 മില്യനായി ഉയർന്നു. ഇപ്പോള്‍ 11 മില്യൻ ആണ് അൽ നസ്‌റിന്റെ ഫോളോവേഴ്‌സ് എണ്ണം.

Similar Posts